NEWS

നിത്യഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം...

News

ജീവിതം ആഘോഷമാക്കി മാറ്റുന്ന ഒരു ഗാനം വേണം. വരികളിലും ഈണത്തിലും അടിമുടി പോസിറ്റീവ് എനര്‍ജി സ്ഫുരിക്കണം. കേട്ടുനില്‍ക്കുന്നവരെ അത് ത്രസിപ്പിക്കണം. ഇതായിരുന്നു സംവിധായകന്‍ പി. പത്മരാജന്‍റെ ഡിമാന്‍റ്. വരികള്‍ എഴുതാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ആയിരുന്നു. ഈണം നല്‍കേണ്ട ചുമതല പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനും 1990 മേയ് മാസം റിലീസ് ചെയ്ത ഇന്നലെ എന്ന തന്‍റെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേയാണ് പത്മരാജന്‍ ഇങ്ങനൊരു നിര്‍ദ്ദേശം നല്‍കിയത്. പിന്നെല്ലാം ഞൊടിയിടയില്‍ സംഭവിക്കുകയായിരുന്നു.

നീ വിണ്‍ പൂ... പോല്‍.. ഇതളായി തെളിയും.. വരമായി നിറമായി... ഞാന്‍.. നിന്‍... പൂവിന്‍... ചിറകിന്‍.. തണലില്‍... കുളിരായി ഒഴുകി.. എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പിറവിയെടുക്കുന്നത് പത്മരാജന്‍റെ ഈയൊരു താല്‍പ്പര്യത്തിന്‍റെ ആഫ്റ്റര്‍ എഫക്ട് ആയിട്ടായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളിലൊന്നാണ് മേല്‍പ്പറഞ്ഞ നീ വിണ്‍ പൂ പോല്‍... എന്നത്. സംവിധായകന്‍റെ മനസ്സ് വായിച്ച കൈതപ്രത്തിന്‍റെ തൂലികയില്‍ പിറന്ന അതിമനോഹര വരികള്‍ക്ക് കൂടുതല്‍ ചാരുതയേകാന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്‍റെ താളബോധത്തിന് സാധിച്ചു. പരസ്പര പൂരകങ്ങളായ ചിന്തകളുടെ സംഗമഭൂവിലാകും ഇത്തരത്തിലൊരു മിക്ക സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും പിറവിയെടുത്തിട്ടുണ്ടാവുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നീ വിണ്‍ പൂ പോല്‍ മാത്രമല്ല ഇന്നലെ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകള്‍ തന്നെ ആയിരുന്നു.

മലയാള സിനിമാചരിത്രത്തിന്‍റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ ഇത്തരത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ആയിരക്കണക്കിന് ഗാനങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. മലയാളസിനിമയുടെ വസന്തകാലം എന്ന് വിശേഷിപ്പിക്കാവുന്ന 90 കളിലാണ് ഇവയില്‍ അധികവും പിറവിയെടുത്തിട്ടുള്ളത്. കാലമേറെ പിന്നിട്ടു. ആഖ്യാനത്തിലും അവതരണത്തിലും സിനിമ ഇന്ന് വേറിട്ട ശൈലിയിലാണ് സഞ്ചരിക്കുന്നത്. 

സാങ്കേതികമായി വന്നുഭവിച്ച പരിണാമങ്ങള്‍ വേറെ. ഇതിന്‍റെയൊക്കെ ഗുണഫലം സിനിമയുടെ ടോട്ടാലിറ്റിയില്‍ പോസിറ്റീവായി നിഴലിക്കുന്നുണ്ട്. എങ്കിലും ഗാനങ്ങളുടെ മികവ് പരിശോധിച്ചാല്‍ നമുക്ക് കാണാവുന്നത് ഒരു നെഗറ്റീവ് ട്രാക്ക് മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ തെറ്റുപറയാന്‍ സാധിക്കില്ല. കാലത്തെ അതിജീവിക്കുന്ന ക്ലാസിക്കുകള്‍ ഇന്ന് മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്നത് ഒരു സത്യം മാത്രമാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ നിരവധിയാണ്.

സിനിമയില്‍ കണ്ടന്‍റിന് മാത്രം പ്രാമുഖ്യമുള്ള കച്ചവടക്കാലത്ത് ഗാനങ്ങള്‍ ഒരു എസന്‍ഷ്യന്‍ ഫാക്ടര്‍ അല്ലാണ്ടായിരിക്കുന്നു എന്നതാണ് വസ്തുത. തീയേറ്ററിലെ വരുമാനത്തെ മാത്രം ആശ്രയിച്ച് സിനിമ നിര്‍മ്മിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് സാറ്റ് ലൈറ്റും ഓവര്‍സീസും മാത്രമാണ് എല്ലാത്തിനും മാനദണ്ഡം. അവിടെ ഗാനങ്ങളുടെ ഇടം അവസാനപന്തിയില്‍ മാത്രമാണ്. ഇനി അഥവാ ഗാനങ്ങള്‍ വേണമെന്ന് ശഠിച്ചാലും മികവുറ്റ സൃഷ്ടികള്‍ക്ക് പിറവികൊടുത്തിരുന്ന പലരും നമ്മോടൊപ്പമില്ല. 

ഒ.എന്‍.വിയുടേയും ബിച്ചു തിരുമലയുടേയും ഗിരീഷ് പുത്തഞ്ചേരിയുടേയും രവീന്ദ്രന്‍മാഷിന്‍റേയും ജോണ്‍സണ്‍ മാഷിന്‍റേയുമൊക്കെ വിയോഗം തീര്‍ത്തുവെച്ചത് നികത്താനാകാത്ത ഒരു വിടവ് തന്നെയാണ്. ശേഷിക്കുന്നവരില്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നുമില്ല. സര്‍ഗ്ഗശേഷിയില്‍ പുതുതലമുറ അവര്‍ക്കൊപ്പം എത്തുന്നില്ല എന്നത് മറ്റൊരു ദുഃഖസത്യവും. നല്ല ഗാനങ്ങളെ പ്രണയിക്കുന്നവര്‍ക്ക് മാത്രമാണ് ഇവിടെ നഷ്ടബോധം അനുഭവപ്പെടുന്നത്.

ഇവിടെ ഒരു പരിഹാരം എന്ത് എന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ. വന്ന വഴികളിലേക്ക് മടങ്ങുക എന്നതാണ് ആ ഉത്തരം. ഈ ചിന്ത സാധൂകരിക്കാന്‍ മറ്റെങ്ങും പോകേണ്ട. 2016 ല്‍ പുറത്തിറങ്ങിയ എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹിറോ ബിജു മാത്രം ഒന്ന് പരിശോധിച്ചാല്‍ മതി. ഇതിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍... എന്ന ഗാനം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജെറി അമല്‍ദേവ് എന്ന വിഖ്യാത സംഗീതസംവിധായകന്‍റെ തിരിച്ചുവരവായിരുന്നു ഇതിലൂടെ നാം കണ്ടത്. ഒപ്പം  വിഖ്യാത ഗായിക വാണി ജയറാമിന്‍റെ ശബദ്മാസ്മരികതയും  നാം അനുഭവിച്ചറിഞ്ഞു. 

2022 ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോബോബന്‍ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കാതോട് കാതോരം(1985) എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഹിറ്റ് ഗാനം(ഔസേപ്പച്ചന്‍) ചാക്കോച്ചന്‍ ചിത്രത്തില്‍ റീക്രിയേറ്റ് ചെയ്യപ്പെട്ടപ്പോള്‍ ലഭിച്ച സ്വീകാര്യത ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പുത്തന്‍ തലമുറയെ ത്രസിപ്പിക്കുന്ന ബി.ജി. എമ്മുകളും തീം മ്യൂസിക്കുകളും റീലുകളും ട്രോളുകളിലും മാത്രമായി ഒതുങ്ങുമ്പോള്‍ കാലത്തെ അതിജീവിച്ച ക്ലാസിക് ട്രാക്കുകള്‍ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് പടരുകയാണ്. അതിന് ന്യൂജെന്‍ എന്നോ ഓള്‍ഡ് ജെന്‍ എന്നോ വ്യത്യാസം ഇല്ല.

ഇവിടെ ഒരു പുനഃവിചിന്തനം നടത്തേണ്ടത് നമ്മുടെ സിനിമാമേഖലയിലെ അണിയറശില്‍പ്പികള്‍ തന്നെയാണ്. കാരണം നല്ല ഗാനങ്ങള്‍ പിറക്കണമെങ്കില്‍ അവരുടെ താല്‍പ്പര്യവും അതില്‍ ഉരുത്തുരിയുന്ന തീരുമാനങ്ങളുമാണ് ആദ്യം വേണ്ടത്. ആ ചിന്തയുടെ അടുത്തകാലഘട്ടം ക്ലാസിക് ഹിറ്റ്മേക്കേഴ്സിന്‍റെ മടങ്ങിവരവിന് വഴിയൊരുക്കുകയും വേണം. ഇവിടെ നാം തിരിച്ചറിയേണ്ട വസ്തുത ഒന്ന് മാത്രം- സംഗീതത്തിന് പ്രായമില്ലല്ലോ! പുതുതലമുറയുടെ ഈണത്തിനൊപ്പം ക്ലാസിക് റൈറ്റേഴ്സും കസ്റ്റമേഴ്സും ഒത്തുചേരുമ്പോള്‍ നമുക്ക് നമ്മുടെ നഷ്ടപ്രതാപം വീണ്ടെടുക്കാവുന്നതേയുള്ളൂ.
 


LATEST VIDEOS

Top News