NEWS

അത് അറം പറ്റിയ വാക്കുകളായോ? ചർച്ചയായി കൊല്ലം സുധിയുടെ സിനിമ ഡയലോഗ്

News

ഉരുളയ്ക്ക് ഉപ്പേരി പോലെ ത​ഗ് മറുപടികൾ നൽകാൻ കഴിവുള്ള ഹാസ്യപ്രതിഭയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് മലയാളികളും. സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി ഷോകളിലും സിനിമയിലുമെല്ലാം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച താരമാണ് അകാലത്തിൽ പൊലിഞ്ഞത്. ജ​ഗദീഷിനെ അനുകരിച്ചാണ് ഏറെ കയ്യടി നേടിയത്.

മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി.ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്.2016ൽ റിലീസ് ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍  ചിത്രത്തിലെ സുധിയുടെ  കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘‘ഞാൻ പോണേണ്..വെറുതെ എന്തിനാണ് ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്’’എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്നഈ ഡയലോ​ഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. സോഷ്യൽ മീഡിയ ട്രോളുകളിലും വാട്സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകൾ മുഴങ്ങി കേൾക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രം​ഗം ഇന്ന് മലയാളികൾക്ക് നോവിന്റെ വിങ്ങലായി മാറിയിരിക്കുന്നു. ഈ വാക്കുകൾ അറം പറ്റിയോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്

കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.

ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലത്ത് വച്ച്  ഉണ്ടായ അപകടമാണ് 39കാരനായ സുധിയുടെ ജീവനെടുത്തത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


LATEST VIDEOS

Top News