എം.എ. നിഷാദ് സിനിമയിലെത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന വേളയിലാണ് 'അയ്യര്‍ ഇന്‍ അറേബ്യ' റിലീസ്. പത്ത് സിനിമകളുടെ സംവിധായകന്‍, നാല് സിനിമകളുടെ നിര്‍മ്മാതാവ്, മൂന്ന് സിനിമകളുടെ വിതരണക്കാരന്‍, പതിനൊന്ന് സിനിമകളില്‍ നടന്‍. ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് ഇത്രയും വിശേഷണങ്ങള്‍ അലങ്കാരമാകുമ്പോള്‍ തീര്‍ച്ചയായും എം.എ. നിഷാദിന് ഏറെ കാര്യങ്ങള്‍
പറയാനുണ്ടാകും. കേള്‍ക്കാം. പിന്നെ അറിയാനുള്ളത് ചോദിക്കാം.
'ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ സംതൃപ്തനാണ്. കാരണം എന്‍റെ പരിമിതമായ കഴിവുകൊണ്ട് ഇവിടംവരെ എത്തി. നിര്‍മ്മാതാവായിട്ടാണ് എത്തിയതെങ്കിലും കമലഹാസന്‍, സുകുമാരന്‍, ജഗതി ശ്രീകുമാര്‍, ലക്ഷ്മി, കെ.പി.എ.സി. ലളിത എന്നിവരോടൊപ്പം ബാലതാരമായി 'അന്തിവെയിലിലെ പൊന്ന്' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. സിനിമ ഒരു പാഷനാണ്.
നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എവിടെയാണ് വെല്ലുവിളിയായിട്ട് അനുഭവപ്പെടുന്നത്?
ഇത് മൂന്നും മൂന്ന് അര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ തന്നെയാണ.് സിനിമയില്‍ ഒന്നും ചെറിയ ജോലിയല്ല. പക്ഷേ ഉത്തരവാദിത്വം കൂടുതല്‍ സംവിധായകനാണ്. ഒരു ചിത്രം വിജയിച്ചാല്‍ അതിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാട് പേര് വരും. സിനിമ പരാജയപ്പെടുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്നത് സംവിധായകനാണ്. അത് അയാളുടെ സ്വകാര്യ ദുഃഖമാണ്.
നിര്‍മ്മാതാവ് ഒരു കലാകാരനായിരിക്കണം എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. സിനിമയ്ക്ക് സിനിമയുടേതായ രീതികളുണ്ട്. ആ രീതികള്‍ മനസ്സിലാക്കി സിനിമ നിര്‍മ്മിക്കാന്‍ കഴിയണം.
അഭിനയം ഒരു എളുപ്പമുള്ള ജോലിയല്ല. അഭിനയം ഒരു സ്വാഭാവികമായ നൈസര്‍ഗ്ഗികമായ് നമ്മുടെ കഴിവുകളെ പുറത്തുകൊണ്ടുവരുന്ന ഒരു വലിയ പ്രക്രിയയാണ്. സ്വാഭാവിക രീതിയിലുള്ളതാവണം അഭിനയം.
സംവിധായകനാവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സംവിധായകന് അയാളുടെ മനസ്സിലുള്ള സിനിമാസങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. ഒരു കലാരൂപവും പെര്‍ഫെക്ട് അല്ല. എല്ലാം തികഞ്ഞ ഒരു കലാരൂപം ഈ ലോകത്ത് ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സിനിമയിലുണ്ട്. ഇതുവരെ നടക്കാത്ത ആഗ്രഹമുണ്ടോ?
സംവിധാനം പഠിക്കാനായി സിനിമ നിര്‍മ്മിച്ച് വന്നയാളാണ് ഞാന്‍. നിര്‍മ്മിച്ചതും സംവിധാനം ചെയ്തതുമായ സിനിമകളില്‍ മധുസാര്‍ മുതല്‍ ഇങ്ങേയറ്റം ധ്യാന്‍ ശ്രീനിവാസന്‍ വരെ അഭിനയിച്ചിട്ടുണ്ട്. 154 ഓളം താരങ്ങള്‍ എന്‍റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 24-ാമത്തെ വയസ്സില്‍ മമ്മൂട്ടിയെ നായകനാക്കി ഒരാള്‍ മാത്രം എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള എന്‍റെ വരവ്. പൃഥ്വിരാജും എന്‍റെ സിനിമയില്‍ അഭിനയിച്ചു. ഫഹദ് എന്‍റെ സിനിമയില്‍ ഗസ്റ്റ് അപ്പിയറന്‍സായി അഭിനയിച്ചിട്ടുണ്ട്. അഭിനയിപ്പിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടാത്ത രണ്ട് താരങ്ങള്‍ മോഹന്‍ലാലും ദിലീപും മാത്രമാണ്. ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനുള്ള ആഗ്രഹവുമായി നടക്കുന്നു.
ഒരു മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിക്കാമോ?
ജീവിതത്തിലെ എന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിനെവച്ച് ഒരു സിനിമ ചെയ്യുക എന്നതാണ്. മോഹന്‍ലാലിന്‍റെ അടുത്ത് ഒരു സിനിമ ചെയ്യാന്‍ പോകുമ്പോള്‍, എന്‍റെ സ്ക്രിപ്റ്റില്‍ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ എന്ന ലേബലുണ്ടാകണം. വൈരവും ആയുധവും പണം വാരിയ പടങ്ങളാണെങ്കില്‍ പോലും എനിക്ക് ഇന്ന് ഒരു ഹിറ്റ് സിനിമയിലല്ലാതെ ലാലേട്ടന്‍റെ അടുത്ത് എങ്ങനെപോകും. അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ പറ്റുന്ന അതിമനോഹരമായ
ഒരു സ്ക്രിപ്റ്റ് എന്‍റെ കയ്യിലുണ്ട്. അത് എന്‍റെ മനസ്സിലിട്ട് താലോലിക്കുന്ന സ്ക്രിപ്റ്റാണ്.
ദിലീപ്?
ദിലീപിന്‍റെ ജോണറിലുള്ള സിനിമകളല്ല ഞാന്‍ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം എന്‍റെ കഥകളുമായി യോജിക്കുന്നതല്ല. അദ്ദേഹം ചെയ്യുന്നത് പ്യൂര്‍ലി എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍ഡ് ഹ്യൂമറസ് സിനിമകളാണ്.
ഒടിടി പ്ലാറ്റ്ഫോമുകളെ എങ്ങനെ വിലയിരുത്തുന്നു?
കാലാനുസൃതമായ മാറ്റങ്ങള്‍ നമ്മള്‍ എപ്പോഴും ഉള്‍ക്കൊള്ളണം. സാങ്കേതികവിദ്യയൊക്കെ ഒരുപാട് മുന്നോട്ടുപോയി. ആ സ്ഥിതിക്ക് കാഴ്ചയുടെ പുതിയ വസന്തമാണ് തുറന്നുതരുന്നത്. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും അത്തരം പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ വന്നുകൊണ്ടിരിക്കും. സ്വാഭാവികമായും നാടോടുമ്പോള്‍ നടുവെ ഓടണമെന്ന ചൊല്ലുണ്ടല്ലോ.
പിന്നെ ലോകം മുഴുവന്‍ ഒ.ടി.ടിയിലേക്ക് പോകുന്നുണ്ടെങ്കില്‍ പോലും നമുക്ക് ഒരിക്കലും ആര്‍.ആര്‍.ആര്‍, കെ.ജി.എഫ്, ഗ്ലാഡിയേറ്റര്‍ പോലെയുള്ള സിനിമകളൊക്കെ ഒ.ടി.ടിയില്‍ കണ്ടാല്‍ അത്ര ഫീല്‍ കിട്ടില്ല. അതൊക്കെ തിയേറ്ററില്‍ തന്നെ കാണേണ്ട പടങ്ങളാണ്. സത്യത്തില്‍ സിനിമ ആസ്വദിക്കേണ്ടത് തിയേറ്ററിനകത്തെ കൂട്ടത്തില്‍ തന്നെയാണ്. നല്ല മള്‍ട്ടിപ്ലക്സുകളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ആള്‍ക്കാര്‍ അവിടേക്കാണ് സിനിമ കാണാന്‍ വരുന്നത്, ആ ഫീല്‍ ഒന്ന് വേറെ തന്നെയാണ്.