വിവിധ ഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച സ്വാസികയ്ക്ക് വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ അനവധിയാണ്. തിരക്ക് കൂടുകയും ആഗ്രഹിച്ചപോലൊരു ജീവിതം ലഭിക്കുകയും ചെയ്തു എന്നുപറഞ്ഞുകൊണ്ട് സ്വാസിക വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
സ്വാസിക എന്ന പേര്?
എന്‍റെ ശരിക്കുമുള്ള പേര് പൂജ എന്നാണ്. ഞാന്‍ ആദ്യം അഭിനയിക്കുന്നത് തമിഴ് സിനിമയില്‍ ആണ്. ആ സമയത്ത് തമിഴില്‍ തിളങ്ങിനില്‍ക്കുന്ന പൂജ എന്ന പേരിലുള്ള നടി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൂജ എന്ന പേരില്‍ വീണ്ടും ഒരു നടി വേണ്ട എന്നുള്ളത് കൊണ്ടാണ് സ്വാസിക എന്ന പേര് സ്വീകരിക്കേണ്ടിവന്നത്.
ലബര്‍ പന്തിനുവേണ്ടി ഇറച്ചി വെട്ടാന്‍ പഠിച്ചു?
ലബര്‍ പന്തിനുവേണ്ടിയാണ് ഇറച്ചിവെട്ടുന്നത് കൃത്യമായി പരിശീലിച്ചത്. വീടിനടുത്തുള്ള ഇറച്ചിക്കടയില്‍ ഒരാഴ്ച പോയി കാര്യങ്ങള്‍ പഠിച്ചു. നാട്ടില്‍ എല്ലാരും അറിയുന്നവര്‍ ആയതുകൊണ്ട് പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. രക്തമുള്ള ഇറച്ചി കൈകൊണ്ട് എടുക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടാകാന്‍ പാടില്ലല്ലോ. ഈ കാര്യങ്ങളെല്ലാം ഒന്ന് പരിചിതമായി കഴിഞ്ഞാല്‍ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റുമല്ലോ. ആക്ടിവിറ്റി ആലോചിച്ച് ടെന്‍ഷന്‍ ആകേണ്ട, അതാണ് ഇങ്ങനെ ചില കാര്യങ്ങള്‍ ഷൂട്ടിന് മുന്‍പെ എടുക്കാന്‍ തീരുമാനിച്ചത്.
ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചത്?
മൂവാറ്റുപുഴയില്‍ വീടിനടുത്തുള്ള ഒരു ചേട്ടനാണ് എന്നെ അതിന് സഹായിച്ചത്. രണ്ടാഴ്ച പാടത്ത് പോയി ട്രാക്ടര്‍ ഓടിച്ചു പഠിച്ചു. കാരണം, ട്രാക്ടര്‍ ഓടിച്ചുവരുന്നത് ഇന്‍ട്രോ ഷോട്ടാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മുഖത്ത് ആറ്റിറ്റ്യൂഡ് വേണം. ട്രാക്ടര്‍ ഓടിക്കാന്‍ ആത്മവിശ്വാസം ഇല്ലെങ്കില്‍ അത് മുഖത്തും ശരീരഭാഷയിലും പ്രകടമാകും. അതുകൊണ്ടാണ് നേരത്തെ അതിനായി തയ്യാറെടുപ്പ് നടത്തിയത്. ഇത്രയും കാര്യങ്ങള്‍ പഠിച്ചിട്ടുപോയിട്ടും ഒരു അബദ്ധം പറ്റി. എനിക്ക് ടൂവീലര്‍ ഓടിക്കാന്‍ അറിയാം. പക്ഷേ, സ്ഥിരം ഓടിച്ചുള്ള പരിചയം ഇല്ല. സിനിമയില്‍ ടൂവീലര്‍ ഓടിക്കുന്ന രംഗമുണ്ട്. ഞാന്‍ ഇതുവിട്ടുപോയി. അതുകൊണ്ട് ടൂ വീലര്‍ ഓടിക്കുന്ന സീന്‍ കുറച്ചധികം ടേക്ക് പോയി. ഞാന്‍ ഓടിച്ചുപോകുമ്പോള്‍ വണ്ടി നിന്നുപോകുന്ന പ്രശ്നം!
മാമന്‍ സിനിമയെക്കുറിച്ച്?
ഒരു ഫാമിലി ഇമോഷണല്‍ ഡ്രാമ ആണ് മാമന്‍. എല്ലാര്‍ക്കും ഈ സിനിമ കാണുമ്പോള്‍ പെട്ടെന്നുതന്നെ അവരുടെ കുടുംബത്തിലെ ആള്‍ക്കാരെപ്പോലെ ഫീല്‍ ചെയ്യും. ഞാന്‍ ഇതില്‍ ഒരു ചേച്ചിയുടെ ഭാഗം ആണ് ചെയ്യുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. കൂട്ടുകുടുംബത്തിന്‍റെ എല്ലാ ഫീലും ഈ സിനിമയില്‍ നിങ്ങള്‍ക്ക് കിട്ടും. കൂട്ടുകുടുംബത്തില്‍ താമസിക്കാന്‍ മടിക്കുന്നവര്‍ ആണ് ഇപ്പോള്‍ കൂടുതലും. പക്ഷേ അതിന്‍റെ നല്ല വശങ്ങളും കൂടി ഈ സിനിമ നിങ്ങള്‍ക്ക് പറഞ്ഞുതരും.