തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് മലയാളിയായ ലക്ഷ്മി മേനോൻ. 'സുന്ദരപാണ്ട്യൻ', 'കുംകി', 'ജിഗർത്തണ്ട' തുടങ്ങി ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ലക്ഷ്മി മോനോൻ അഭിനയിച്ചു അവസാനമായി തമിഴിൽ പുറത്തിറങ്ങിയ ചിത്രം 'ചന്ദ്രമുഖി-2' ആണ്. പി വാസു സംവിധാനം ചെയ്ത ഈ ചിത്രം വൻ പരാജയമായിരുന്നു. ഇതിനാൽ പ്രതീക്ഷിച്ചതു പോലെ മുൻനിര താരങ്ങളുടെ ഒപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിക്കാത്ത ലക്ഷ്മി മേനോന് ഇപ്പോൾ ഒരു അവസരം ലഭിച്ചിട്ടുണ്ട്. തമിഴ് 'ബിഗ് ബോസി'ൻ്റെ നാലാം സീസണിൽ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെട്ട ആരി അർജുൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ നായികാ കഥാപാത്രം അവതരിപ്പിക്കാനാണ് ലക്ഷ്മി മോനോന് അവസരം വന്നിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് പറയപ്പെടുന്നത്. നവാഗത സംവിധായകനായ രാജശേഖര പാണ്ഡ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു.