NEWS

അറിയാമോ? ചെന്നൈയിൽ ഇങ്ങിനെയും ഒരു തിയേറ്റർ ഉണ്ടായിരുന്നു

News

ഒരു CBI ഡയറി കുറിപ്പ്' 300 ദിവസങ്ങളിലധികം 4 ഷോകളായി പ്രദർശിപ്പിച്ച തിയേറ്ററും കൂടിയാണ്...

ഒരു കാലത്തിൽ ചെന്നൈയിലെ ജനങ്ങളുടെ ജീവിതവുമായി വൈകാരികമായി ഇഴുകിച്ചേർന്ന പഴയ തിയേറ്ററുകളിലൊന്നായിരുന്നു സഫയർ. ചെന്നൈയുടെ പ്രധാന റോഡായ അണ്ണാശാലൈയിൽ ജെമിനി മേൽപ്പാലത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ഈ തിയേറ്ററിൽ സിനിമ കണ്ട ആരെക്കൊണ്ടും ഈ തിയേറ്റർ അത്ര വേഗം മറക്കുവാൻ കഴിയുകയില്ല. (ഇത് എഴുതുന്ന എനിക്കും കുറെ അനുഭവങ്ങൾ ഉണ്ട്...) ചെന്നൈയിലെ ആദ്യത്തെ മൾട്ടിപ്ളെക്സ് തിയേറ്ററും ഇതാണെന്ന് പറയാം. ഈ മൾട്ടിപ്ലെക്‌സിൽ സഫയർ കൂടാതെ എമറാൾഡ്, ബ്ലൂ ഡയമണ്ട് എന്നീ തിയേറ്ററുകളും ഉണ്ടായിരുന്നു. നിരവധി പുതിയ സവിശേഷതകളുള്ള ഒരു തിയേറ്റർ സമുച്ചയമായിരുന്നു ഇത്. ആയിരത്തിലധികം ആളുകൾക്ക് ഒരേ സമയം സിനിമ കാണാവുന്നതുപോലെ വലിയ ഒരു തിയേറ്ററായിരുന്നു സഫയർ. ഇതിൽ എല്ലാ ഭാഷാ ചിത്രങ്ങളും പ്രദർശിപ്പിക്കുമായിരുന്നു. എന്നാൽ 'ബ്ലൂ ഡയമണ്ട്' എന്ന തിയേറ്റർ സഫയറിനെ അപേക്ഷിച്ച് ചെറുതായിരുന്നു. ഈ തിയേറ്ററിനുണ്ടായിരുന്ന പ്രത്യേകത എന്താണെന്നാൽ ഈ തിയേറ്ററിൽ എപ്പോൾ വേണമെങ്കിലും പോയിരുന്നു സിനിമ കാണാനുള്ള സംവിധാനം ഉണ്ടായിരുന്നു. അതായതു കാലത്ത് 9 മണിക്ക് സിനിമാ പ്രദർശനം തുടങ്ങും. അത് രാത്രി 9 മണി വരേയ്ക്കും ഉണ്ടായിരിക്കും. ഒരേ സിനിമ തന്നെയാണ് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയും തുടർന്ന് പ്രദർശിപ്പിക്കുക. ഒരു ടിക്കറ്റ് എടുത്താൽ ഏതു സമയത്തും തിയേറ്ററിനുള്ളിൽ പോയി സിനിമ ആസ്വദിക്കാം. പ്രദർശനം തുടങ്ങിയത് മുതൽ പ്രദർശനം നിർത്തുന്നത് വരെ എത്ര പ്രാവശ്യം വേണമെങ്കിലും ആ സിനിമ കണ്ടു കൊണ്ടിരിക്കാം! ഇങ്ങിനെയുള്ള സൗകര്യം ഉണ്ടായിരുന്നതിനാൽ ഈ തിയേറ്റർ അപ്പോൾ കമിതാക്കളുടെ ഒരു വിഹാര കേന്ദ്രം കൂടിയായിരുന്നു. മിക്കവാറും ജനപ്രിയ ഇംഗ്ലീഷ് സിനിമകളാണ് ഇതിൽ പ്രദർശിപ്പിച്ചിരുന്നത്. മറ്റൊരു ചെറിയ തിയേറ്ററായ എമറാൾഡ്'ലും എല്ലാ ഭാഷ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സഫയർ തിയേറ്ററിൽ അക്കാലത്തെ വമ്പൻ സിനിമകൾ, വമ്പൻ താരങ്ങളുടെ സിനിമകളാണ് തുടർന്ന് പ്രദർശിപ്പിച്ചു വന്നിരുന്നത്. മമ്മുട്ടി നായകനായി വന്ന 'ഒരു CBI ഡയറി കുറിപ്പ്' എന്ന ചിത്രം ഈ തിയേറ്ററിൽ മുന്നൂറു ദിവസങ്ങളിലധികം 4 ഷോകളായി പ്രദർശിപ്പിച്ച് ചരിത്രം കുറിക്കുകയുണ്ടായി അതുപോലെ മമ്മുട്ടി നായകനായി വന്ന 'ന്യൂ ഡൽഹി' എന്ന സിനിമയും 150 ദിവസങ്ങളിലധികം ഇവിടെ പ്രദർശനം നടത്തിയ സിനിമയാണ്. അതുപോലെ മോഹൻ ലാലിന്റെ 'ചിത്രം', മമ്മുട്ടിയുടെ 'ഒരു വടക്കൻ വീരഗാഥ' തുടങ്ങിയ സിനിമകളും ഇവിടെ ഒരുപാട് ദിവസങ്ങൾ പ്രദർശനം നടത്തിയ സിനിമകളാണ്. ഇങ്ങിനെ മലയാളികളുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട ഒരു തിയേറ്ററും കൂടിയായിരുന്നു സഫയർ. എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഈ തിയേറ്റർ ഇടിക്കുകയും ഇപ്പോൾ ആ സ്ഥലം വെറുതെ കിടക്കുകയുമാണ്. ചെന്നൈയുടെ ഹൃദയ ഭാഗമായ അണ്ണാ ശാലയിൽ ജെമിനി മേൽപ്പാലത്തിൽ നിന്ന് അണ്ണാ പ്രതിമ വരെയുള്ള കുറച്ചകലത്തിൽ തന്നെ സഫയർ, ആനന്ദ്, ലിറ്റിൽ ആനന്ദ്, അലങ്കാർ, വെല്ലിംഗ്ടൺ പ്ലാസ, ജയപ്രത, ദേവി, ദേവി പാരഡൈസ്, ശാന്തി, അണ്ണാ, ചിത്ര, ഗെയ്റ്റി, കാസിനോ, പാരഗൺ തുടങ്ങി ഒരുപാട് തിയേറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ ആ തിയേറ്ററുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് ദേവി കോംപ്ലക്‌സും, കാസിനോയും മാത്രമാണ്.


LATEST VIDEOS

Top News