ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രശസ്തമായ ബാങ്കുകളിൽ ജോലി ചെയ്യുമ്പോഴും കൃഷ്ണകുമാർ മേനോന്റെ മനസ്സിൽ നിറഞ്ഞുനിന്നത് സിനിമാതാരമാവണമെന്ന മോഹമായിരുന്നു. സിനിമകളിലും സീരിയലുകളിലും സജീവ സാന്നിദ്ധ്യമായ കെ.കെ. മേനോനെന്ന കൃഷ്ണകുമാർ മേനോൻ ഇന്ന് തമിഴകത്തിലേതുപോലെ കേരളത്തിലെ കുടുംബസദസ്സുകൾക്കും സുപരിചിതനാണ്.
കുടുംബവിളക്കെന്ന മെഗാപരമ്പരയിലൂടെയാണ് സിദ്ദുവെന്ന കഥാപാത്രമായി കൃഷ്ണകുമാർ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.
വൈക്കം സ്വദേശിയായ കൃഷ്ണകുമാർ മേനോൻ വളർന്നതും പഠിച്ചതുമൊക്കെ ഊട്ടിയിലാണ്. സിനിമയിൽ കൂടുതൽ സജീവമാകാൻ ആഗ്രഹിക്കുന്ന കൃഷ്ണകുമാർ മേനോൻ സംസാരിക്കുകയാണ്.
സിദ്ദുവിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ശരിക്കും പറഞ്ഞാൽ അപ്രതീക്ഷിതമായ വിജയമാണ് സൂപ്പർ മെഗാഹിറ്റ് പരമ്പരയായ കുടുംബവിളക്ക് നേടിയത്. യഥാർത്ഥത്തിൽ കുടുംബവിളക്കിലൂടെയാണ് മലയാളികളുടെ സ്വീകരണമുറികളിൽ ഞാനും അവരിലൊരാളായി മാറിയത്. കഴിഞ്ഞ മൂന്നരവർഷമായി സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് 850 എപ്പിസോഡ് പിന്നിട്ട് മുന്നോട്ടുപോവുകയാണ്.
പുറത്തിറങ്ങുമ്പോൾ വയസ്സായ അമ്മമാരുടെ പ്രതികരണം കേട്ട് ആഹ്ലാദം തോന്നിയിട്ടുണ്ട്. ആദ്യമൊക്കെ സിദ്ദുവിനെഇഷ്ടമാണെന്നൊക്കെയായിരുന്നു പ്രതികരണം. പിന്നീട്, കുടുംബവിളക്കിലെ കഥ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചപ്പോൾ സുമിത്രയെ എന്തിനാണ് ദ്രോഹിക്കുന്നുവെന്ന് അമ്മമാർ ചോദിച്ചുതുടങ്ങി. ഇപ്പോൾ ശരിക്കും ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി മാറിയതോടെ എന്നോട് മിണ്ടാതെ ദേഷ്യം കാണിക്കുന്നവരുമുണ്ട്.
താങ്കളുടെ സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
ഞാൻ പഠിച്ചതും വളർന്നതുമൊക്കെ ഊട്ടിയിലായിരുന്നു. മൈസൂരിലെ ജെ.സി.എസ് കോളേജിൽ നിന്നും ബിസിനസ്സ് മാനേജ്‌മെന്റ് പഠനത്തിനുശേഷമാണ് ബാങ്കിംഗ് മേഖലയിലേക്ക് കടന്നത്. കോർപ്പറേഷൻ ബാങ്ക്, ബോംബെ സിറ്റി ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിരുന്നു. വിവിധ ബാങ്കുകളിൽ ജോലി ചെയ്യുമ്പോഴും മനസ്സിൽ സിനിമയുണ്ടായിരുന്നു. അഭിനയമോഹം കലശലായപ്പോഴാണ് തമിഴിലെ സി.ടി.വിയിൽ മെല്ലെ തിറന്തത് കതക് എന്ന സീരിയലിൽ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത റോബോട്ട് 2 എന്ന ചിത്രത്തിൽ ആൾക്കൂട്ടത്തിൽ ഒരാളായി ക്യാമറയുടെ മുന്നിൽ നിന്നുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്.
സിനിമാഭിനയത്തിലെ എക്‌സ്പീരിയെൻസിനെക്കുറിച്ച് സൂചിപ്പിക്കാമോ?
തമിഴിൽ ഇതിനകം മീശൈ മുറുക്ക്, നാച്ചിയാർ, അച്ചമെഡൽ കടമയത്, ഇമയ്ക്കാൻ ഉരിഗ, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങി പതിനഞ്ചോളം തമിഴ് സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. കൂടാതെ മായ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.
തമിഴിൽ കൂടുതൽ സീരിയലുകൾ ചെയ്തിരുന്നോ?
തമിഴ് സീരിയലുകളിലേക്ക് ധാരാളം ഓഫറുകൾ വരുന്നുണ്ടെങ്കിലും ഞാനിപ്പോൾ സ്വീകരിക്കുന്നില്ല. തമിഴിൽ ഞാൻ അഭിനയിച്ച സൂപ്പർഹിറ്റ് സീരിയലാണ് മൗനരാഗം- 2. 1500 എപ്പിസോഡുകൾ പിന്നിട്ട ഈ സീരിയലിലെ മനോഹറെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ, മഴവിൽ മനോരമയിൽ ഡോക്ടർ ശ്യാം എന്ന സീരിയലിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരുന്നു.
മലയാളസിനിമയിൽ കൂടുതൽ സജീവമായോ?
എന്റെ ലക്ഷ്യം സിനിമയാണ്. മലയാളത്തിൽ നിന്നും ധാരാളം ഓഫറുകൾ വരുന്നുണ്ട്. പക്ഷേ കുടുംബവിളക്കിലെ തിരക്കായതിനാൽ സിനിമയിലേക്ക് ഡേറ്റ് നൽകാൻ കഴിയുന്നില്ല. എന്തായാലും കുടുംബവിളക്ക് പൂർത്തിയായാൽ പൂർണ്ണമായും മലയാള സിനിമയിൽ ക്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനൊരു തികഞ്ഞ അയ്യപ്പഭക്തനാണ്. അതുകൊണ്ടുതന്നെ എന്റെ ആഗ്രഹം നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
താങ്കളുടെ കുടുംബത്തെക്കുറിച്ച് സൂചിപ്പിക്കാമോ?
ഭാര്യ രമ. തിരുവനന്തപുരം ഇന്റർനാഷണൽ സ്‌ക്കൂളിൽ അധ്യാപികയാണ്. മൂത്തമകൻ അഷർ പൂനെ ക്രൈസ്റ്റ് കോളേജിൽ ബി.എസ്.സിക്ക് പഠിക്കുന്നു. രണ്ടാമത്തെയാൾ ഹൃദയ് പ്ലസ് ടുവിന് പഠിക്കുന്നു.
എം.എസ് ദാസ് മാട്ടുമന്ത
ഫോട്ടോ :- ബിജു മന്നിക്കൽ