NEWS

'ലിയോ' സിനിമാ ഗാനം - നടൻ വിജയ്ക്കെതിരെ പരാതികളുടെ പ്രവാഹം

News

തമിഴ് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ സംവിധായകനായ  ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ലിയോ'. 'സെവൻ സ്‌ക്രീൻ സ്റ്റുഡിയോ'യ്‌ക്ക് വേണ്ടി ലളിത് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്  അനിരുദ്ധാണ്. വിജയ്‌ക്കൊപ്പം അർജുൻ, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, സാൻഡി, മാത്യു തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.

അതേസമയം, വിജയ്-യുടെ ജന്മദിനത്തിനോടനുബന്ധിച്ചു  ലോകേഷ് കനകരാജ് 'ലിയോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. തുടർന്ന് 'നാ റെഡി താൻ വരവ; എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോയും റിലീസ് ചെയ്തിരുന്നു. ഈ ഗാനം പുറത്തിറങ്ങിയ ചില  മിനിറ്റുകൾക്കകം 2 മില്യൺ വ്യൂസ് പിന്നിട്ടു  ഗാനം പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ്  'ലിയോ'യിലെ ഈ ഗാനം മയക്കുമരുന്ന് അടിമത്തത്തെ പിന്തുണയ്ക്കുന്നതും, റൗഡിസം പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് കാണിച്ച് ചെന്നൈയിലുള്ള സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിയിരിക്കുന്നത്.   അതിൽ നടൻ വിജയ്‌ക്കെതിരെ മയക്കുമരുന്ന് നിയന്ത്രണ നിയമത്തിലെ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നും പരാതിക്കാരനായ സെൽവം  ആവശ്യപ്പെട്ടിട്ടുണ്ട്.
 അതുപോലെ ഈ ഗാനത്തിന്റെ വരികൾ വളരെ മോശമാണെന്നും ഈ ഗാനം നിരോധിക്കണമെന്നും  'ഓൾ പീപ്പിൾസ് പൊളിറ്റിക്കൽ പാർട്ടി'യുടെ നേതാവായ രാജേശ്വരി പ്രിയയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധമായി രാജേശ്വരി പുറത്തുവിട്ടിരിക്കുന്ന പ്രസ്താവനയിൽ,  'ലിയോ'  സിനിമയിലെ 'നാ റെഡി താൻ വരവ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ മദ്യം, പുകവലി, മയക്കു മരുന്ന് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നത് മാതിരിയാണ് ഉള്ളത്. ഇങ്ങനത്തെ വാക്കുകൾ ഗാനത്തിൽ  ഉപയോഗിക്കാമോ? 5 വയസ്സ് മുതലുള്ള ആരാധകർ വിജയ്‌യിനുണ്ട്. അങ്ങനെയിരിക്കുമ്പോൾ വിജയ് സമൂഹത്തെക്കുറിച്ച് കുറച്ചെങ്കിലും ചിന്തിക്കേണ്ടേ? എങ്ങനെയാണ് വിജയിനെകൊണ്ട്  ഈ ഗാനം ആലപിക്കാൻ സാധിച്ചത്? ഇത്രയും പരിഹാസ്യമായ വരികൾ പാടാൻ മനസ്സ് സമ്മതിച്ചത്? എന്ന് നിറയെ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതാണ് രാജേശ്വരി പ്രിയയുടെ പ്രസ്താവന!

ഇതുപോലെ മറ്റുചില സാമൂഹിക പ്രവർത്തകരും ഈ ഗാനത്തിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനെല്ലാം 'ലിയോ' ടീം എന്താണ്  മറുപടി നൽകാൻ പോകുന്നത് എന്നറിയുവാൻ കാത്തിരിക്കുകയാണ് സിനിമാ ആരാധകർ!


LATEST VIDEOS

Top News