തമിഴ്നാട്ടിൽ ജനിച്ചു വളർന്നു മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമയിൽ താര റാണിയായി വിലസിയ നടിയാണ് ശ്രീദേവി. പത്മശ്രീ, ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ, രാജ്യാന്തര പുരസ്കാരങ്ങൾ തുടങ്ങി പല പുരസ്‌കാരങ്ങൾ നേടിയ ശ്രീദേവി 2018-ലാണ് മരണപ്പെട്ടത്. അങ്ങിനെയുള്ള ഈ താരത്തിന്റെ ജീവചരിത്രം പുസ്തകമായി പുറത്തുവരാനിരിക്കുകയാണ്.
നവാഗത എഴുത്തുകാരനായ ധീരജ് കുമാർ ഒരുക്കുന്ന ഈ പുസ്തകം അന്തരിച്ച നടിയുടെ അസാധാരണമായ ജീവിത ശൈലികളെ തുറന്നു കാട്ടുന്നതായിരിക്കും എന്നാണു പറയപ്പെടുന്നത്. 'ശ്രീദേവി – ദി ലൈഫ് ഓഫ് എ ലെജൻഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം ഈ വർഷത്തിൽ (2023) പ്രസിദ്ധീകരിക്കുമെന്നുള്ള വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ശ്രീദേവിയുടെ ജീവചരിത്രത്തിന്റെ പ്രസിദ്ധീകരണ അവകാശം വെസ്റ്റ്‌ലാൻഡ് ബുക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്.ഈ പുസ്തകം എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ പുസ്തകശാലകളിലും ലഭിക്കുമത്രേ!
പുസ്തകത്തെ കുറിച്ച് ശ്രീദേവിയുടെ ഭർത്താവും, ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവുമായ ബോണി കപൂർ, “ശ്രീദേവി പ്രകൃതിയുടെ ശക്തിയാണ്. തന്റെ കഴിവിനെ സിനിമാ എന്ന കലാസൃഷ്ടികൾ മുഖേന സ്‌ക്രീനിൽ ആരാധകരുമായി പങ്കുവെച്ചപ്പോൾ വളരെയധികം സന്തോഷിച്ച ഒരു വ്യക്തിയാണ് ശ്രീദേവി. ഈ പുസ്തകം എഴുതുന്ന ധീരജ് കുമാർ, ശ്രീദേവിയെ തന്റെ കുടുംബത്തിലെ ഒരു അംഗമായി കരുതിയ ഒരാളാണ്. അദ്ദേഹം ഒരു നിരീക്ഷകനും എഴുത്തുകാരനും, കോളമിസ്റ്റുമാണ്. ശ്രീദേവിയുടെ അസാധാരണമായ ജീവചരിത്രം ഒരു പുസ്തകമായി അദ്ദേഹം എഴുതി പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ശ്രീദേവിയെ ആരാധിച്ച, സ്നേഹിച്ച എല്ലാവർക്കും ഈ പുസ്തകം വളരെ പ്രയോജനമുള്ളതായിരിക്കും'' എന്ന് പറഞ്ഞിട്ടുണ്ട്.