NEWS

മൂന്നുവര്‍ഷക്കാലം ജീവിതം വേദനാജനകമായിരുന്നു... -ഭരത്

News

രാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച നടനാണ് ഭരത്. തമിഴില്‍ കാതല്‍, വെയില്‍, എംഡന്‍ മകന്‍, മലയാളത്തില്‍ ഫോര്‍ ദി പീപ്പിള്‍ എന്നിങ്ങനെ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച ഈ താരത്തിന്‍റെ കരിയര്‍ പക്ഷേ ഇ.സി.ജി ഗ്രാഫുപോലെ കയറിയും ഇറങ്ങിയുമായിരുന്നു. ഒപ്പം വന്ന പലരും മുന്‍നിരയിലെത്തിയിട്ടും ഭരതിന് ലക്ഷ്യപ്രാപ്തി നേടാനായില്ല. അതിന്‍റെ കാരണങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി പഠിച്ചുകൊണ്ട് തന്‍റെ രണ്ടാംമൂഴം കാത്തിരിക്കുന്ന ഭരത് ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചുവരുന്നുണ്ട്. തന്‍റെ കയറ്റ ഇറക്കങ്ങളെക്കുറിച്ചും സിനിമ നല്‍കിയ പാഠത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു ഭരത്.

അന്‍പതില്‍പരം സിനിമകളില്‍ ഭരത് അഭിനയിച്ചുകഴിഞ്ഞല്ലോ. എന്ത് തോന്നുന്നു?

ഈ ചോദ്യം കേള്‍ക്കുമ്പോള്‍ത്തന്നെ സന്തോഷമുണ്ട്. എന്നെ വിശ്വസിച്ച് വന്ന സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരോട് സത്യസന്ധത പുലര്‍ത്തിയതുകൊണ്ടാണ് ഇത്രയും വര്‍ഷം നിലനില്‍ക്കാനായത്. പല കയറ്റ ഇറക്കങ്ങളും കണ്ടു. അടുത്ത ലെവലിലേക്ക് പോകുന്നതിനായി ഒരു വലിയ പടം ചെയ്യണം. അതും അടുത്തുതന്നെ നടക്കും.

സിനിമ മാറിയതുപോലെ ജനങ്ങളുടെ ആസ്വാദനരീതിയും മാറി എന്നു തോന്നുന്നുണ്ടോ?

ഇന്നത്തെ സംവിധായകര്‍ വളരെ എക്സ്ട്രീം ആയിട്ടാണ് കഥ പറയുന്നത്. അതില്‍ ഏതാണ് എനിക്ക് സെറ്റാവുക എന്നും പ്രേക്ഷകരിലേക്ക് റീച്ചാവുക എന്ന് നോക്കി തിരഞ്ഞെടുത്ത് സിനിമകള്‍ ചെയ്യേണ്ടിയിരിക്കുന്നു. അടുത്തിടെ വന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയില്‍ 'സ്റ്റാര്‍' എന്നുപറയാന്‍ തക്ക ആരും ഇല്ലായിരുന്നു. നല്ല സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് ശക്തമായൊരു കഥയായി മാറി. വമ്പിച്ച വരവേല്‍പ്പ് നേടി. എന്‍റെ ബലം എന്താണെന്ന് എനിക്കറിയാം. എങ്ങനെയുള്ള സിനിമകളില്‍ അഭിനയിക്കണം എന്ന് എന്‍റെ അനുഭവം എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. 

നന്നായി ഡാന്‍സ് ചെയ്യുന്ന ഹീറോയാണ് ഭരത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളിലൊന്നും നിങ്ങളുടെ ഡാന്‍സ് കാണാനില്ലല്ലോ?

ആ വിഷമം എനിക്കുമുണ്ട്. ഇപ്പോള്‍ വരുന്ന സിനിമകളില്‍ പാട്ടും ഡാന്‍സുമൊന്നും ആരും വയ്ക്കുന്നില്ല. രജനിസാര്‍, വിജയ് സാര്‍ എന്നിങ്ങനെയുള്ളവരുടെ അപൂര്‍വ്വം സിനിമകളില്‍ മാത്രമേ പാട്ടും ഡാന്‍സുമൊക്കെ വയ്ക്കുന്നുള്ളൂ. എനിക്ക് ഒരു സിനിമയിലെങ്കിലും ഡാന്‍സ് ചെയ്യണം എന്ന ആഗ്രഹമുണ്ട്. പതിനഞ്ചുവര്‍ഷം മുമ്പ് സംവിധായകര്‍ കഥയുണ്ടാക്കുമ്പോള്‍ തന്നെ, സിനിമയില്‍ അറുപത് സീനുകളുണ്ടെങ്കില്‍ അതില്‍ അഞ്ച് പാട്ടും ഉണ്ടാവുമെന്ന് എഴുതിവയ്ക്കുമായിരുന്നു. അഞ്ച് പാട്ട്, നാല് ഫൈറ്റ് എന്നിങ്ങനെ സ്ക്രിപ്റ്റിലുണ്ടാവും. എന്നാലിന്ന് പാട്ടിനും ഡാന്‍സിനുമുള്ള സന്ദര്‍ഭമേ എഴുതുന്നില്ല. തെലുങ്കില്‍ സ്ഥിതി മറിച്ചാണ്. അവിടെ ഇപ്പോഴും പാട്ടിനും ഡാന്‍സിനും പ്രാധാന്യം നല്‍കുന്നുണ്ട്. 'പുഷ്പാ'യില്‍ കഥയും പാട്ടുമൊക്കെ സന്തുലിതമായിരുന്നു.

വളരെയധികം ആത്മാര്‍ത്ഥമായി ശ്രദ്ധ ചെലുത്തി അഭിനയിച്ച ചില  സിനിമകള്‍ വിജയിക്കാതെ പോകുമ്പോഴുള്ള ഭരതിന്‍റെ മാനസികാവസ്ഥ എന്തായിരിക്കും. എങ്ങനെയാണ് അതില്‍നിന്നും റിക്കവറാവുന്നത്...?

ശീലമായി. ഞാന്‍ അഭിനയിക്കാനെത്തിയ ആദ്യകാലങ്ങളില്‍ എന്‍റെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമം ഉണ്ടായിരുന്നു. 'കാതല്‍', 'ചെല്ലമേ'എന്നീ സിനിമകള്‍ മഹത്തായ വിജയമായി. മലയാളത്തില്‍ 'ഫോര്‍ ദി പീപ്പിള്‍' സൂപ്പര്‍ഹിറ്റായി. മലയാളികള്‍ എന്നെ കൊണ്ടാടി. അതാണ് സിനിമ എന്ന് ഞാന്‍ കരുതി. അതിനുശേഷം അടുത്തടുത്തായി രണ്ട് പരാജയങ്ങള്‍. മൂന്നുവര്‍ഷക്കാലം ജീവിതം വേദനാജനകമായിരുന്നു. ഇങ്ങനെയാണ് സിനിമ... ഇതാണ് സിനിമ എന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. പോരാട്ടത്തിനിടയെ മാത്രമേ വിജയം വരൂ എന്ന് മനസ്സിലാക്കി. 

ഓരോ വിജയത്തേയും പരാജയത്തേയും പാഠമായി ഞാന്‍ ഉള്‍ക്കൊണ്ടു. ചില സിനിമകള്‍ കച്ചവടപരമായി വിജയം നേടിയില്ലായെങ്കിലും എന്‍റെ കരിയറിലെ ബെസ്റ്റായിരുന്നു അവ. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതിന്‍റെ വേദന മനസ്സിനെ മഥിക്കുമെന്നത് സത്യം തന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ യോഗാ, ധ്യാനം, കടുത്ത വ്യായാമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എന്‍റെ എനര്‍ജിയെ തിരിച്ചുപിടിക്കും. ക്രിക്കറ്റില്‍ ഒരു കാര്യമുണ്ട്. അതില്‍ ഡൗണ്‍ഫാള്‍ ആവുമ്പോള്‍ ആ ടീം പിന്നീട് ആറുമാസത്തേയ്ക്ക് ക്രിക്കറ്റിനെക്കുറിച്ചേ സംസാരിക്കില്ല. അതിനുശേഷം റീബ്യൂട്ടാവും. അതുപോലെ ഞാനും സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാതെ സ്പോര്‍ട്സില്‍ ശ്രദ്ധ ചെലുത്തി എന്നെ വീണ്ടെടുക്കും.

ഏതുതരം സിനിമകളില്‍ അഭിനയിക്കണം എന്നാണ് ഭരത് ആഗ്രഹിക്കുന്നത്?

പാ. രഞ്ജിത്തിന്‍റെ 'മദ്രാസ്' പോലുള്ള ഒരു സിനിമ ചെയ്യണമെന്നത് എന്‍റെ വളരെക്കാലത്തെ ആഗ്രഹമാണ്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മദ്രാസിലാണ്. ഞാനൊരു അസ്സല്‍ ചെന്നൈ പയ്യനാണ്. അതുകൊണ്ട് അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം എപ്പോഴുമുണ്ട്. ഈ വര്‍ഷം കരിയറില്‍ നല്ല ലൈനപ്പുണ്ട്. തുടര്‍ച്ചയായി സിനിമകളുണ്ട്. ഈ വര്‍ഷം നല്ലൊരു തിരിച്ചുവരവായിരിക്കും.

 


LATEST VIDEOS

Interviews