ഞാൻ സിനിമയിൽ ക്യാമറാമാനായി പ്രവർത്തിക്കുന്ന ആദ്യസിനിമ വേണു നാഗവളളിയുടെ ''ലാൽസലാം'' ആയിരുന്നു. ആലപ്പുഴയിലെ ലൊക്കേഷനിൽ ആ സിനിമാ സെറ്റ് കവർ ചെയ്യുവാൻ 'നാന'യുടെ പ്രതിനിധികൾ വരുമ്പോഴാണ് എനിക്ക് നാനയുമായുളള വ്യക്തിപരമായ ബന്ധം ഉണ്ടാകുന്നത്.
ഞാൻ സ്റ്റിൽഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന കാലത്ത് ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത മുഖ്യമന്ത്രിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുമ്പോൾ അമിതാഭച്ചനും ശ്രീദേവിയും ഒക്കെ അഭിനയിക്കുന്ന 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്നതായി അറിഞ്ഞിരുന്നു. ഒരു ദിവസം ലഞ്ച് ബ്രേക്ക് ടൈമിൽ അമിതാഭ് ബച്ചനും ശ്രീദേവിയും കൂടി മെരിലാന്റ് സ്റ്റുഡിയോയിലേക്ക് വന്നു. ആകസ്മികമായി എത്തിയ അവരുടെ ചില ചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തിയിരുന്നു. അമിതാഭ്ബച്ചനും പ്രേംനസീറും ശ്രീദേവിയും ആലപ്പി അഷ്‌റഫും കൂടിയുളള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആ സമയത്ത് നാനയിൽ പ്രിന്റ് ചെയ്തു വന്നിരുന്നു.
പഠനം കഴിഞ്ഞയുടനെ ഞാൻ മദ്രാസിലേക്ക് പോയി. രണ്ട് തമിഴ് സിനിമകളുടെ വർക്ക് കഴിഞ്ഞതിനു ശേഷമാണ് ലാൽസലാമിൽ ഞാൻ ക്യാമറമാനായി വർക്ക് ചെയ്യുന്നത്. അതുകഴിഞ്ഞയുടനെ വേണുനാഗവളളിയുടെ 'കിഴക്കുണരും പക്ഷി' എന്ന സിനിമ ചെയ്തു. ഈ സിനിമയുടെ സെറ്റുകളിലെല്ലാം 'നാന' കവർ ചെയ്യാൻ വന്നിട്ടുണ്ട്. ആ സമയത്ത് 'നാന'യിൽ എന്റെ പല സ്റ്റില്ലുകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഞാൻ ആ പേജുകളെല്ലാം കട്ട് ചെയ്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. അത് പിൽക്കാലത്ത് എനിക്ക് വളരെയധികം പ്രയോജനമായി എന്നുളള കാര്യം ഈ അവസരത്തിൽ ഞാൻ പറയട്ടെ. അതായത് 2001 ൽ എനിക്കൊരു അമേരിക്കൻ യാത്ര വന്നിരുന്നു. ആ യാത്രക്ക് വിസ കിട്ടാൻ വേണ്ടി നാന യിൽ വന്ന ഫോട്ടോകളാണ് എംബസ്സിയിൽ കാണിച്ചത്.
അൻപത് വർഷം പൂർത്തിയാകുന്ന 'നാന'യ്ക്ക് എന്റെ ഹൃദയപൂർവ്വമുളള അഭിനന്ദനങ്ങൾ അറിയിക്കട്ടെ...