NEWS

കാര്‍മേഘം പോയി സൂര്യന്‍ ഉദിക്കട്ടെ... -മണികണ്ഠന്‍ ആചാരി

News

 

2024 നല്ല വര്‍ഷമായിരുന്നോ എന്ന് ചോദിച്ചാല്‍... എന്ത് പറയണമെന്നതില്‍ വ്യക്തതയില്ല.  ഈ വര്‍ഷം എന്‍റെ തുടക്കം തന്നെ ലിജോ സാര്‍- മോഹന്‍ലാല്‍ സാര്‍ പോലുള്ള വലിയ കൂട്ടുകെട്ടിന്‍റെ മലൈക്കോട്ട വാലിബനിലൂടെയായിരുന്നു. പിന്നീട് തിയേറ്ററുകളെ ഇളക്കിമറിച്ച ഉല്ലാസ് ചെമ്പന്‍റെ അഞ്ചകള്ളകോക്കാന്‍ എന്ന ചിത്രത്തിലെ ശങ്കരാഭരണം എന്ന കഥാപാത്രത്തെ വളരെ ശക്തമായിത്തന്നെ പ്രേക്ഷകര്‍ കണ്ടു. വലിയ പ്രതികരണം കിട്ടിയ വേഷം കൂടെയായിരുന്നു അത്. 

വലിയ ശ്രദ്ധ നേടിയ മമ്മൂക്ക ചിത്രം ഭ്രമയുഗത്തിലും ഭാഗമായി.. അങ്ങനെ മൊത്തത്തില്‍ നോക്കിയാല്‍ പ്രേക്ഷകര്‍ക്ക് എന്നെ തിരിച്ചറിയാന്‍ സാധിച്ചു. പക്ഷേ മറ്റൊരുവശം നോക്കിയാല്‍ ബിസിനസ് നടന്നില്ല എന്നതാണ്. ഈ ചിത്രങ്ങളെല്ലാം കണ്ട് നമ്മളെ മറ്റുള്ളവര്‍ വിളിക്കുക എന്നതാണല്ലോ സാധാരണ പ്രോസ്സസ്.. അത് നടന്നില്ല. അതുകൊണ്ട് ഈ വര്‍ഷം എങ്ങനെയായിരുന്നെന്ന് വിലയിരുത്തുന്നതില്‍ പ്രയാസമുണ്ട്' മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് കമ്മട്ടിപ്പാടത്തിലെ ബാലേട്ടനാണ്. തന്‍റെ സിനിമാജീവിത വിശേഷങ്ങള്‍ നാനയോട് മണികണ്ഠന്‍ ആചാരി പങ്കുവയ്ക്കുന്നു...

ബാലേട്ടന്‍ എനിക്ക് മേല്‍വിലാസമായി

രാജീവേട്ടന്‍റെ കമ്മട്ടിപ്പാടമാണ് എനിക്ക് മലയാള സിനിമയില്‍ മേല്‍വിലാസം നല്‍കിയത്. ഇപ്പോഴും ബാലേട്ടന്‍ എന്ന് വിളിക്കുന്നവരുണ്ട്. ചെയ്ത കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടുക എന്നതിലുപരി മറ്റൊന്നുമില്ലല്ലോ. കമ്മട്ടിപ്പാടത്തിലെ രണ്ട് ബാലന്‍ ചേട്ടന്മാരും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പി. ബാലചന്ദ്രന്‍ അദ്ദേഹം എന്‍റെ ഗുരുവാണ്. ഗുരു എന്നുപറഞ്ഞാല്‍ അദ്ദേഹം പഠിപ്പിച്ച ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും ഞാന്‍ പഠിച്ചിട്ടില്ല. പക്ഷേ അദ്ദേഹം എന്നെ ഒരു ശിഷ്യനായും മകനായുമെല്ലാമാണ് കണ്ടിരുന്നത്. അദ്ദേഹം അവസാനമായി എഴുതിയ സിനിമയിലേക്ക് എന്നെ വിളിക്കുകയും ചെയ്തിരുന്നു.

ശങ്കരാഭരണം തന്ന ഇമ്പാക്ട്

ഉല്ലാസ് ചെമ്പന്‍റെ അഞ്ചകള്ളകോക്കാനിലെ ശങ്കരാഭരണം എന്ന കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കപ്പെട്ടുവെന്നതില്‍ വലിയ സന്തോഷമുണ്ട്. കഥ കേള്‍ക്കുമ്പോഴോ അഭിനയിക്കുമ്പോഴോ സ്ക്രീനില്‍ അയാളെ എങ്ങനെയായിരിക്കും അവതരിപ്പിക്കുക എന്നതില്‍ ഒരു ധാരണയും ഉണ്ടായിരുന്നില്ല. മാസ്സ് ബി.ജി.എമ്മില്‍ മൊത്തം പൊടിയിലൂടെ ശങ്കരാഭരണത്തിന്‍റെ എന്‍ട്രി തിയേറ്ററില്‍ കണ്ടപ്പോഴാണ് ഇത് മൊത്തത്തില്‍ മാസ്സ് പരിപാടിയെന്ന് ഞാനും മനസ്സിലാക്കുന്നത്. അത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. സത്യത്തില്‍ അഭിനയിക്കുമ്പോള്‍ അതൊരു സപ്പോര്‍ട്ടിംഗ് കഥാപാത്രമായിരിക്കുമെന്നാണ് കരുതിയിരുന്നത്. അതൊരു ലീഡ് കഥാപാത്രം ആയിരിക്കുമെന്ന് കരുതിയിരുന്നില്ല. ബാലന്‍ ചേട്ടന് ശേഷം ഇഷ്ടപ്പെട്ട കഥാപാത്രമായി. വേണു സാറിന്‍റെ കാര്‍ബണിലെ കഥാപാത്രവും മിഥുന്‍ മാനുവല്‍ തോമസിന്‍റെ അലമാരയിലെ കഥാപാത്രവും ഇഷ്ടപ്പെട്ട മറ്റ് രണ്ട് കഥാപാത്രങ്ങള്‍ തന്നെയാണ്.

അലമാരയിലെ കുഞ്ഞമ്മാവന്‍

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയില്‍ വേഷം എല്ലാവരും എടുത്തുപറയുന്ന ഒരു വേഷമാണ്. സണ്ണിവെയ്ന്‍ അവതരിപ്പിച്ച നായകവേഷത്തിന്‍റെ കുഞ്ഞമ്മാവനായ വേഷം. എനിക്ക് കോമഡിവേഷം ചെയ്യാന്‍ താല്‍പ്പര്യം കുറവാണ്. പക്ഷേ അലമാരയില്‍ കോമഡിയെല്ലാം വര്‍ക്കായി. ഇപ്പോഴും ടി.വിയിലെല്ലാം വരുമ്പോള്‍ എന്‍ജോയ് ചെയ്തുകാണുന്ന ഒരു സിനിമയാണ്. ജഗതി ചേട്ടനെല്ലാം അഭിനയിച്ചപോലെയുള്ള വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.

ഭ്രമയുഗത്തിലെ വേഷം

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബ്ലാക് ആന്‍ഡ് വൈറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിലീസിന് എത്തിയപ്പോള്‍ ലോക സിനിമകളില്‍ ഇടംപിടിച്ചു. വളരെ ചുരുക്കം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ചിത്രത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പേടിയും ആകാംക്ഷയും കാമവുമെല്ലാം നിറഞ്ഞ ആ കഥാപാത്രത്തിന് ചെറിയ സ്ക്രീന്‍ സ്പേസേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സിനിമ കണ്ടവര്‍ ആ വേഷത്തെക്കുറിച്ച് എടുത്തുപറഞ്ഞു.

ഈ വര്‍ഷം എല്ലാ കലാകാരന്മാരുടേതുമാവട്ടെ...

പല പ്രതിസന്ധികളിലൂടെയാണ് മലയാള സിനിമ കഴിഞ്ഞവര്‍ഷം കടന്നുപോയത്. സിനിമകള്‍ റിലീസിന് ഉണ്ടായിരുന്നെങ്കിലും പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ കഴിയാത്ത വര്‍ഷം കൂടിയായിരുന്നു. ഞാനൊരു കലാകാരനാണ്. എനിക്ക് സിനിമ മാത്രമേ അറിയുകയുള്ളൂ... അതുകൊണ്ട് തന്നെ ഏതൊരു പ്രതിസന്ധികളെയും തരണം ചെയ്ത് ഇവിടെ നില്‍ക്കും. കാര്‍മേഘങ്ങള്‍ എല്ലാം മാറി സൂര്യന്‍ ഉദിക്കട്ടെ. ഈ വര്‍ഷം ഓരോ കലാകാരന്മാരുടേത് കൂടിയാവട്ടെ...

 


LATEST VIDEOS

Interviews