രാജ്യാന്തര ചലച്ചിത്രമേള അടുത്ത് തന്നെ ഗോവയിൽ നടക്കാനിരിക്കുകയാണല്ലോ? ഇതിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരേയൊരു തമിഴ് ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തു, രാഘവ ലോറൻസും, എസ്.ജെ.സൂര്യയും ഒന്നിച്ചഭിനയിച്ച 'ജിഗർതാണ്ഡ ഡബിൾ എക്സ്' മാത്രമാണ്. അതേ സമയം തമിഴ് നടനായ മാധവൻ്റെ ഹിന്ദി ചിത്രമായ ‘ഹിസാബ് ബരാബർ’ ഈ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ഇനിയും പ്രദർശനത്തിനെത്താത്ത ഈ സിനിമ, ഒരു കോർപ്പറേറ്റ് ബാങ്കിലെ ഒരു വൻ തട്ടിപ്പിനെ ഒരു സാധാരണക്കാരൻ തുറന്നു കാട്ടുന്നതാണ്! ഈ സിനിമയിൽ ഒരു സാധാരണക്കാരനായ ടിക്കറ്റ് കളക്ടറുടെ കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിച്ചിരിക്കുന്നത്. മാധവൻ തൻ്റെ ബാങ്ക് അക്കൗണ്ടിലെ കുഴപ്പം കണ്ടെത്തിയപ്പോൾ, അയാൾ തുടർന്നു അതിൽ ഒരു വലിയ തട്ടിപ്പ് ഉണ്ടെന്ന് കണ്ടെത്തുന്നു. അത് എങ്ങനെ തെളിയിക്കപ്പെടുന്നു എന്നതാണ് ചിത്രത്തിൻ്റെ കഥ. ഇതിൽ ഒരു കോർപ്പറേറ്റ് വില്ലനായി അഭിനയിച്ചിരിക്കുന്നത് നീൽ നിധിൻ മുഖേഷാണ്. അശ്വിനി ധീർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം എസ്.പി.സിനികോർപ്പ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് മാധവൻ പറഞ്ഞിരിക്കുന്നത്, “ഈ സിനിമ അഴിമതിക്കെതിരായ പോരാട്ടം മാത്രമല്ല. നീതി ലഭിക്കുക അത്ര എളുപ്പമല്ലെന്നും മനസ്സിലാക്കിത്തരുന്ന ചിത്രമായിരിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ പോകുന്നു എന്നത് എനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്'' എന്നാണ്!