തിരുവല്ലക്കാരി ഡയാനയില്‍ നിന്ന് നയന്‍താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്‍ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
മലയാളത്തില്‍ അരങ്ങേറി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ താരറാണിയായി മാറിയ നായികയാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഈ താരസുന്ദരി ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്. ഇപ്പോഴിതാ താരത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററി ഫിലിം ആയ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ പുറത്തിറങ്ങിയിരിക്കുന്നു. ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഇതിന്‍റെ റിലീസ്.
ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ച ദൃശ്യങ്ങളെച്ചൊല്ലി ധനുഷും നയന്‍താരയും തമ്മില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും നിയമവഴിയിലും കൊമ്പുകോര്‍ക്കുകയാണ്. ഇതിനിടെയാണ് ഡോക്യുമെന്‍ററിയുടെ റിലീസും. സിനിമയെന്ന വലിയ വ്യവസായത്തിന്‍റെ ഒരറ്റത്തെ ചെറിയൊരു ബിന്ദു മാത്രമായിരുന്ന തിരുവല്ലക്കാരി ഡയാന മേരി കുര്യന്‍ എന്ന നയന്‍താര അതേ വ്യവസായത്തിന്‍റെ കേന്ദ്രബിന്ദുവിലെത്തിയത് ചില്ലറ കാര്യമല്ല. അവസരങ്ങളെ തേടിപ്പിടിച്ച് വിനിയോഗിച്ച് പടത്തുയര്‍ത്തിയതാണ് അവര്‍ ആ സാമ്രാജ്യം. 40-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നയന്‍സ് തന്‍റെ പിന്നില്‍ തീര്‍ത്ത ചരിത്രം ഇന്ത്യന്‍ സിനിമയിലെ സുവര്‍ണ്ണരേഖയാണ്.
ആര്‍മി ഉദ്യോഗസ്ഥനായ കുര്യന്‍റെയും ഓമന കുര്യന്‍റെയും മകളായി 1984 ലാണ് നയന്‍താരയുടെ ജനനം. ഗുജറാത്ത്, തിരുവല്ല എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. പഠനത്തില്‍ മിടുക്കിയായിരുന്ന നയന്‍താര ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാവാനാണ് ആഗ്രഹിച്ചിരുന്നത്. പഠനത്തോടൊപ്പം മോഡലിംഗിലും മികവ് പുലര്‍ത്തി. നിരവധി പ്രമുഖ മത്സരങ്ങളിലും മികച്ച വിജയം നേടാനായി. ശേഷം ടെലിവിഷന്‍ അവതാരകയുമായി. അതിനിടയിലാണ് മനസ്സിനക്കരെ എന്ന സിനിമയിലേക്ക് നയന്‍സ് എത്തിപ്പെടുന്നത്.
പിന്നീട് വിസ്മയത്തുമ്പത്ത്, രാപ്പകല്‍, തസ്ക്കരവീരന്‍, നാട്ടുരാജാവ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ ഈ ചിത്രങ്ങളൊന്നും നയന്‍താരയെ മുന്‍നിര നായികയാക്കി വളര്‍ത്തിയില്ലെന്ന് വേണം പറയാന്‍. അതിനുശേഷമാണ് നയന്‍താര തമിഴിലേക്ക് ചുവടുമാറ്റുന്നത്. അത് ഇന്ത്യന്‍ സിനിമാചരിത്രത്തിലെ പുതിയ ഒരേടിന്‍റെ തുടക്കമായിരുന്നു. തമിഴ്, തെലുങ്ക് സിനിമാ മേഖലകളില്‍ നിരവധി അവസരങ്ങള്‍ നയന്‍സിനെ തേടി വന്നു. ശരത്കുമാര്‍, വെങ്കിടേഷ്, രജനികാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം അവര്‍ അഭിനയിച്ചു.
എന്നാല്‍ നായകന്‍റെ തണലില്‍ നില്‍ക്കുന്ന ഗ്ലാമര്‍ വേഷങ്ങളായിരുന്നു അവയെല്ലാം. ചന്ദ്രമുഖിയില്‍ രജനികാന്തിനൊപ്പം നായികയായി അഭിനയിച്ചത് അവര്‍ക്ക് കരിയറില്‍ വലിയ ബ്രേക്ക് നല്‍കി. ഒരു നായകന്‍റെയും സഹായമില്ലാതെ മായ, ഡോറ, അറം, അയ്റ തുടങ്ങി നിരവധി ചിത്രങ്ങള്‍ നയന്‍സിന്‍റെ ഒരൊറ്റപ്പേരില്‍ ഹിറ്റടിച്ചു. ഈ ചിത്രങ്ങളിലൊന്നും തമിഴിലെ മുന്‍നിര നായകന്മാരില്ലായിരുന്നു. നയന്‍താരയെന്ന ഒറ്റപ്പേരിനെ വിശ്വസിച്ച് ജനം തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി.
തകര്‍ന്ന പ്രണയങ്ങളുടെയും ഗ്ലാമറിന്‍റെ അതിപ്രസരത്തിന്‍റെയും പേരില്‍ ആദ്യനാളുകളില്‍ നയന്‍താര നേരിട്ട വിമര്‍ശനങ്ങള്‍ വളരേയേറെയാണ്. അവിടെ നിന്നും വിഗ്നേഷ് ശിവനുമായി വിവാഹം ചെയ്യുകയും, രണ്ട് മക്കളുടെ അമ്മയാവുകയും ചെയ്തതിനുശേഷം മാത്രമാണ് നയന്‍താരയുടെ നേരെയുള്ള അക്രമണങ്ങള്‍ ശക്തമായത്. പ്രഭുദേവയുമൊത്ത് സൗഹൃദത്തിലായിരുന്ന നയന്‍താര അദ്ദേഹത്തെ വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹവുമൊത്തുള്ള ബ്രേക്കപ്പ് നയന്‍താരയുടെ തന്നെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.
നേരത്തെതന്നെ വിവാഹിതനായ പ്രഭുദേവ നയന്‍താരയുമൊത്ത് ഒന്നിക്കുന്നു എന്നറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ ഭാര്യ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. വിവാഹം കഴിയുന്നതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും തന്‍റെ അവസാനചിത്രമായിരിക്കും 'ശ്രീരാമരാജ്യം' എന്നതടക്കം നയന്‍താര പ്രഖ്യാപിച്ചിരുന്നു. പലരും നയന്‍താര എടുത്ത തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ദസരി നാരായണറാവു നയന്‍താരയോട് നേരിട്ട് പറഞ്ഞു.
'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കരുത്' എന്ന്. എന്നാല്‍ അന്ന് നയന്‍താര തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. പക്ഷേ, പ്രഭുദേവയുടെ ഭാര്യ ലത വിവാഹമോചനത്തിന് തയ്യാറാകാതായതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതോടെ നയന്‍താര തന്‍റെ തീരുമാനം മാറ്റുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും തനിക്ക് മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ലെന്നും പ്രഭുദേവയുമൊത്തുള്ള ബന്ധത്തെ പരാമര്‍ശിച്ചുകൊണ്ട് നയന്‍താര ഡോക്യുമെന്‍ററിയില്‍ പറയുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ആറ്റ്ലി ചിത്രം രാജാറാണിയിലൂടെയാണ് പിന്നീട് നയന്‍താര ഗംഭീരതിരിച്ചുവരവ് നടത്തിയത്.
നയന്‍താര പ്രഭുദേവയുമായി അടുത്ത കാലഘട്ടത്തെക്കുറിച്ച് ഡോക്യുമെന്‍ററിയില്‍ നടിയുടെ അമ്മ ഓമനകുര്യന്‍ സംസാരിക്കുന്നുണ്ട്. മകള്‍ കയ്യില്‍ നിന്ന് പോയെന്ന് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നെന്ന് അമ്മ തുറന്നുപറഞ്ഞു. ആദ്യമായാണ് നയന്‍താരയും അമ്മയും ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. തനിക്ക് പറ്റിയ തെറ്റാണ് പ്രഭുദേവയുമായുള്ള ബന്ധമെന്ന് പേരെടുത്ത് പറയാതെ നയന്‍താര ഡോക്യുമെന്‍ററിയില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തില്‍ പിഴവുകള്‍ പറ്റും, അതില്‍ കുഴപ്പമില്ലെന്നും നയന്‍താര പറയുന്നു.
തന്‍റെ ആദ്യപ്രണയത്തെക്കുറിച്ചും താരം ഡോക്യുമെന്‍ററിയില്‍ പറയുന്നുണ്ട്. തീര്‍ത്തും വിശ്വാസപൂര്‍ണ്ണമായ ഒരു ബന്ധമായിരുന്നു തന്‍റെ ആദ്യത്തെ പ്രണയമെന്ന് താരം പറയുന്നു. അപ്പുറത്ത് നില്‍ക്കുമ്പോള്‍ തിരിച്ച് അതേ രീതിയില്‍ പ്രണയിക്കുന്നുവെന്ന് ആ വിശ്വാസമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും നയന്‍താര പറയുന്നു. ആരുടെയും പേരെടുത്ത് പറയാതെയാണ് നയന്‍താരയുടെ വാക്കുകള്‍. സിനിമയിലെത്തിയതിനുശേഷം ചിലമ്പരശനുമായിട്ടായിരുന്നു നയന്‍താരയുടെ ആദ്യസൗഹൃദം. പിന്നീട് പല അഭ്യൂഹങ്ങളും ഇരുവരേയും ബന്ധപ്പെടുത്തി പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.
എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി നയന്‍താരയുടെ ബലം വിഘ്നേഷ് ശിവനാണ്. വിക്കി ഒപ്പമുണ്ടെങ്കില്‍ ഒന്നിനെക്കുറിച്ചും ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലെന്നും എല്ലാം ശരിയായി തന്നെ നടക്കുമെന്നുമാണ് നയന്‍താര പറയാറുള്ളത്. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവും സൗഹൃദത്തിലാകുന്നതും അത് പിന്നീട് പ്രണയമായി മാറുന്നതും. പക്ഷേ സെറ്റിലാര്‍ക്കും ഇരുവരും പ്രണയത്തിലാണെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിനെ പ്രണയിച്ച് തുടങ്ങിയപ്പോള്‍ തന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു ട്രോളിനെക്കുറിച്ചും ഡോക്യുമെന്‍ററിയില്‍ വിഘ്നേഷ് വിവരിക്കുന്നുണ്ട്.
സിനിമയുടെ പണിയിലാണ് എന്നായിരുന്നു എന്‍റെ പ്രതികരണം. കൊച്ചിയിലേക്ക് വരാമോ എന്ന് ചോദിച്ചപ്പോഴും പോകാന്‍ മടിച്ചു. എന്നാല്‍ വിധിപോലെ എല്ലാം നടന്നു. പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്തായിരുന്നു എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്‍റെ ഉത്തരവാദിത്വം എന്നിലേക്ക് വന്നു. എന്നാല്‍ കുടുംബഭാരം എന്നെക്കൊണ്ട് ചുമപ്പിക്കുന്നതിന് പകരം സിനിമയുടെ പിന്നാലെ പോകാന്‍ അമ്മ അനുവാദം നല്‍കി. അമ്മയും അച്ഛനും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി നോക്കിയിരുന്നവരാണ്. ഒടുവില്‍ ആ സിനിമ തന്നെ എനിക്ക് നയന്‍താരയേയും തന്നു.
ഞങ്ങളുടെ പ്രണയം പുറംലോകം അറിഞ്ഞ് തുടങ്ങിയ സമയത്ത് നിരവധി ട്രോളുകളും മീമുകളും പരിഹാസവും വന്നിരുന്നു. അതില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി എന്നായിരുന്നു അത്. സുന്ദരിയെ പ്രണയിച്ച ഭൂതത്തിന്‍റെ കഥയുള്ളപ്പോള്‍ ബസ്കണ്ടക്ടറായിരുന്ന ആള്‍ സൂപ്പര്‍ സ്റ്റാറായ ചരിത്രമുള്ളപ്പോള്‍ ഇതൊക്കെ ഒരു വിഷയമാണോ... എന്നാണ് വിഘ്നേഷ് അന്ന് കേട്ട പഴികളെക്കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.
ഡോക്യുമെന്‍ററിയില്‍ നയന്‍താരയും വിഘ്നേഷിനെക്കുറിച്ച് വാചാലയാകുന്നുണ്ട്. എന്നെ എന്തുപറഞ്ഞാലും അത് ഞാന്‍ സഹിക്കും. എന്നാല്‍ വിഗ്നേഷ് ശിവനെ ആരെങ്കിലും മോശം പറഞ്ഞാല്‍ അത് എന്നേയും ബാധിക്കും. എന്‍റെ സ്ട്രെങ്ത്തും, വീക്ക്നെസും വിക്കിയാണ് എന്നാണ് നയന്‍താര പറയുന്നത്. ഇരുവരെയും അടുപ്പിട്ടത് നാനും റൗഡി താന്‍ സിനിമയിലൂടെയാണ്. അതുകൊണ്ടുതന്നെ നയന്‍സിന്‍റെ ജീവിതം പറയുമ്പോള്‍ ആ സിനിമ ഒഴിവാക്കാന്‍ സാധിക്കുകയില്ല. സിനിമയുടെ നിര്‍മ്മാതാവ് ധനുഷ് ആണ്.
ഡോക്യുമെന്‍ററിയില്‍ 'നാനും റൗഡി താനി'ന്‍റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കാന്‍ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയന്‍താര അന്ന് മൊബൈലില്‍ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തത്. ഇതുള്‍പ്പെട്ട ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് നോട്ടീസയച്ചു. 3 സെക്കന്‍റ് വിഷ്വലിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത് നയന്‍താര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇട്ടു. ധനുഷിന്‍റെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയുമെല്ലാം അതിരൂക്ഷമായി വിമര്‍ശിക്കുന്നതാണ് കത്ത്. തുടര്‍നാടകങ്ങള്‍ എന്താവുമെന്ന് കാത്തിരുന്നുതന്നെ കാണണം.