തമിഴിൽ 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങി അടുത്തടുത്ത് സൂപ്പർഹിറ്റ് ത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം ഇപ്പോൾ രജനികാന്തിനെ നായകനാക്കി ‘കൂലി’ എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം നാഗാർജുന, സത്യരാജ്, സൗബിൻ സാഹിർ, ശ്രുതിഹാസൻ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം കാർത്തി നായകനാകുന്ന ‘കൈതി’യുടെ രണ്ടാം ഭാഗമാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ് കമൽഹാസനെ കുറിച്ചും, അദ്ദേഹത്തോടൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാനുള്ളത് കുറിച്ചുമുള്ള ഒരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. "ഒരു കാലത്ത് കമൽഹാസനെ നേരിട്ട് കാണുക എന്നത് എൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തോടൊപ്പം 'വിക്രം' എന്ന സിനിമ സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. കമൽഹാസന്റെ കൂടെ വീണ്ടും പ്രവർത്തിക്കാൻ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇത് 'വിക്രം' ചിത്രത്തിന്റെ അടുത്ത ഭാഗം കൂടിയായിരിക്കാം'' എന്നാണ് ലോഗേഷ് കനകരാജ് പറഞ്ഞിരിക്കുന്നത്. അതിനാൽ 'കൈതി'യുടെ രണ്ടാം ഭാഗത്തിന് ശേഷം ലോഗേഷ് കനകരാജ്, കമൽഹാസൻ കൂട്ടുകെട്ടിൽ 'വിക്രം' രണ്ടാം ഭാഗം ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം. കോളിവുഡിൽ പുറത്തുവന്നിരിക്കുന്ന ഈ വാർത്ത ലോഗേഷ് കനകരാജിന്റെ ആരാധകരെയും, കമൽഹാസന്റെ ആരാധകരെയും സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്.