മണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തമിഴ് സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നായികയാണ് ഐശ്വര്യലക്ഷ്മി. ശേഷം വിഷ്ണുവിശാലിനൊപ്പം അഭിനയിച്ച 'ഗട്ടാഗുസ്തി'യും താരത്തിന് സല്‍പേര് നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ഇരട്ടി സന്തോഷത്തിലാണ് ഐശ്വര്യലക്ഷ്മി. മണിരത്നം- കമലഹാസന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് ആ സന്തോഷത്തിന് ഹേതു.
ഈ ടീമിന്‍റെ ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന തഗ്ലൈഫിലെ നിറസാന്നിധ്യമായിരിക്കും ഐശ്വര്യലക്ഷ്മിയത്രെ. ആനന്ദലബ്ധിക്കിനി എന്തുവേണം. ഒരു തമിഴ് വെബ്സീരീസ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചുവരുന്ന താരം വീണ്ടും ഒരു മണിരത്നം സിനിമയുടെ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിനെക്കുറിച്ചും കമലിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചുമൊക്കെ വാചാലയാകുന്നു.
നിങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണല്ലോ തഗ് ലൈഫ്. മണിരത്നം, കമല്‍ഹാസന്‍ എന്നീ പ്രതിഭാധനര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ എന്ത് തോന്നി...?
ഞാന്‍ ആകാശത്തിലൂടെ പറക്കുന്നതായി തോന്നി. മണി സാര്‍ അദ്ദേഹത്തിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍, എന്താണ് എന്‍റെ വേഷം എന്താണ് ഡേറ്റ് എന്നൊന്നും ചോദിക്കാതെ ഉടന്‍ തന്നെ സമ്മതിക്കും. അദ്ദേഹത്തിന്‍റെ സിനിമയില്‍ ഒരു ഭാഗത്ത് എവിടെയെങ്കിലും നില്‍ക്കുവാന്‍ അവസരം കിട്ടിയാല്‍ പോലും, ആ അവസരം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. കാരണം ഒരു ആക്ടര്‍ എങ്ങനെയായിരിക്കണം എന്ന് ഞാന്‍ പഠിച്ച വിദ്യാലയം അതാണ്. മദ്രാസ് ടാക്കീസ് എനിക്ക് എന്‍റെ കുടുംബം പോലെയാണ്. എന്തുകാര്യവും അവിടെ എനിക്ക് തുറന്നുപറയാം. നല്ല മാര്‍ഗ്ഗം കാണിച്ചുതരും. മനുഷ്യരില്‍ പലതരക്കാര്‍ ഉണ്ടാവില്ലേ? എന്നാല്‍ സ്നേഹവും കരുണയുമുള്ള ആളുകള്‍ ഉള്ള ഇടമാണ് മദ്രാസ് ടാക്കീസ്.
നല്ലവണ്ണം തമിഴ് സംസാരിക്കുന്നുണ്ടല്ലോ?
ആ്വ്യം തമിഴ് സംസാരിച്ചുതുടങ്ങാന്‍ ഒരു മടിയും ചമ്മലുമുണ്ടായിരുന്നു. ഷൂട്ടിംഗില്‍ എല്ലാവരോടും തമിഴില്‍ സംസാരിച്ച് പഠിച്ചു. വ്യാകരണപ്പിശക് വരാതിരിക്കാനായി എന്‍റെ ഫ്രണ്ട്സിനോട് തമിഴില്‍ മാത്രമേ എന്നോട് സംസാരിക്കാവൂ എന്ന് കണ്ടിഷന്‍ വയ്ക്കും.
തമിഴ് ആരാധകരില്‍ നിന്നും കിട്ടുന്ന റെസ്പോണ്‍സ് എങ്ങനെയുണ്ട്..?
നിങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട് എന്ന് ആരാധകര്‍ എന്നോട് പറയുമ്പോള്‍ ആ വാക്കുകള്‍ എന്നെ അനുഗ്രഹിക്കുന്നതുപോലെയാണ്. ഞാന്‍ അനുഗൃഹീതയാണ്. എന്‍റെ കഥാപാത്രങ്ങള്‍ തമിഴ് ആരാധകര്‍ അവരുടെ ഹൃദയത്തിലേറ്റിയിരിക്കുന്നു. അടുത്തിടെ പൊള്ളാച്ചിയില്‍ ഒരു വെബ് സീരീസിന്‍റെ ഷൂട്ടിംഗിനായി പോയിരുന്നു. അവിടെയുള്ളവര്‍ക്ക് എന്‍റെ പേര് അറിയില്ലായിരുന്നു. എന്നാല്‍ എന്‍റെ കഥാപാത്രങ്ങളുടെ പേര് അവര്‍ക്കറിയാം. 'നിങ്ങളല്ലേ പൂങ്കുഴലി, നിങ്ങളല്ലേ 'ഗട്ടാഗുസ്തി'യില്‍ അഭിനയിച്ചത് എന്ന് പറഞ്ഞ് എന്‍റെയടുത്ത് വന്ന് സംസാരിച്ച് പ്രശംസിക്കുമായിരുന്നു. എന്‍റെ പേര് അറിയില്ലെങ്കില്‍ സാരമില്ല. എന്‍റെ സിനിമകള്‍ അവര്‍ കണ്ടാല്‍ മതി.