കമൽഹാസൻ താൻ നിർമ്മിക്കുന്നതായി പ്രഖ്യാപിച്ച് പിന്നീട് ഉപേക്ഷിച്ച സിനിമകളുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ ഒരുപാട് സിനിമകൾ ഉണ്ടായിരിക്കും. അതനുസരിച്ചു ഈയിടെ കമൽഹാസൻ തന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനർ മുഖേന നിർമ്മിക്കാനിരുന്ന ഒരു ചിത്രമായിരുന്നു എച്ച്.വിനോദ് സംവിധാനത്തിൽ കമൽഹാസൻ അഭിനയിക്കാനിരുന്ന അദ്ദേഹത്തിന്റെ 233-മത്തെ ചിത്രം. ഇതിൽ നിന്നും കമൽഹാസൻ പിന്മാറിയതിനാൽ എച്ച്.വിനോദ് ഇപ്പോൾ വേറെ ഹീറോയെ നായകനാക്കി ചിത്രം ചെയ്യാൻ ഒരുങ്ങി വരികയാണ്. ഇതല്ലാതെ വിഘ്നേഷ് ശിവൻ സംവിധാനത്തിൽ കമൽഹാസൻ ഒരു ചിത്രം നിമ്മിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരികയും, പിന്നീട് അത് ഉപേക്ഷിച്ചതായും വാർത്തകൾ വന്നിരുന്നു. അതിന് ശേഷമാണ് വിഘ്‌നേഷ് ശിവൻ മറ്റൊരു നിർമ്മാതാവിനെ തേടി ചെന്നതും ഇപ്പോൾ ആ സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നതും. അതുപോലെ സിമ്പുവിനെ നായകനാക്കി കമൽഹാസൻ ഒരു സിനിമ നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രം സംവിധാനം ചെയ്ത ദേശിങ്കു പെരിയസാമി സംവിധാനം ചെയ്യുന്ന സിമ്പുവിൻ്റെ 48-മത്തെ ചിത്രമായിരുന്നു അത്. ഈ ചിത്രത്തിൻ്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഈ സാചര്യത്തിലാണ് സിനിമയുടെ നിർമ്മാണത്തിൽ നിന്നും കമൽഹാസൻ പിന്മാറിയെന്നുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് സിനിമ നിർമ്മിക്കാനുള്ള ബഡ്ജറ്റ് വളരെ അധികമാണത്രെ! തിയേറ്റർ റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഒടിടി റൈറ്റ്‌സ് തുടങ്ങി മൊത്തം വരുമാനം കൂടി ഉൾപ്പെടുത്തിയാൽ പോലും, സംവിധായകനായ ദേശിങ്കു പെരിയസാമി നൽകിയിരിക്കുന്ന ബഡ്ജറ്റിൽ പകുതിയോളമേ വരികയുള്ളൂവത്രേ! അതിനാൽ സിമ്പു അഭിനയിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ഇത്രയും തുക മുടക്കുന്നത് വളരെ റിസ്‌ക്കാണ് എന്ന കാരണം കൊണ്ടാണത്രേ ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും കമൽഹാസൻ പിന്മാറിയിരിക്കുന്നത്. ഈ വാർത്തകൾ സിമ്പുവിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.