തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത് ഇപ്പോൾ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി', ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി'യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട്. ഈ ചിത്രത്തിൽ അജിത്തിനൊപ്പം നായികയായി അഭിനയിക്കുന്നത് തൃഷയാണ്.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യുടെ ചിത്രീകരണം ഈയിടെയാണ് തുടങ്ങിയത്. ഈ ചിത്രത്തിൽ അജിത്തിനൊപ്പം നായികയായി അഭിനയിക്കാൻ നയൻതാരയുമായി ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷം തെലുങ്ക് നടിയായ ശ്രീലീല അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകളും
പുറത്തുവന്നിരുന്നു. ഇപ്പോൾ കീർത്തി സുരേഷുമായും ചർച്ചകൾ നടന്നു വരികയാണെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്ത് മൂന്ന് വേഷങ്ങളിൽ വരുമെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ അതിൽ ഒരു അജിത്തിന് ജോഡിയാകുന്നതിന് വേണ്ടിയായിരിക്കും കീർത്തിസുരേഷുമായി ചർച്ചകൾ നടത്തിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കീർത്തിസുരേഷ് ഇപ്പോൾ 'ബേബി ജോൺ' എന്ന ഹിന്ദി ചിത്രത്തിൽ വരുൺ ധവാനൊപ്പം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. 'ഗുഡ് ബാഡ് അഗ്ലി'യിൽ കീർത്തി സുരേഷ് അഭിനയിക്കാൻ സമ്മതിക്കുകയാണെങ്കിൽ ഇത് അജിത്തിനൊപ്പം താരം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും.