മിഷ്കിന്‍ എന്ന സംവിധായകന് ഐഡന്‍റിറ്റി ഉണ്ടാക്കിക്കൊടുത്ത സിനിമയായിരുന്നു 'ചിത്തിരം പേശുതടി.'ഭാവന തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. നരേന്‍ ആയിരുന്നു നായകന്‍. 'ചിത്തിരം പേശുതടി'ക്കുശേഷം തമിഴില്‍ ഭാവനയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വസന്തബാലന്‍, എഴില്‍, സ്റ്റാന്‍ലി, ചരണ്‍, സിമ്രാന്‍ എന്നിങ്ങനെ അന്നത്തെ പ്രഗത്ഭരായ സംവിധായകരുടെയെല്ലാം സിനിമകളിലൂടെ മികച്ച അഭിനേത്രിയായി ശ്രദ്ധനേടിയ ഭാവനയ്ക്ക് അജിത്തിനൊപ്പം അഭിനയിച്ച 'അസല്‍' എന്ന സിനിമയ്ക്കുശേഷം തമിഴില്‍ ഒരു ഇടവേള. അടുത്തിടെ രണ്ടാം വരവിനൊരുങ്ങി 'ദി ഡോര്‍' എന്ന സിനിമയിലൂടെ മടങ്ങിയെത്തിയ ഭാവന മനസ്സ് തുറന്നപ്പോള്‍...
.jpg)
തമിഴില്‍ റീ എന്‍ട്രിയാവുന്നതിനെ എങ്ങനെ കാണുന്നു..?
'ചിത്തിരം പേശുതടി' മുതല്‍ 'അസല്‍'വരെ തുടര്‍ച്ചയായി തമിഴില്‍ അഭിനയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ബ്രേക്ക് എടുത്ത് എന്നേയുള്ളൂ. അല്ലാതെ തമിഴ് സിനിമയെ വിട്ടുപോയിട്ടൊന്നുമില്ല. പിന്നെ എനിക്ക് അനുയോജ്യമായ നല്ല കഥകളൊന്നും എന്നെത്തേടി വന്നില്ല. തേടിവന്നവയൊന്നും എന്നെ ആകര്‍ഷിച്ചുമില്ല. തമിഴില്‍ അഭിനയിച്ചില്ലെങ്കിലും കന്നട, മലയാളം ഭാഷകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നുണ്ട്. പിന്നെ ഞാന്‍ തമിഴില്‍ അഭിനയിക്കുന്നില്ല എന്നൊരു തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോള്‍ എന്നെ കാണുന്ന തമിഴ് സിനിമാക്കാരൊക്കെ 'എങ്ങനെ നിങ്ങളുമായി ബന്ധപ്പെടണം എന്നറിയാതെ ഇത്രവര്‍ഷമായി നിങ്ങളെ മിസ് ചെയ്തു'چഎന്ന് എന്നോട് പറയുന്നു. ഇപ്പോഴത്തെ 'ഡോര്‍' എന്ന സിനിമയിലൂടെ തമിഴില്‍ വീണ്ടും സജീവമാകുകയാണ്.
പതിനഞ്ചാമത്തെ വയസ്സില്‍ സിനിമയില്‍ നായികയായി എത്തിയ ഭാവനയ്ക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തുതോന്നുന്നു?
എന്‍റെ അച്ഛന്‍ സിനിമയില്‍ അസോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്നു. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങള്‍ ഞങ്ങളോട് വിവരിക്കുമായിരുന്നു. സിനിമയില്‍ വരാന്‍ അതൊക്കെ എനിക്ക് പ്രചോദനമായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തന്നെ സിനിമാ അവസരങ്ങള്‍ എന്നെത്തേടി എത്തിയിരുന്നു. മറ്റുള്ളവരൊക്കെ സിനിമയില്‍ വരാന്‍ ഞാന്‍ വളരെയധികം കഷ്ടപ്പെട്ടു എന്നുപറഞ്ഞുകേട്ടിട്ടുണ്ട്. ഞാന്‍ സിനിമയിലെത്താന്‍ കഷ്ടപ്പെട്ടിട്ടേ ഇല്ല. വളരെ ഈസിയായി നന്നേ ചെറുപ്പത്തില്‍ തന്നെ ഞാന്‍ സിനിമയിലെത്തി. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കൊച്ചുകൊച്ചു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് എങ്ങനെയായിരിക്കും എന്ന് തുടക്കത്തില്‍ ഒരു മടിയും ഭയവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിത്തന്നെ മാറി.
.jpg)
തമിഴില്‍ എങ്ങനെയാണ് അവസരം കിട്ടിയത്?
ഇന്നത്തെപ്പോലെ അന്ന് സോഷ്യല്‍ മീഡിയാ ഒന്നും ഇല്ലായിരുന്നു. ഒരു ചായക്കടയില്‍ വെച്ച് എന്‍റെ മുഖചിത്രമുള്ള മലയാള വാരിക കണ്ടിട്ട് 'ഈ പെണ്ണാണ് എന്‍റെ കഥാപാത്രത്തിന് ആപ്റ്റ്' എന്ന് തീരുമാനിച്ച് മിഷ്കിന്‍ എന്നോട് ബന്ധപ്പെടുകയായിരുന്നു. 'ചിത്തിരം പേശുതടി'യുടെ കഥകേട്ട മാത്രയില്‍തന്നെ എന്‍റെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ അച്ഛനാകട്ടെ നമുക്ക് പരിചയമില്ലാത്ത(തമിഴ്) മേഖലയിലേക്ക് പോകേണ്ട എന്നുപറഞ്ഞ് തടഞ്ഞു. എങ്കിലും എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് വാശിപിടിച്ച് അഭിനയിച്ചു.
തമിഴില്‍ അഭിനയിച്ച സിനിമകളിലെ ഇഷ്ടഗാനങ്ങള്‍..?
'ദീപാവലി' എന്ന സിനിമയിലെ എല്ലാ പാട്ടുകളും എന്‍റെ ഫേവറിറ്റാണ്. 'വെയില്‍', 'ചിത്തിരം പേശുതടി', 'വാഴ്ത്തുക്കള്‍', 'ജയം കൊണ്ടാന്‍' എന്നിങ്ങനെ എല്ലാ സിനിമയിലെ പാട്ടുകളും എനിക്ക് ഇഷ്ടപ്പെട്ടവ തന്നെ.
ഭാവനയുടെ സംസാരത്തിലും പ്രവൃത്തിയിലും ഒരു ബോള്‍ഡ്നെസ് കാണുന്നുണ്ടല്ലോ?
ജീവിതം എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും. ഒരു ഘട്ടത്തില്‍ തന്‍റേടം മാത്രം ഉണ്ടാവേണ്ട നിര്‍ബന്ധിത അവസ്ഥയുണ്ടാവും. ആ സമയത്ത് അതിനെ തന്‍റേടത്തോടെ തന്നെ അഭിമുഖീകരിക്കണം. സാഹചര്യങ്ങള്‍ക്കനുസൃതമായി തന്‍റേടത്തോടെ അഭിമുഖീകരിക്കുന്നു എന്നേയുള്ളൂ.

നിങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഏതൊക്കെയാണ്?
സ്ക്കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനുശേഷം ജോലി വേണമെന്ന ആഗ്രഹമൊന്നും എനിക്ക് ഇല്ലായിരുന്നു. സ്ക്കൂള്‍ കഴിഞ്ഞുള്ള എന്‍റെ ഓര്‍മ്മകള്‍ മുഴുവന്‍ സിനിമ മാത്രമാണ്. അതുകൊണ്ട് എന്‍റെ സിനിമകളെ ഞാന്‍ എപ്പോഴും ഓര്‍മ്മിച്ചുകൊണ്ടേയിരിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ കാണുമ്പോള്‍, ആ രംഗം ചിത്രീകരിക്കുമ്പോള്‍ എന്തൊക്കെ നടന്നു എന്നതും എന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തും.
അജിത്കുമാര്‍, മാധവന്‍, ജയംരവി എന്നീ വലിയ നടന്മാരോടൊപ്പം തമിഴില്‍ അഭിനയിച്ചു. ഇനി തമിഴില്‍ ആര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമാണ് ബാക്കി നില്‍ക്കുന്നത്?
എന്‍റെ അമ്മ കമല്‍സാറിന്‍റെ തീവ്ര ആരാധികയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്.