തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളും, മലയാളിയുമായ ഗൗതം വാസുദേവ് മേനോൻ അടുത്ത് മലയാള സിനിമയിലെ മെഗാസ്റ്റാറായ മമ്മുട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത ഇന്നലെ നൽകിയിരുന്നു. ഇതു സംബന്ധമായുള്ള ചർച്ചകൾ നടന്നു വരികയാണെന്നും, മമ്മുട്ടി തന്നെ ഈ ചിത്രം തന്റെ ബാനറിൽ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും, അടുത്ത് തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ആ വാർത്തയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഈ ചിത്രം കുറിച്ച് ഇപ്പോൾ ലഭിച്ചിരിക്കുന്ന പുതിയ വാർത്ത എന്താണെന്നാൽ ഈ ചിത്രത്തിൽ നയൻതാരയെ അഭിനയിപ്പിക്കാനുള്ള ചർച്ചകളും നടന്നു വരികയാണെന്നുള്ളതാണ്. തമിഴിൽ സെലെക്ടിവായി മാത്രമാണ് നയൻതാര അഭിനയിച്ചു വരുന്നത്. 'മണ്ണാങ്കട്ടി' എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്നത്. അതേ സമയം ഗൗതം വാസുദേവ് മേനോൻ, മമ്മുട്ടി ചിത്രം കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ ചിത്രം തമിഴിലാണോ നിർമ്മിക്കുന്നത്? അതോ മലയാളത്തിലാണോ എന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 2016ൽ പുറത്തിറങ്ങിയ 'പുതിയ നിയമം' എന്ന ചിത്രത്തിലാണ് മമ്മുട്ടിയും, നയൻതാരയും അവസാനമായി ഒന്നിച്ചഭിനയിച്ചത്.