തമിഴ് സിനിമയിൽ കഴിഞ്ഞ 40 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സിനിമാ നിർമ്മാണ കമ്പനിയാണ് 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ'. ഇത് നടൻ കമൽഹാസന്റെ സ്വന്ത സ്ഥാപനമാണ്. 1981-ൽ ആരംഭിച്ച ഈ കമ്പനി കൂടുതലും കമൽഹാസൻ അഭിനയിച്ച സിനിമകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇടയ്ക്കിടെ മറ്റ് അഭിനേതാക്കളുടെ സിനമകളും നിർമ്മിച്ചിട്ടുണ്ട്.
സത്യരാജ് നായകനായ 'കടമൈ കണ്ണിയം കട്ടുപ്പാട്', രേവതി, ഉർവ്വശി, രോഹിണി എന്നിവർ അഭിനയിച്ച 'മകളിർ മട്ടും', മാധവൻ നായകനായ 'നളദമയന്തി', വിക്രം നായകനായ 'കടാരം കൊണ്ടാൻ' തുടങ്ങി വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ മറ്റ് അഭിനേതാക്കളുടേതായി നിർമ്മിച്ചിട്ടുള്ളൂ.
എന്നാൽ കമൽഹാസൻ ഇപ്പോൾ തന്റെ റൂട്ട് മാറ്റി മുൻനിര താരങ്ങളെ അണിനിരത്തി തുടർന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ശിവകാർത്തികേയനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കുന്ന വാർത്ത ഈയിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'രങ്കൂൺ' എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയാണ്. ഇതിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. അടുത്തതായി സിമ്പുവിനെ നായകനാക്കി ഒരു സിനിമ ചെയ്യാനും കമൽഹാസൻ പദ്ധതിയിട്ടുണ്ട്. അതിന്റെ ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ്. വിജയിനെ നായകനാക്കിയും ഒരു ചിത്രം നിർമ്മിക്കാൻ കമൽഹാസന് പദ്ധതിയുണ്ട്. എന്നാൽ വിജയ്-യിന് മറ്റു ചില കമ്പനികളുമായി കമ്മിറ്റ്മെന്റ് ഉള്ളതിനാൽ കമൽഹാസന് ഇതുവരേക്കും 'ഓക്കേ' പറഞ്ഞിട്ടില്ല.
ഇവരെ കൂടാതെ സൂര്യ, വിജയസേതുപതി തുടങ്ങിയ താരങ്ങളെ വെച്ചും സിനിമ നിർമ്മിക്കാൻ കമൽഹാസൻ ശ്രമിച്ചു വരുന്നുണ്ട് എന്നും, കഴിവുള്ള പുതിയ സംവിധായകന്മാരെയും, പുതുമുഖ നടീ നടന്മാരെയും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ തുടർന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ കമൽഹാസൻ തീരുമാനിച്ചിട്ടുണ്ടത്രേ! ഇതിനായി കമൽഹാസൻ തന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ കമ്പനിയെ നവീകരിച്ചു വരികയാണ് എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇത് സംബന്ധമായ ഔദ്യോഗികപ്രഖ്യാപനങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന.