അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന 'വേട്ടൈയ്യൻ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് 'കൂലി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 35 വർഷത്തിന് ശേഷം സത്യരാജ് രജനികാന്തിനൊപ്പം അഭിനയിക്കുന്ന ഈ സിനിമയിൽ നടി ശോഭനയും ഏറെ നാളുകൾക്ക് ശേഷം രജനികാന്തിനൊപ്പം എത്തുകയാണ് എന്നുള്ള സവിശേഷതയും ഉണ്ട്. കമൽഹാസന്റെ മകൾ ശ്രുതിഹാസ്സനും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ കന്നഡ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഉപേന്ദ്രയും ജോയിൻ ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നിർമ്മാണ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അദ്ദേഹം രജിനിക്കൊപ്പം അഭിനയിക്കുന്ന രംഗങ്ങൾ ഇപ്പോൾ ചിത്രീകരിച്ചു വരികയാണ്. കന്നഡയിലെ ജനപ്രിയ സംവിധായാകാനും, നടനുമായ ഉപേന്ദ്ര, 2008-ൽ തമിഴിൽ വിശാൽ നായകനായി പുറത്തുവന്ന 'സത്യം' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിനെ തുടർന്ന് ഏകദേശം 16 വർഷങ്ങൾക്ക് ശേഷം 'കൂലി'യിലൂടെ വീണ്ടും തമിഴ് സിനിമയിൽ പ്രവേശിച്ചിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ രജനികാന്തിന്റെ 'ജയിലർ' എന്ന ചിത്രത്തിൽ കന്നഡ സിനിമയിലെ മറ്റൊരു മുൻനിര നടനായ ശിവരാജ് കുമാർ അഭിനയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.