പ്രഭാസ് നായകനാകുന്ന ഒരു വമ്പൻ സിനിമയിൽ കമൽഹാസനും അഭിനയിക്കാനിരിക്കുകയാണ് എന്നും, തൽകാലമായി 'പ്രോജക്ട് കെ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ദീപികാ പദുകോൺ, ദിഷാ പദാനി എന്നിവരും അണിനിരക്കുന്നുണ്ടെന്നും ഉള്ള വാർത്ത നാനയിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് നൽകിയിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കുന്ന വിവരം ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഭാസ് നായകനാവുന്ന ഈ ചിത്രത്തിൽ കമൽഹാസൻ വില്ലനായാണ് എത്തുന്നത് എന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കമൽഹാസൻ ചിത്രത്തിലുണ്ടാവുമെന്ന് അറിയിച്ചതല്ലാതെ അദ്ദേഹത്തിന്റെ കഥാപാത്രത്തേക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. ഒരു വീഡിയോ മുഖേനയാണ് തങ്ങളുടെ സിനിമയിലേക്ക് കമൽഹാസനെ ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വാഗതം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളെ ഒന്നിപ്പിക്കുന്നു എന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഇന്ത്യയൊട്ടാകെ വൻ പ്രതീക്ഷ ഉണ്ടാക്കിയിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്.