വിജയ്, സാമന്ത, എമി ജാക്‌സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് 'തെറി'. 2016-ൽ റിലീസായി സൂപ്പർഹിറ്റായ ഈ ചിത്രത്തെ ഇപ്പോൾ ഹിന്ദിയിൽ റീമേക്ക് ചെയ്തു വരികയാണ്. സംവിധായകൻ അറ്റ്ലിയും, പ്രശസ്ത ഹിന്ദി നിർമ്മാതാവായ മുറാദ് ഖേദാനിയും ചേർന്നാണ് 'തെറി'യുടെ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്. ഖാലിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം വരുൺ ധവാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ ഘട്ടത്തിൽ മലയാളി താരം കീർത്തി സുരേഷുമായി നായികയായി അഭിനയിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു തെന്നിന്ത്യൻ താരമായി തിളങ്ങി വരുന്ന കീർത്തി സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കുകയാണെങ്കിൽ അവരുടെ ആദ്യത്തെ ഹിന്ദി ചിത്രമായിരിക്കും ഇത്. നേരത്തെ അജയ് ദേവ്ഗൺ സംവിധാനം ചെയ്ത 'മൈതാൻ' എന്ന ഹിന്ദി ചിത്രത്തിലേക്ക് കീർത്തി സുരേഷ് കരാർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ കാൾഷീറ്റ് ഉൾപ്പെടെയുള്ള ചില പ്രശ്‌നങ്ങളെ തുടർന്ന് കീർത്തി സുരേഷ് ചിത്രത്തിൽ നിന്ന് പിൻമാറുകയാണ് ഉണ്ടായത്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് കീർത്തി സുരേഷിന് ഹിന്ദിയിൽ അഭിനയിക്കാനുള്ള അവസരം വീണ്ടും വന്നിരിക്കുന്നത്. 'തെറി' ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അടുത്ത വർഷം മേയിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത് എന്നും പറയപെടുന്നുണ്ട്.