എട്ടൊൻപത് വയസുള്ള കുട്ടികളെയൊക്കെ നമ്മൾ ലാളിക്കുന്നതല്ലേ, അങ്ങനെയൊരു കുട്ടിയെ നമ്മൾ റേപ്പ് ചെയ്യുകാന്ന് വച്ചാലെങ്ങനാ ശരിയാകുന്നതെന്ന് അന്ന് ഞാൻ സംവിധായകനോട് ചോദിച്ചു
1979 മുതൽ 2022 വരെയുള്ള ഒട്ടേറെ ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായുമൊക്കെ അഭിനയിച്ച് ഏവരുടെയും പ്രിയങ്കരനായ നടനായിരുന്ന കുണ്ടറ ജോണി കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. 100-ലധികം ചലച്ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ അടുത്തിടെ ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ തുറന്നു പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്. ഒരുകാലത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ സീനുകളിൽ അഭിനയിച്ചത് താനായിരുന്നുവെന്നും പിന്നീട് അത്തരം സീനുകൾ ചെയ്യാതിരുന്നതിന്റെ കാരണവും നടൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.
നടൻ്റെ വാക്കുകൾ:
"ആ ഒരു സമയത്ത് ഏതാണ്ട് കൂടുതൽ ബലാത്സംഗ സീനുകൾ ചെയ്തത് ഞാനായിരുന്നു. കാരണമെന്താണെന്ന് വച്ചാൽ ആ ഒരു കാലഘട്ടത്തിൽ യംഗ് വില്ലനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ഭീമൻ രഘുവും ക്യാപ്റ്റൻ രാജുവുമൊക്കെ വരുന്നത്. 'അങ്കച്ചമയം' എന്ന പടത്തിലെ ബലാത്സംഗ സീൻ ഏറെ വേദനിപ്പിച്ചു. ഞാനൊരു കുട്ടിയെ റേപ്പ് ചെയ്യുന്ന സീനാണ്. എട്ടൊൻപത് വയസുള്ള കുട്ടിയാണ്. ഞാനൊരു സ്‌കൂളിന്റെ ഓണറൊക്കെയാ അതിൽ, നാട്ടുപ്രമാണി."
"സ്‌കൂൾ വിട്ട് പിള്ളേർ നനഞ്ഞ് പോകുന്നു. അപ്പോൾ ഒരു കുട്ടിയോട് ഞാൻ വണ്ടിയിൽ കയറിക്കോളാൻ പറയുന്നു. പിന്നെ കാണിക്കുന്നത് അത് രക്തത്തിൽ കുളിച്ചുകിടക്കുന്നതായിട്ടാണ്. എട്ടൊൻപത് വയസുള്ള കുട്ടികളെയൊക്കെ നമ്മൾ ലാളിക്കുന്നതല്ലേ, അങ്ങനെയൊരു കുട്ടിയെ നമ്മൾ റേപ്പ് ചെയ്യുകാന്ന് വച്ചാലെങ്ങനാ ശരിയാകുന്നതെന്ന് അന്ന് ഞാൻ സംവിധായകനോട് ചോദിച്ചു."
"ആ സമയത്ത് ഗൾഫിലൊരു എഴുപത്തിയഞ്ച് വയസുള്ള സ്ത്രീയെ ആരോ റേപ്പ് ചെയ്തിരുന്നു. ഇക്കാര്യം സംവിധായകൻ എന്നോട് പറഞ്ഞു. കൂടാതെ എന്റെ ബ്രൂട്ടാലിറ്റി കാണിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സീൻ ഒഴിവാക്കാൻ പറഞ്ഞെങ്കിലും, ചേട്ടന്റെ ആ ക്രൂരത കാണിക്കാൻ ഇത് വേണമെന്ന് പറഞ്ഞു."
കൂടാതെ നടി സുഹാസിനിയെ റേപ്പ് ചെയ്യുന്ന സീൻ അഭിനയിച്ചതിനെക്കുറിച്ചും നടൻ തുറന്നു പറഞ്ഞു. "കൊടേക്കനാലിലെ ഒരു പാർക്കിൽ വച്ചാണ് ഞാൻ റേപ്പ് ചെയ്യുന്നത്. ടൂറിസ്റ്റ് വണ്ടികളും ആളുകളുമൊക്കെ ചുറ്റുമുണ്ട്. സുഹാസിനി തമിഴിൽ വലിയ താരവുമാണ്. ഞാൻ സുഹാസിനിയോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്. ജോണി ചേട്ടന് സിസ്‌റ്റേഴ്സ് ഇല്ലേന്നായിരുന്നു സുഹാസിനിയുടെ മറുപടി. വേറൊന്നും പറഞ്ഞില്ല. ചിലർ റേപ്പ് സമയത്ത് സാരി പൊക്കല്ലേ എന്നൊക്കെ പറയും."
വിവാഹ ശേഷമാണ് റേപ്പ് സീനിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'വൈഫ് കോളേജിലാണ് പഠിപ്പിക്കുന്നത്. ഇയാള് പോകുമ്പോൾ ആളുകൾ കമന്റ് പറയും. പിന്നെ പിള്ളേരൊക്കെ വളർന്നുവരികയാണെല്ലോ." കുണ്ടറ ജോണി വ്യക്തമാക്കി"
1979-ൽ പുറത്തിറങ്ങിയ 'നിത്യവസന്തം' എന്ന മലയാള ചിത്രത്തിലൂടെ 23-ാം വയസ്സിൽ 55 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജോണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ 'വാഴ്‌കൈ ചക്രം', 'നാഡിഗൻ', തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. കൂടാതെ ടെലിവിഷൻ സീരിലുകളിലും അദ്ദേഹം അഭിനയിച്ചു. 2022 ൽ പുറത്തിറങ്ങിയ മേപ്പടിയാനാണ് നടൻ്റെ അവസാന ചിത്രം.