മാഹിന്‍ ബക്കറും. ബിച്ചു അനീഷും. ഇവര്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയാണ് വേട്ടക്കാരി. സ്റ്റാന്‍ലിയാണ് ആ സിനിമയുടെ ഡയറക്ടര്‍.
കണിക്കൊന്നപ്പൂക്കളുടെയും സ്വര്‍ണ്ണത്തിന്‍റെയുമൊക്കെ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് മയില്‍പ്പീലിത്തണ്ടുകളും പഴങ്ങളും ഒക്കെ വച്ച് കണിയൊരുക്കി ഒരു വിഷുച്ചന്തത്തില്‍ അവര്‍ വരുമ്പോള്‍ വിഷുദിനത്തിന്‍റെ ഓര്‍മ്മകള്‍ ഒന്ന് പങ്കുവയ്ക്കാമോയെന്ന് ചോദിച്ചു.
മാഹിന്‍ പറഞ്ഞു.
'എന്‍റെ വീട് ആലുവയ്ക്കടുത്ത് മുപ്പത്തടം എന്ന സ്ഥലത്താണ്. അവിടെ ഞങ്ങളുടെ തറവാട് വീട്ടിനടുത്ത് തയ്യ എന്നുവിളിക്കുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ആ ചേച്ചി ഞങ്ങളെയൊക്കെ അതിരാവിലെ തന്നെ വിളിച്ചുണര്‍ത്തി കൈനീട്ടം തരുമായിരുന്നു. അക്കൂട്ടത്തില്‍ ദണ്ഡ് എന്നുപേരുള്ള നല്ല കട്ടിയുള്ള ഒരു മധുരപലഹാരവും പായസവും തരും. അവര്‍ക്കൊപ്പം വിഷുസദ്യ കഴിച്ചതും ഒക്കെ ഇന്നും ഓര്‍മ്മകളിലുണ്ട്.'
കഴിഞ്ഞവര്‍ഷത്തെ വിഷു ആഘോഷം വാഗമണ്ണില്‍ ഒരു വെബ്സീരീസിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുക്കുമ്പോഴായിരുന്നു. അതിന്‍റെ പ്രൊഡ്യൂസര്‍ ഞങ്ങള്‍ക്ക് വിഷുക്കൈനിട്ടം തന്നിരുന്നു...വിഷുക്കോടിയായി കസവുമുണ്ട് തന്നു. പിന്നെ, ഞങ്ങളെല്ലാവരും കൂടി പായസമൊക്കെ വച്ച് നന്നായി ആഘോഷിച്ചു- മാഫിന്‍ ബക്കര്‍ പറഞ്ഞു.
'നിറം' സിനിമയുടെ തമിഴ് റീമേക്കില്‍ ഒന്ന് മുഖം കാണിച്ചുകൊണ്ടായിരുന്നു മാഹിന്‍ സിനിമയുടെ ബിഗ് സ്ക്രീനില്‍ വരുന്നത്. തുടര്‍ന്ന് 'ക്വീന്‍' എന്ന സിനിമയില്‍ ഒരു പത്രപ്രവര്‍ത്തകന്‍റെ റോളില്‍ അഭിനയിച്ചു. തുടര്‍ന്ന്, ജാക്ക് ഡാനിയല്‍, ലൗ ആക്ഷന്‍ ഡ്രാമ, വണ്‍, ലൂസിഫര്‍, ഇന്‍ ദി റെയിന്‍, ഉയരെ തുടങ്ങി കുറെ സിനിമകള്‍ ചെയ്തു. ഇനി റിലീസാകാനുള്ളത് ഇറവ്, അന്ത്യകുമ്പസാരം, അമോര്‍, യസി.. തുടങ്ങിയ സിനിമകള്‍. ആര്‍തര്‍ കജട എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടനെ തുടങ്ങും.
ആരാണ് മാഹിന്‍റെ റോള്‍മോഡല്‍ എന്നുചോദിച്ചാല്‍ എന്‍റെ ഫാദറാണ് എന്നായിരിക്കും മാഹിന്‍ ആദ്യം പറയുക. സിനിമയിലെ റോള്‍മോഡല്‍ മമ്മൂട്ടിയാണ്. മമ്മൂക്കയുടെ കൂടെ 'വണ്‍' സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു എന്നുമാത്രമല്ല, ആ ചിത്രത്തില്‍ ഒരു സീനില്‍ മമ്മുക്കയുടെ ഡ്യൂപ്പായി അഭിനയിക്കാനും കഴിഞ്ഞു.- ചിരിച്ചുകൊണ്ട് മാഹിന്‍ പറഞ്ഞു.
വിഷുക്കാലം ബാലിയില്‍
ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും മോസ്ക്കോ കവല, നൊമ്പരക്കൂട്, കര്‍ത്താവ് ക്രിയ കര്‍മ്മം, വേട്ടക്കാരി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ബിച്ചു അനീഷിന് ഇത്തവണത്തെ വിഷുക്കാലം ഏറെ സന്തോഷപ്രിയമാണ്. കാരണം, അഭിനയിച്ച പല സിനിമകളും അംഗീകാരങ്ങള്‍ നേടുന്നു. ആന്തോളജിക്കല്‍ സിനിമയായ കര്‍ത്താവ് ക്രിയ കര്‍മ്മം അഞ്ച് സ്റ്റോറിയിലൂടെയാണ് അവതരിപ്പിക്കുന്നത്. അതിലൊന്നില്‍ ബിച്ചു നായികയാണ്. ഉടനെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന 'നിധി' എന്ന ചിത്രത്തിലും ബിച്ചു അനീഷാണ് നായിക. ഇതൊരു ഫീമെയില്‍ ഓറിയന്‍റഡായിട്ടുള്ള സിനിമയാണ്.
ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ ഒരു റോള്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ടെന്നുള്ളതാണ് വിഷുക്കാലത്തെ മറ്റൊരു വിശേഷം.
ഏപ്രില്‍-മേയ് മാസത്തിലെ വെക്കേഷന്‍ ടൈമില്‍ ഞങ്ങള്‍ക്കൊരു ടൂര്‍ പതിവാണ്. ഹസ്ബന്‍റും മക്കളും ഒരുമിച്ച്. ഇത്തവണ ഞങ്ങള്‍ ബാലിയിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷുവിശേഷങ്ങളില്‍ സന്തോഷപ്രദമായ മറ്റൊരു വാര്‍ത്ത അതാണ്- ബിച്ചു അനീഷ് അഭിപ്രായപ്പെട്ടു.
ഫോട്ടോ: രാജീവ് ഉത്സവ്