ഗുരുവായൂര്‍ സ്വദേശി കൃഷ്ണപ്രസാദ് സിനിമയില്‍ എത്തിയത് തികച്ചും ആകസ്മികമായിട്ടാണ്. പട്ടാളത്തില്‍ ആന്‍റിടെററിസ്റ്റ് റൈഫിള്‍ വിങ്ങിലായിരുന്ന കൃഷ്ണപ്രസാദ് ഉദ്യോഗത്തില്‍ നിന്നും സ്വയം വിരമിച്ച് നാട്ടിലെത്തിയത് കാശ്മീരിലെ കാലാവസ്ഥ തനിക്ക് ചേരാത്തതുകൊണ്ടാണ്. എന്നാല്‍ നാട്ടിലെത്തിയിട്ട് സിനിമയില്‍ അഭിനയിക്കാനൊന്നും ഉദ്ദേശമില്ലായിരുന്നു. ഒരു സുഹൃത്താണ് സിനിമയിലേക്കുള്ള വഴിതെളിയിച്ചത്. സിനിമാക്കാരനായ സുഹൃത്തിന്‍റെ സെറ്റില്‍ ഷൂട്ടിംഗ് കാണാനെത്തിയതായിരുന്നു കൃഷ്ണപ്രസാദ്.
അങ്ങനെ കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നില്‍. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോള്‍ തനിക്കും അഭിനയം വഴങ്ങുമെന്ന ആത്മവിശ്വാസം ജനിച്ചു. അതോടെ അക്ഷരാര്‍ത്ഥത്തില്‍ സിനിമ കൃഷ്ണപ്രസാദിന്‍റെ തലയ്ക്ക് പിടിച്ചു എന്നുതന്നെ പറയാം. അതിനുശേഷം മാളികപ്പുറത്തില്‍ എസ്.ഐ. വേഷം.
ഇതില്‍ തന്‍റെ നാല് സീനുകളുണ്ടായിരുന്നുവെങ്കിലും സിനിമ പുറത്തുവന്നപ്പോള്‍ ഒരു സീന്‍ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളു. അതിനുശേഷം 2018, ഗുരുവായുരമ്പലനടയില്‍ ഉള്‍പ്പെടെ പതിനാറ് സിനിമകളില്‍ അഭിനയിച്ചു. അതില്‍ ആറേഴെണ്ണം ഇതിനോടകം റിലീസായി. ആദ്യം റിലീസായത് മാളികപ്പുറവും, രണ്ടാമതെത്തിയത് 2018 എന്നിവയാണ.് താന്‍ അഭിനയിച്ചതില്‍ റിലീസായ സിനിമകളൊക്കെ വിജയമായിരുന്നു എന്നതും കൃഷ്ണപ്രസാദിന് കൂടുതല്‍ പ്രചോദനമായി.
വലിയ വേഷങ്ങള്‍ ചെയ്ത സിനിമകള്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍ നല്ല അവസരങ്ങള്‍ ഈ തുടക്കക്കാരനായ നടനെത്തേടിയെത്തുന്നുണ്ട്. ഒപ്പം തമിഴില്‍ നിന്നും അന്വേഷണങ്ങളുണ്ട്. ശക്തമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന കൃഷ്ണപ്രസാദ് നല്ല കഥാപാത്രങ്ങള്‍ക്കൊപ്പം ശക്തമായൊരു പ്രതിനായകവേഷത്തിനായി കാത്തിരിക്കുകയാണ്. കൃഷ്ണപ്രസാദ് മലയാള സിനിമയ്ക്ക് ഭാവിവാഗ്ദാനമാവുമെന്ന് പ്രതീക്ഷിക്കാം. കാരണം അഭിനയമിപ്പോള്‍ കൃഷ്ണപ്രസാദിന് പാഷനാണ്