മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹന്‍ലാല്‍ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണില്‍നിന്നുമായിരുന്നു.
ആ പുണ്യം നല്‍കിയ മണ്ണില്‍ നിന്നുതന്നെ മോഹന്‍ലാല്‍ എന്ന സംവിധായകനെക്കൂടി നമുക്ക് ലഭിക്കാന്‍ പോകുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പ്രഥമ സിനിമയായ 'ബറോസി'ന്‍റെ പൂജാച്ചടങ്ങുകള്‍ നടന്നത് എറണാകുളത്ത് കാക്കനാടുള്ള നവോദയാ സ്റ്റുഡിയോയില്‍ വച്ചായിരുന്നു. 2021 മാര്‍ച്ച് 24-ാം തീയതി. ഇപ്പോള്‍ മൂന്നരവര്‍ഷങ്ങളും കഴിഞ്ഞ് സിനിമ തീയേറ്ററുകളില്‍ എത്തുകയാണ്.
ഡിസംബര്‍ 25-ാം തീയതി.
ക്രിസ്തുമസ് ഫെസ്റ്റിവല്‍ സിനിമയായി തീയേറ്ററിലെത്തുന്ന ഈ ത്രീഡി സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന കാത്തിരിപ്പിന്‍റെ അളവുകോലിന് ദൈര്‍ഘ്യം ഏറെയാണ്. നടന്‍റെ വൈഭവം കണ്ട മലയാളികള്‍ക്ക് ലാലിലെ സംവിധായകനെ തിരിച്ചറിയാനുള്ള ആഗ്രഹവും ആവേശവും ഉണ്ട്. മോഹന്‍ലാല്‍ അഭിനയിച്ച പല സിനിമകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ പറയുന്ന ഒരു കാര്യമുണ്ട്. 'മോഹന്‍ലാലില്‍ ഒരു സംവിധായകനുണ്ട്.'
'ബറോസി'ന്‍റെ പൂജാവേളയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ പ്രസംഗിക്കുകയുണ്ടായി.
'മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പൂജാവേളയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഇവിടെ സംഗമിച്ചിരിക്കുന്ന ആരും തന്നെ കരുതിയിട്ടുണ്ടാവില്ല.
'വരവേല്‍പ്പ്' എന്ന സിനിമ ചെയ്യുമ്പോള്‍ ബസ്സ് തല്ലിപ്പൊളിക്കുന്ന സീനില്‍ ഒരു ചെറിയ ഫൈറ്റ് സീക്വന്‍സുണ്ട്. അത് ചിത്രീകരിക്കാന്‍ തീരുമാനിച്ചതിന്‍റെ അവസാനനിമിഷത്തില്‍ സ്റ്റണ്ട് ഡയറക്ടര്‍ ത്യാഗരാജന്‍ മാഷിന് പാലക്കാട്ടെ ലൊക്കേഷനില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു ഫൈറ്റ് മാസ്റ്ററെ എന്‍റെ സെറ്റില്‍ കൊണ്ടുവരാന്‍ കഴിയാതെ വന്നപ്പോള്‍ ഫൈറ്റ് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ഞാനാലോചിച്ചു. അത് മനസ്സിലാക്കിയ മോഹന്‍ലാല്‍ അന്ന് പറഞ്ഞതിങ്ങനെയായിരുന്നു. 'ത്യാഗരാജന്‍ മാസ്റ്ററുടെ അനുഗ്രഹം ഉണ്ടായാല്‍ മതി, ഫൈറ്റ് നമുക്ക് തനിയെ ഷൂട്ട് ചെയ്യാം. മോഹന്‍ലാല്‍ പറഞ്ഞതുപോലെ തന്നെ ആ ഫൈറ്റ് സീന്‍ അന്ന് ഡയറക്ട് ചെയ്തത് മോഹന്‍ലാലായിരുന്നു.
മോഹന്‍ലാലിന്‍റെ മനസ്സില്‍ ഒരു സംവിധായകനുണ്ടെന്ന യാഥാര്‍ത്ഥ്യം അന്നേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ലാല്‍ മിക്കപ്പോഴും അഭിനയിക്കുന്നത് ലാല്‍ അറിയാതെയാണ്. ചെയ്യുന്ന കഥാപാത്രത്തിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളൊന്നും ലാല്‍ കണ്ടെത്താറില്ല. ആ ഒരു നിറഞ്ഞ അറിവും കഴിവും ലാലിന്‍റെ സംവിധാനത്തിലും ഉണ്ടാകുമെന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'
അതേവേദിയില്‍ വച്ചുതന്നെ മമ്മൂട്ടിയും ലാലിനെക്കുറിച്ച് പറഞ്ഞു.
'നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുമേലെയായി ഞങ്ങള്‍ ഒരുമിച്ച് ഈ രംഗത്ത് യാത്ര ചെയ്യുന്നവരാണ്. സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം കണ്ടും കേട്ടും അനുഭവിച്ചുമാണ് ഞങ്ങളുടെ യാത്ര തുടരുന്നത്. ഈ ഒരു നിമിഷം..., അതായത് 'ബറോസ്' സിനിമയുടെ ഈ വേള മലയാളികള്‍ക്കെന്നും അഭിമാനിക്കാനും ആഹ്ലാദിക്കാനും കഴിയുന്ന സുന്ദരമായ ഒരു മുഹൂര്‍ത്തമാണ്.
എന്‍റെ സുഹൃത്തും സഹോദരനുമെന്നതിലും അപ്പുറത്തേയ്ക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടുപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങളുണ്ട്. ഞാന്‍ അദ്ദേഹത്തിന് ഈ പുതിയ സംരംഭത്തിന് എല്ലാ പിന്തുണയും ആശംസയും നേരുന്നു.'
ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒരു നാടകം സംവിധാനം ചെയ്യാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും 'ബറോസി'ന്‍റെ പൂജാവേളയില്‍ മോഹന്‍ലാല്‍ പറയുകയുണ്ടായി.
സിനിമാസംവിധാനം അപ്രതീക്ഷിതമായി വന്നുചേര്‍ന്നതാണത്രേ. നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ഒരു ത്രില്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ ഒരു രസം ഉണ്ടാകുന്നത്. പക്ഷേ.. അത് മനസ്സില്‍ വിചാരിച്ചാല്‍ മാത്രം പോര. അത് നടന്നുകിട്ടാന്‍ ഒരു ഭാഗ്യം വേണം, അത് ഒരു പ്രത്യേക ഒരനുഭൂതിയാണ്, അവസ്ഥയാണ്.
ഒരുപക്ഷേ, പ്രകൃതിക്കും നമുക്ക് അറിഞ്ഞുകൂടാത്ത ശക്തിക്കും സിനിമയ്ക്കും ഒക്കെ തോന്നിയതുകൊണ്ടാകാം എന്നിലൂടെ ഈ സിനിമ പ്രവര്‍ത്തിച്ചത്. ഒരുപാട് പ്രത്യേകതകളുള്ള ഒരു സിനിമയായി ഇത് മാറട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി.
ഒരുപാട് പ്രതിസന്ധികളും പ്രതികൂലമായ അവസ്ഥകളും താണ്ടിയാണ് 'ബറോസ്' ഇപ്പോള്‍ തീയേറ്ററുകളിലെത്താന്‍ പോകുന്നത്. ആദ്യത്തെ പ്രതിസന്ധി കോവിഡ് തന്നെയായിരുന്നു. ബറോസിന്‍റെ പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുമ്പോഴായിരുന്നു കോവിഡിന്‍റെ വരവ്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പല കലാകാരന്മാരും ടെക്നീഷ്യന്‍സും ഈ സിനിമയിലുണ്ട്. അവരുടെ വിസ ലഭിക്കാനുണ്ടായ കാലതാമസങ്ങള്‍ വിഘ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നെ കാലാവസ്ഥാവ്യതിയാനങ്ങള്‍ തുടങ്ങി പലതും...
വളരെ എക്സൈറ്റഡായിട്ടുള്ള ഒരു പ്രോജക്ടാണിതെന്ന് സംവിധായകന്‍ മോഹന്‍ലാല്‍ തന്നെ അവകാശപ്പെടുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു കൗതുകമുള്ള കഥ.
ചില നിമിത്തങ്ങളിലൂടെയാണ് ഈ സിനിമ രൂപപ്പെട്ടുവന്നതും സിനിമയുടെ സംവിധാനച്ചുമതല ലാല്‍ ഏറ്റെടുക്കുന്നതും. ലാലിന്‍റെ സിനിമാജീവിതത്തിലെ പല കൗതുകങ്ങളും ഈ സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഇതിനോടകം പല ഡേറ്റുകളും 'ബറോസി'ന്‍റെ റിലീസിനുവേണ്ടി ആലോചിച്ചിരുന്നു. പല കാരണങ്ങളാല്‍ അതെല്ലാം നീണ്ടുപോയി. ഇപ്പോള്‍ ഈ ഡിസംബര്‍ 25 ന് ചിത്രമെത്തുമ്പോള്‍ ആ ദിനത്തിന്‍റെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നിമിത്തമായി സംഭവിക്കുന്നത്. മോഹന്‍ലാലിന്‍റെ ആദ്യ സിനിമയായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' റിലീസ് ചെയ്യുന്നതും ഇതുപോലെ ഒരു ക്രിസ്തുമസ് ദിനത്തില്‍ തന്നെയാണ്. ഡിസംബര്‍ 25 ന്.
നടന്മാരായ പ്രതാപചന്ദ്രനും ആലുമ്മൂടനും ഒഴിച്ചാല്‍ ബാക്കിയുള്ള അഭിനേതാക്കളെല്ലാവരും പുതുമുഖങ്ങളായി എത്തിയ സിനിമയായിരുന്നു 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.' ശങ്കറും പൂര്‍ണ്ണിമാജയറാമും ഒക്കെ. സംവിധായന്‍ ഫാസിലും സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും ഒക്കെ അന്ന് നവോദയ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങള്‍ തന്നെയായിരുന്നു.
2024 ലെ ഈ മഞ്ഞുകാലത്തും 'ബറോസ്' എന്ന സിനിമ മഞ്ഞില്‍ വിരിയുന്ന പുതിയ പൂക്കളായി മാറട്ടെ... അതിന്‍റെ സൗരഭ്യം പ്രേക്ഷകരെ ആനന്ദിപ്പിക്കും വിധം എവിടെയും പരക്കട്ടെ...
റിലീസിന് മുമ്പേ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
1980 കാലം. അക്കാലത്ത് തൊടുപുഴയില്‍ മൂന്ന് തീയേറ്ററുകള്‍ സ്വന്തമായുണ്ടായിരുന്ന ഒരു സ്വാമിയുണ്ട്. ശ്രീകൃഷ്ണ, ലിറ്റില്‍ കൃഷ്ണ... എന്നിങ്ങനെ മൂന്ന് തീയേറ്ററുകളുടെ ഉടമ. ഇദ്ദേഹത്തിനന്ന് സിനിമാക്കാരുമായി നല്ല ബന്ധങ്ങളും അടുപ്പങ്ങളുമുണ്ടായിരുന്നു. തൊടുപുഴ സ്വാമി എന്നാണ് സിനിമാക്കാര്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
അന്നൊക്കെ റിലീസാകുന്ന പല സിനിമകള്‍ക്കും വേണ്ടി സ്വാമി ഫൈനാന്‍സ് ചെയ്യുന്നുണ്ടായിരുന്നു. നവോദയാ അപ്പച്ചനുമായും സ്വാമി അന്ന് നല്ല അടുപ്പത്തിലായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നതിന്‍റെ രണ്ടാഴ്ച മുമ്പ്, അന്ന് തൊടുപുഴയിലെ ശ്രീകൃഷ്ണ തീയേറ്ററില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്‍റെ ഒരു സ്പെഷ്യല്‍ ഷോ വച്ചു.
രാത്രി 11 ണിക്കായിരുന്നു സ്പെഷ്യല്‍ ഷോ. പുതിയ സംവിധായകനും പുതുമുഖങ്ങള്‍ അഭിനയിച്ചതുകൊണ്ടും ഈ സിനിമ സ്വാമിയെ പ്രത്യേകമായി കാണിച്ചുകൊണ്ട് അഭിപ്രായം അറിയാന്‍ വേണ്ടി നവോദയാ അപ്പച്ചന്‍ പ്രത്യേകമായി പ്ലാന്‍ ചെയ്തതായിരുന്നു ഈ സ്പെഷ്യല്‍ ഷോ. ഒരു ഫിലിം കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എന്‍റെയൊരു ബന്ധുവിനെ കാണാന്‍ ഞാനുമന്ന് തൊടുപുഴയിലെ ശ്രീകൃഷ്ണ തീയേറ്ററിലെത്തിയിരുന്നു.
രാത്രിയില്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളു'ടെ സ്പെഷ്യല്‍ഷോ ഉണ്ടെന്നറിഞ്ഞപ്പോള്‍ അതൊന്ന് കാണണമെന്ന് എനിക്കും തോന്നി. സ്വാമി ഉള്‍പ്പെടെ തീയേറ്ററിലെ മറ്റ് സ്റ്റാഫുമടക്കം ഞങ്ങളന്ന് 17 പേര്‍ സിനിമ കാണാനുണ്ടായിരുന്നു. ഷോ കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ഞങ്ങളുടേതായ അഭിപ്രായം പറയുകയും ചെയ്തു. എല്ലാവരും തന്നെ കൊഡൈക്കനാലിന്‍റെ മഞ്ഞും തണുപ്പും കുളിരും ആസ്വദിച്ച് സിനിമ കണ്ടു. എല്ലാവര്‍ക്കും ഒരു ഫ്രഷ്നസ് ഫീല്‍ ചെയ്തിരുന്നു.
പില്‍ക്കാലത്ത് ഞാന്‍ ചലച്ചിത്ര പ്രവര്‍ത്തകനായി. കോട്ടയത്ത് പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഹിമവാഹിനി' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് മോഹന്‍ലാലിനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്. അന്ന് ഹോട്ടല്‍ ഐഡയില്‍ വച്ച് മോഹന്‍ലാലും ശങ്കറും ഒരുമിച്ച് ഒരു ഇന്‍റര്‍വ്യൂവും എടുത്തു. ആയിടയ്ക്ക് നാണയം, ഇനിയും കുരുക്ഷേത്രം തുടങ്ങി കുറെ സിനിമകളുടെ ഷൂട്ടിംഗ് കോട്ടയത്തുണ്ടായിരുന്നു. അപ്പോഴെല്ലാം ഞങ്ങള്‍ കണ്ടുമുട്ടാറുണ്ടായിരുന്നു. ഫോട്ടോയും ഇന്‍റര്‍വ്യൂവും.... മിക്കപ്പോഴും നടന്നു.
പിന്നീടൊരിക്കല്‍ പാലക്കാട്ട് 'പാദമുദ്ര' സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഒരു ഇന്‍റര്‍വ്യൂ നടക്കുന്നതിനിടയില്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു, 'താങ്കളുടെ ആദ്യ സിനിമ കേരളത്തിലെ പ്രേക്ഷകര്‍ കാണും മുമ്പേ എനിക്ക് കാണാന്‍ ഒരു 'ഭാഗ്യം' ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ ചിരിച്ചു.
'ബറോസ്' സിനിമയുടെ പൂജാവേളയില്‍ മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ ഈ ഒരു വാക്ക് പ്രാധാന്യത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.
'ഭാഗ്യം എന്നത് ഒരു വാക്കുമാത്രമല്ല, അതൊരു അവസ്ഥയാണ്.'
ജി. കൃഷ്ണന്‍ മാലം
gkrishnanmaalam@gmail.com
ഫോട്ടോ: ചിത്രാകൃഷ്ണന്‍കുട്ടി