'കഴുകു' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രശസ്തനായ സത്യശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശശികുമാറിനൊപ്പം ലിജോമോൾ ജോസ് നായകിയായി അഭിനയിക്കുന്നത്
'മഹേഷിന്റെ പ്രതികാരം', 'കട്ടപ്പനയിലെ ഋതിക്റോഷൻ' തുടങ്ങി ചില മലയാള സിനിമകളിലും 'ചിവപ്പു മഞ്ഞൾ പച്ചൈ', 'ജയ്ബീം' തുടങ്ങിയ ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള മലയാളി താരമാണ് ലിജോമോൾ ജോസ്. സൂര്യയുടെ 'ജയ്ബീം' എന്ന ചിത്രത്തിൽ ലിജോമോൾ ജോസ് അവതരിപ്പിച്ച സെൻകെനി രാജകണ് എന്ന ഒരൊറ്റ കഥാപാത്രം മതി താരത്തിന്ന്റെ അഭിനയമികവിനെ തെളിയിക്കാൻ! അങ്ങിനെയുള്ള ലിജോമോൾ ജോസിനു ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശശികുമാറിന്റെ ഒപ്പം നായകിയായി അഭിനയിക്കാനുള്ള ഒരവസരം വന്നിട്ടുണ്ട്.
'കഴുകു' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രശസ്തനായ സത്യശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശശികുമാറിനൊപ്പം ലിജോമോൾ ജോസ് നായകിയായി അഭിനയിക്കുന്നത്. ഇനിയും പേരിടാത്ത ഒരു ത്രില്ലർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിലാണ് രണ്ടുപേരും ആദ്യമായി ജോഡിചേരുന്നത്. ഈയിടെ ചിത്രീകരണം തുടങ്ങിയ ഈ ചിത്രം 1990-കളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണത്രെ ഒരുങ്ങുന്നത്. ഇതിൽ വില്ലനായി അഭിനയിക്കുന്നത് മറ്റൊരു മലയാളി താരമായ സുദേവ് നായരാണ്. 'ജയ്ബീം' എന്ന ചിത്രത്തിലെ പോലെ നായകി കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രം എന്നതിനാലാണത്രെ ഈ കഥാപാത്രം അവതരിപ്പിക്കാൻ സംവിധായകൻ സത്യശിവ ലിജോമോൾ ജോസിനെ തിരഞ്ഞെടുത്തത്.