NEWS

സ്വയം പിന്‍വലിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി

News

സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, പവര്‍സ്റ്റാര്‍, തല, ദളപതി, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നിത്യാദി പദവികളെല്ലാം സിനിമാതാരങ്ങള്‍ക്ക് പതിച്ചുനല്‍കുന്നത് ആരാധകരും സിനിമാ ഇന്‍ഡസ്ട്രിയുമാണ്. പിന്നീട് മാധ്യമങ്ങള്‍ ആ പദവിയെ അവര്‍ക്ക് ഊട്ടിയുറപ്പിച്ചുകൊടുക്കുന്നു. ഇങ്ങനെ നല്‍കുന്ന പദവികള്‍ താരങ്ങളെ അഭിമാനപുളകിതരാക്കാറുമുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ അജിത് 'തല' എന്ന തനിക്കുള്ള വിശേഷണപദവിയും കമലഹാസന്‍ 'ഉലകനായകന്‍' എന്ന തന്‍റെ വിശേഷണപദവിയും ഉപേക്ഷിച്ച് തങ്ങളെ ഇനി അങ്ങനെ വിശേഷിപ്പിക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. അതിനുപിന്നാലെ ഏറ്റവും ഒടുവിലായി നയന്‍താരയും തന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. 

ഒരുകാലത്ത് നയന്‍താര തുമ്മിയാലും ചുമച്ചാലും ശ്വാസം വിട്ടാലുമൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. കാരണം നയന്‍താര വന്ന കാലം മുതല്‍തന്നെ അവരെ ചുറ്റിയുള്ള വിവാദ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലായിരുന്നു. മലയാളനാട്ടിലെ 'മനസ്സിനക്കരെ' നിന്നും 'വന്താരെ വാഴവെയ്ക്കുന്ന' കോടമ്പാക്കത്ത് എത്തിയതുമുതല്‍ നയന്‍താര സെന്‍സേഷനാണ്. 

ചിമ്പുവുമായുള്ള പ്രണയം, പ്രഭുദേവയുമായുള്ള പ്രണയം, സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള പ്രണയം, വിവാഹാനന്തരം പിന്നെ കുട്ടികളെ ദത്തെടുക്കല്‍ എന്നിങ്ങനെ മാധ്യമങ്ങള്‍ക്ക് നയന്‍താരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മൃഷ്ടാന്നഭോജനം തന്നെയായിരുന്നു. 

മായ എന്ന  സിനിമയുടെ വിജയത്തോടെ സംവിധായകരും നിര്‍മ്മാതാക്കളും നയന്‍താരയെ നായികയാക്കി ഫീമെയില്‍ ഓറിയന്‍റഡ് സിനിമകള്‍ നിര്‍മ്മിക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ താരത്തിന്‍റ പ്രതിഫലം ദശകോടിയെ സ്പര്‍ശിച്ചു. സിനിമാഭാഷയില്‍ പറഞ്ഞാല്‍ നയന്‍താര ലൈംലൈറ്റില്‍ തന്നെയായിരുന്നു.

താരം ലൈംലൈറ്റില്‍ തന്നെയായിരുന്നുവെങ്കിലും വിവാഹവും ദത്തെടുക്കലും കഴിഞ്ഞതോടെയാണ്  ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണപദവി താന്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ടെസ്റ്റ്' എന്ന ഒ.ടി.ടി സിനിമയും കൈനിറയെ സിനിമകളുമായി നയന്‍താര മുന്നോട്ടുതന്നെ കുതിക്കുന്നു. 


LATEST VIDEOS

Latest