സിനിമാമേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുമായി ജയശങ്കര്‍
നമുക്ക് മുന്‍പേ സിനിമയില്‍ വന്നവര്‍ മദ്രാസില്‍ സിനിമ തേടിപ്പോയി കോടമ്പാക്കത്ത് പൈപ്പിന് കീഴില്‍ നിന്ന് വെള്ളം കുടിച്ചതും സ്ട്രഗിള്‍ ചെയ്ത കഥയുമെല്ലാം കേട്ടിട്ടുണ്ട്. അതുപോലെ അല്ലെങ്കിലും വെറും ഒരു അറുപത് രൂപ കൊണ്ട് ചെന്നൈയില്‍ നിന്ന് ഇങ്ങോട്ട് ട്രെയിന്‍ കയറിയ കഥ എനിക്കുമുണ്ട്. സെല്ലുലോയ്ഡില്‍ ഒരു ക്രൗഡ് ഷോട്ടില്‍ മുഖം കാണിച്ചാണ് ഞാന്‍ മലയാള സിനിമയുടെ ഭാഗമാവുന്നത്. അതിനുശേഷം തമിഴില്‍നിന്ന് ഒരു അവസരം വരുന്നു. ശിവകാര്‍ത്തികേയന്‍ നായകനാവുന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷം. അദ്ദേഹത്തിന്‍റെയും തുടക്കകാലം. നാട്ടിലും വീട്ടിലും പുതിയ സിനിമയിലെ അവസരം ആഘോഷമാക്കി. എവിഎം സ്റ്റുഡിയോയില്‍ വച്ച് പൂജ. അതെല്ലാം അത്ഭുതമായിരുന്നു. അവിടെയുള്ള ചാനലുകാരുടെ ഇന്‍റര്‍വ്യൂ. എല്ലാം ഒരു സ്വപ്നംപോലെ തോന്നിയ നിമിഷമായിരുന്നു. ഇത്ര എളുപ്പമായിരുന്നോ സിനിമ എന്നത് എന്‍റെ ഉറക്കത്തെപ്പോലും കളഞ്ഞ രാത്രി.
നല്ല സൗകര്യമുള്ള ഹോട്ടല്‍മുറി. നാല് ദിവസം അതിനിടയില്‍ അവര്‍ക്ക് നായികയെ കിട്ടിയില്ലെന്നും പ്രൊഡക്ഷന് ഫണ്ട് ചെയ്യാന്‍ ആരുമില്ലെന്നുമൊക്കെ കേട്ടിരുന്നുവെങ്കിലും സിനിമാ ഷൂട്ട് ഉടനെ തുടങ്ങുമെന്നാണ് അവരുടെ ഭാഗത്ത് നിന്ന് കിട്ടിയ വിവരം. നാല് ദിവസം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഇറങ്ങാനും നിന്ന ദിവസത്തെ വാടക തരാനും ഹോട്ടല്‍ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഞാന്‍ പെട്ടുപോയെന്ന് മനസ്സിലാക്കിയത്. എന്നെ കോണ്‍ടാക്ട് ചെയ്തവരെ ഒന്നും തിരിച്ചുവിളിച്ചിട്ടുകിട്ടുന്നില്ല. പേഴ്സിലാണെങ്കില്‍ ആകെ ഒരു അറുപത് രൂപ.
അവസാനം അവരുടെ കാല് പിടിച്ചാണ് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയത്. ഒരുപാട് സ്വപ്നങ്ങളുമായി ഞാന്‍ ഇറങ്ങിയ അതേ സ്റ്റേഷനില്‍ എല്ലാം തകര്‍ന്നവനെപ്പോലെ ഞാന്‍ ഇരുന്നത് ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു വിങ്ങലാണ്. ഒരു കുപ്പിവെള്ളവും ഒരു പാക്കറ്റ് ബിസ്ക്കറ്റുമായിരുന്നു അന്ന് വീട്ടില്‍ എത്തുന്നതുവരെയുള്ള എന്‍റെ ഭക്ഷണം.
വൈകുന്നേരത്തെ ട്രെയിനില്‍ നാട്ടിലേക്ക് കയറി. ആ യാത്രയില്‍ ഭൂമി അങ്ങ് താഴേയ്ക്ക് പോയിരുന്നെങ്കില്‍ എന്നുപോലും തോന്നിപ്പോയി. അതെല്ലാം തരണം ചെയ്ത് ഇന്ന് ഇന്‍ഡസ്ട്രിയില്‍ ചെറിയൊരു സ്പേസ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ ആത്മവിശ്വാസം മതി എനിക്ക് മുന്നോട്ട് പോവാനുള്ള ഇന്ധനമായി... സിനിമയെ വെല്ലുന്ന ജീവിതങ്ങള്‍ മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഓരോരുത്തര്‍ അനുഭവിച്ച ജീവിതം തന്നെയാവും ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. എഴുത്തുകാരന്‍ അബ്ബാസ് പറഞ്ഞപോലെ ചില സമയങ്ങളില്‍ നമ്മള്‍ കടന്നുവന്ന വഴി നമുക്ക് പോലും അത്ഭുതമെന്ന പോലെയാവുമെന്ന്... ജാക്സന്‍ ബസാര്‍, ജയ്ഗണേഷ്, സോമന്‍റെ കൃതാവ് തുടങ്ങിയ ചിത്രങ്ങളില്‍ മലയാളികള്‍ ജയശങ്കര്‍ എന്ന നടനെക്കണ്ടു. പ്രതിസന്ധികളെ തരണം ചെയ്ത് താന്‍ ആഗ്രഹിച്ച സ്പേസിനായി ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ജയശങ്കര്‍ തന്‍റെ ജീവിത- സിനിമാവിശേഷങ്ങള്‍ ആദ്യമായി നാനയ്ക്കുവേണ്ടി തുറന്നുപറയുന്നു...
ചാക്കോച്ചന്‍ ഉണ്ടാക്കിയ ഇംപാക്ട്
വര്‍ഷം 1997... കുഞ്ചാക്കോബോബന്‍ എന്ന നായകനടനെ ഫാസില്‍ സാര്‍ മലയാളികള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തിയ വര്‍ഷം. അപ്പുറത്തെ വീട്ടിലെ ചേച്ചിമാരും എല്ലാവരും കൂടി അനിയത്തിപ്രാവ് സിനിമയ്ക്ക് പോയി തിരിച്ചുനടന്നുവരുന്ന സമയത്ത് കൂടെയുള്ളവര്‍ എല്ലാവരും സംസാരിക്കുന്ന വിഷയം ആ നടനെക്കുറിച്ചായിരുന്നു. ഒരുപാട് അപകര്‍ഷതാബോധം കൊണ്ടുനടക്കുന്ന ഞാന്‍ അവരുടെയെല്ലാം ആ നായകനടനോടുള്ള ഇഷ്ടം കണ്ടാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചാല്‍ എന്നെയും ഒരുപാട് പേര്‍ ഇങ്ങനെ സ്നേഹിക്കുമെന്ന് മനസ്സിലാക്കിയത്.
യാതൊരുവിധ ആത്മവിശ്വാസമില്ലാത്ത, ഒരിക്കല്‍ പോലും ഒരു സിനിമാക്കാരനെപ്പോലും കാണാത്ത എന്നിലെ കുഞ്ഞുമനസ് ആരോടും പറയാതെ കൊണ്ടുനടന്ന ഒരു സ്വപ്നമായി സിനിമ. പിന്നെയാണ് സിനിമകള്‍ ഒരുപാട് കാണുന്നത്. നാനപോലുള്ള സിനിമ വാരിക വായിക്കാന്‍ ലൈബ്രറിയിലേക്ക് പോകും. ആ വഴി അറിയാന്‍ കഴിഞ്ഞു ദിലീപ് പോലുള്ള നടന്മാര്‍ മിമിക്രി വഴിയാണ് സിനിമയില്‍ എത്തിയതെന്ന്. അത് പ്രചോദനമായി സിനിമയിലേക്ക് എത്താന്‍ വേണ്ടി മിമിക്രി പഠിച്ചുതുടങ്ങി.
വളരുന്നതനുസരിച്ച് സിനിമാ മോഹവും കൂടി. ടീനേജിലേക്ക് എത്തിയപ്പോള്‍ മിമിക്രിക്കും മോണോ ആക്ടിനും വേണ്ടി സ്റ്റേജില്‍ കയറി സ്റ്റേജ് ഫിയറും മാറ്റി. സിനിമ എന്താണോ എങ്ങനെ അവിടെ എത്തിപ്പെടുക എന്നൊന്നും യാതൊരുവിധ ഐഡിയയുമില്ലാതെയാണ് സിനിമാ മോഹം നടന്നത്. ഇതിനിടയില്‍ കുഞ്ഞുഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക് ആല്‍ബങ്ങളിലെല്ലാം അഭിനയിച്ചു. പഠനശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലത്താണ് ഞങ്ങളുടെ ജോലി സ്ഥലത്ത് സെല്ലുലോയ്ഡിന്‍റെ ഷൂട്ട് നടക്കുന്നത്. അവിടെക്കണ്ട ഒരാളോട് സിനിമാ മോഹം പറഞ്ഞപ്പോള്‍ ക്രൗഡ് ഷോട്ടില്‍ അവസരം നല്‍കി. അങ്ങനെ ആദ്യമായി എനിക്ക് ഷോട്ട് വച്ചത് ലെജന്‍ഡായ കമല്‍സാര്‍. അന്നവിടെ അഭിനയിക്കാന്‍ നിന്നവരും ഞാന്‍ ഒരുപാട് ആരാധിക്കുന്ന നടന്മാര്‍. അങ്ങനെയാണ് ആദ്യസിനിമ സംഭവിക്കുന്നത്.
സിനിമ സ്വപ്നം കണ്ട്
സ്ട്രഗിള്‍ എന്നൊരു വാക്ക് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനായി തെരഞ്ഞെടുത്ത ഇഷ്ടത്തിനുവേണ്ടി കഷ്ടപ്പെടുക, ഒരു വെള്ളിയാഴ്ച എനിക്കും വരുമെന്ന പ്രതീക്ഷ, അത്രമാത്രം. പല സിനിമകളില്‍ നിന്ന് അവസാനനിമിഷം മാറ്റപ്പെട്ടിട്ടുണ്ട്. അതൊന്നും എന്നെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് പഠിച്ചതുകൊണ്ട് എല്ലാം അക്സെപ്റ്റ് ചെയ്യാനുള്ള മാനസികാവസ്ഥയിലാണ് ജീവിക്കുന്നത്. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ജാക്സണ്‍ ബസാറിലെ പവിത്രന്‍ എന്ന പോലീസ്വേഷം ചെറിയ രീതിയില്‍ ബ്രേക്ക് തന്നു. പണ്ട് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുമ്പോള്‍ സിനിമാ നടനെന്ന് വിളിച്ചുകളിയാക്കിയ പലരും ആ വേഷം കണ്ട് നന്നായി ചെയ്തെന്നൊക്കെ വിളിച്ചുപറഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആ സമയത്താണ് ഞാനും തിരിച്ചറിയുന്നത് ഇതാണ് എന്‍റെ അന്നമെന്ന്. ഇനിയും പരിശ്രമിച്ചുകൊണ്ടേയിരിക്കും. ബെറ്റര്‍ ഡേയ്സ് വരുമെന്ന പ്രതീക്ഷയില്‍.
ഇനി വരാനിരിക്കുന്ന പ്രോജക്ടുകള്‍
മാജിക് ഫ്രെയിംസിന്‍റെ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇ.ഡി എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. അഹമ്മദ് കബീറിന്‍റെ കേരള ക്രൈം ഫയല്‍സിന്‍റെ രണ്ടാം ഭാഗത്തിലും ഒരു വേഷം ചെയ്തിട്ടുണ്ട്. അതുപോലെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാത്ത ഒരു പ്രോജക്ട് കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം പ്രതീക്ഷ നല്‍കുന്ന പ്രോജക്ടുകളാണ്.