തമിഴിൽ 'പരിയേറും പെരുമാൾ', 'കർണ്ണൻ', 'മാമന്നൻ', 'വാഴൈ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മുൻനിര സംവിധായകനായി മാറിയ വ്യക്തിയാണ് മാരി സെൽവരാജ്. തുടർച്ചയായി ജനശ്രദ്ധ നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മാരി സെൽവരാജ് ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമ 'ബൈസൺ' ആണ്. വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ പൂർത്തിയാകാനിരിക്കുകയാണ്. ഈ സിനിമക്ക് ശേഷം ധനുഷിനെ നായകനാക്കി വമ്പൻ ബഡ്ജറ്റിൽ ഒരു ചരിത്ര കഥയെ ആസ്പദമാക്കിയുള്ള ഒരു ചിത്രം ഒരുക്കാനാണ് മാരി സെൽവരാജ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ ചിത്രം നിർമ്മിക്കാനിരുന്ന നിർമ്മാതാവ് അധിക ബഡ്ജറ്റ് എന്ന പ്രശനം കാരണം ഇപ്പോൾ ഈ പ്രോജെക്റ്റിൽ നിന്നും പിന്മാറി എന്നാണ് പറയപ്പെടുന്നത്. അതിനാൽ തമിഴ് സിനിമയിലെ മറ്റൊരു ബിഗ് ബാനറായ 'പ്രിൻസ് പിക്ചർസ്' കമ്പനിയുമായി സഹകരിച്ച് കാർത്തിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് മാരി സെൽവരാജ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. 'സിങ്കം-2', 'ദേവ്', 'റൺ ബേബി റൺ', 'ലബ്ബർ പന്ത്' തുടങ്ങി ഒരു പാട് ചിത്രങ്ങൾ നിർമ്മിച്ച, ഇപ്പോൾ 'സർദാർ' രണ്ടാം ഭാഗം നിർമ്മിച്ചുവരുന്ന ബാനറാണ് പ്രിൻസ് പിക്ചർസ്. കാർത്തി, മാരി സെൽവരാജ് ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രവും ബിഗ് ബഡ്ജറ്റിലാണത്രെ ഒരുങ്ങുന്നത്. എന്നാൽ മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ചിത്രം ചെയ്യാനിരുന്ന കഥയെയാണോ കാർത്തിയെ നായകനാക്കി സംവിധാനം ചെയ്യുന്നത് എന്നത് കുറിച്ചുള്ള വിവരങ്ങളൊന്നും ഇത് വരെ പുറത്തുവന്നിട്ടില്ല.