NEWS

കമൽഹാസൻ - മണിരത്നം ചിത്രം 'തഗ് ലൈഫ്' ടൈറ്റിൽ പുറത്ത് വിട്ടതിന് പിന്നാലെ സജീവമാകുന്ന ചില ചർച്ചകൾ

News

കഴിഞ്ഞ ദിവസം ഉലകനായകൻ കമൽഹാസന്റെ ജന്മദിനമായിരുന്നു. ഇതിനോടനുബന്ധിച്ചു  ചെന്നൈയിലുള്ള ലീലാ പാലസ് പഞ്ചനക്ഷത്ര ഹോട്ടലിൽ കമലഹാസൻ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും പിന്നീട് അവർക്ക് വിഭവ സമൃദ്ധമായ തരത്തിൽ  ഉച്ച ഭക്ഷണം നൽകുകയും ചെയ്തു. വൈകുന്നേരം 5 മണിക്ക് കമൽഹാസൻ നായകനാകുന്ന മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടക്കുകയുണ്ടായി. 'തഗ് ലൈഫ്' എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ നിന്നും ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന. ചിത്രത്തിൽ രംഗരായ ശക്തിവേല്‍ നായ്ക്കർ  എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിക്കുന്നത്. 
 

ടൈറ്റിൽ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ചിത്രം കുറിച്ച് വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു വരുന്നുണ്ട്. 'നായകൻ' എന്ന ചിത്രത്തിന് ശേഷം മുപ്പത്തിയാറ് വർഷങ്ങൾക്കു ശേഷം കമലും, മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നായകനിൽ കമൽഹാസൻ അവതരിപ്പിച്ച  കഥാപാത്രത്തിന്റെ പേര് വേലു നായ്ക്കര്‍ എന്നായിരുന്നു. 'തഗ് ലൈഫ്'-ലെ  കഥാപാത്രത്തിന്റെ പേര് രംഗരായ ശക്തിവേല്‍ നായ്ക്കരുമാണ്.  അതിനാല്‍ 'നായകൻ' ചിത്രവുമായി ഈ ചിത്രത്തിന് വല്ല ബന്ധമുണ്ടോ എന്ന തരത്തില്‍ ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. അതേ സമയം  ജപ്പാനീസ് മാർഷ്യൽ ആർട്സാണ് പ്രമോ വീഡിയോയില്‍ വരുന്നത്. അതിനാൽ ചിത്രത്തിൽ ജപ്പാനീസ് കണക്ഷനും ഉണ്ടായിരിക്കും എന്നും ഒരു സംസാരമുണ്ട്.   അതിനാല്‍ മുൻപ് കമൽഹാസൻ പ്രഖ്യാപിച്ച് പിന്നീട് ഉപേക്ഷിച്ച '19ത്ത് സ്റ്റെപ്പു'മായി ഇതിന് ബന്ധമുണ്ടോ എന്നുള്ള തരത്തിലുള്ള ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
 എങ്ങിനെയായാലും കമൽഹാസൻ, മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ബ്രമ്മാണ്ട ചിത്രം പ്രേക്ഷകർക്ക് ഒരു വ്യത്യസ്തമായ അനുഭവം തരുന്നതായിരിക്കും എന്ന് പ്രതീക്ഷിക്കാം! അതിന് പിന്തുണയായി മലയാളത്തിൽ നിന്നും ദുൽകർ സൽമാനും, തമിഴിലെ ജയം രവിയും, തൃഷയും ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിവരവും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങളുടെ വിവരങ്ങളുടെ പ്രഖ്യാപനവും അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News