NEWS

മാഫിയ ശശി @40 ആയിരത്തിലധികം സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും, അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനേതാവായും നിറഞ്ഞുനിന്ന മാഫിയ ശശി സിനിമയിലെത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു.

News

ബോളിവുഡ്ഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും പ്രശസ്ത സംഘട്ടനസംവിധായകരിൽ ഒരാളായ മാഫിയ ശശി കളരിയും, കരാട്ടേയും സമന്വയിപ്പിച്ച രീതിയിലുള്ള സംഘട്ടനശൈലിയിലൂടെയാണ് ശ്രദ്ധേയനായി മാറിയത്. മാഫിയ എന്ന ഹിന്ദി ചിത്രത്തിൽ പതിനാല് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്ത കണ്ണൂർ സ്വദേശിയായ ശശിധരന് ചിത്രത്തിലെ നായകനായിരുന്ന ധർമ്മേന്ദ്ര സമ്മാനിച്ച മാഫിയ ശശിയെന്ന പേര് ശരിക്കും ക്ലിക്കാവുകയായിരുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംഘട്ടനസംവിധായകനുള്ള നാഷണൽ അവാർഡ് നേടിയ മാഫിയ ശശിയെ 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സെറ്റിൽവച്ചാണ് കണ്ടത്. മാഫിയശശി സംസാരിക്കുകയാണ്.

ചലച്ചിത്ര സംഘട്ടനസംവിധാനശാഖയിൽ താങ്കളെത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കടന്നുവന്ന വഴികളെക്കുറിച്ച് സൂചിപ്പിക്കാമോ?

എന്റെ സ്വദേശം കണ്ണൂരാണ്. അച്ഛൻ ബാലൻ. അമ്മ സരസ്വതി. ഏഴാം ക്ലാസ്സു വരെ ചിറക്കൽ രാജാസ് ഹൈസ്‌ക്കൂളിലാണ് പഠിച്ചത്. സ്‌ക്കൂൾ വിട്ട് വന്നാൽ വൈകിട്ട് വീടിനടുത്തുള്ള ചന്ദ്രശേഖര ഗുരുക്കളുടെയടുത്തെത്തി കളരി അഭ്യസിച്ചിരുന്നു. നല്ല മെയ്‌വഴക്കമുള്ളതിനാൽ ആശാന് എന്നെ ഇഷടമായിരുന്നു. കളരി പഠിക്കുമ്പോഴും സിനിമാതാരമാവണമെന്ന ആഗ്രഹം എന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഗുരുക്കളുടെ അനിയൻ ദിനചന്ദ്രൻ ചെന്നൈയിൽ കളരിയിൽ ക്ലാസ് നടത്തിയിരുന്നു. ഇദ്ദേഹം എം.ജി.ആർ, പ്രേംനസീർ, സത്യൻ തുടങ്ങിയവരുടെ ചെറുപ്പകാലം അഭിനയിച്ചിരുന്ന കലാകാരൻ കൂടിയായിരുന്നു.

ഏഴാം ക്ലാസ്സ് കഴിഞ്ഞതും ദിനചന്ദ്രൻ ഗുരുക്കളെ തേടി ഞാൻ ചെന്നൈയിലേക്ക് വണ്ടി കയറി. മദ്രാസിലെ ചെങ്കൽപേട്ടിലെ മലയാള ക്ലബ്ബിൽ നടത്തിയിരുന്ന കളരി ക്ലാസിൽ ഞാനും സജീവമായി. ഇതോടൊപ്പം തന്നെ ഇവിടുത്തെ സ്‌ക്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. പതിനൊന്നാം ക്ലാസുവരെയുള്ള പഠിത്തത്തിനിടയിലും സിനിമാതാരമാവണമെന്ന മോഹം കൂടിവന്നു. അങ്ങനെ, 1982 ൽ പൂച്ചസന്യാസിയെന്ന ചിത്രത്തിൽ നായകന്റെ ചങ്ങാതിയായി അഭിനയിച്ചുകൊണ്ടാണ് ഞാൻ സിനിമയിലെത്തിയത്. തുടർന്ന് ഭീമൻ, അനുരാഗക്കോടതി, മദ്രാസിലെ മോൻ തുടങ്ങി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു.

അഭിനേതാവിൽ നിന്നും സംഘട്ടനസംവിധായകന്റെ റോളിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം എന്തായിരുന്നു?

സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ സംഘട്ടനസംവിധായകരോടൊപ്പം ഞാനും നിലയുറപ്പിച്ചിരുന്നു. കളരിയും കരാട്ടെയും അഭ്യസിച്ചിരുന്നതുകൊണ്ട് മാസ്റ്റർമാർക്ക് എന്നോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. അങ്ങനെ തുടക്കക്കാലത്ത് വിവിധ ഭാഷാ ചിത്രങ്ങളിൽ സ്റ്റണ്ട് മാസ്റ്റർമാരായ ശങ്കരൻ, മാധവൻ, വിജയൻ എന്നിവരുടെ അസിസ്റ്റന്റായി ഞാൻ വർക്ക് ചെയ്തു. പിന്നീട്, ഞാൻ പ്രശസ്ത സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജൻ സാറിന്റെ പ്രധാന ശിഷ്യനായി മാറി.

താങ്കൾ സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററായത് എപ്പോഴായിരുന്നു?

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സ്വതന്ത്ര സ്റ്റണ്ട്മാസ്റ്ററായത്. പിന്നീട്, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിവിധ ഭാഷാചിത്രങ്ങളിൽ എനിക്ക് തിരക്കേറുകയായിരുന്നു. ഇപ്പോൾ ആയിരത്തോളം സിനിമകളിൽ സംഘട്ടനം നിർവ്വഹിച്ചുകഴിഞ്ഞു.

ധർമ്മേന്ദ്ര താങ്കൾക്ക് സമ്മാനിച്ച മാഫിയ ശശിയെന്ന പേരിനെക്കുറിച്ച്?

എന്റെ യഥാർത്ഥ പേര് ശശിധരൻ എന്നായിരുന്നു. അക്കാലത്ത് മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷാ ചിത്രങ്ങളിൽ എനിക്ക് നല്ല തിരക്കായിരുന്നു. അസീസ് അജാവൽ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഹീറോയിലെ സ്റ്റണ്ട് മാസ്റ്റർ ഞാനായിരുന്നു. ഈ ചിത്രം കഴിഞ്ഞാണ് ധർമ്മേന്ദ്ര നായകനായ മാഫിയ എന്ന ചിത്രത്തിന്റെ സെറ്റിലെത്തുന്നത്. ഈ ചിത്രത്തിൽ ധർമ്മേന്ദ്രയ്ക്ക് വേണ്ടി പതിനാല് ഫൈറ്റ് സീനുകൾ ചെയ്തത് ഞാനായിരുന്നു. വളരെ സ്പീഡിലുള്ള എന്റെ ഫൈറ്റ് ശൈലി ധർമ്മേന്ദ്രയ്ക്ക് ഇഷ്ടമായി. അദ്ദേഹമാണ് നല്ല പവ്വ റുള്ള പേരു വേണമെന്ന് പറഞ്ഞ് ശശിധരന് പകരം മാഫിയ ശശിയെന്ന പേര് സമ്മാനിച്ചത്. തുടക്കകാലത്ത് പത്തോളം സിനിമകളിൽ സംഘട്ടനം ശശിധരൻ എന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട്, മാഫിയ ശശിയായി മാറി. ധർമ്മേന്ദ്ര എനിക്ക് സമ്മാനിച്ച മാഫിയ ശശിയെന്ന പേര് ശരിക്കും ക്ലിക്കാവുകയായിരുന്നു.

മറ്റ് ഭാഷാചിത്രങ്ങളിലുൾപ്പെടെ സംഘട്ടനം നിർവ്വഹിക്കുമ്പോൾ കഥ കേൾക്കാറുണ്ടോ?

തീർച്ചയായും. ഓരോ സിനിമകളിലും സംവിധായകൻ കഥ പറഞ്ഞ് തരുമ്പോൾ കഥയുടെ സിറ്റുവേഷന് അനുസരിച്ചാണ് ഫൈറ്റ് ഡിസൈൻ ചെയ്യുന്നത്. സബ്ജക്ട് തന്നെയാണ് പ്രധാനം. മലയാളത്തിൽ വളരെ സോഫ്ടായ രീതിയാണ്. ആക്ഷൻ ഡയറക്ടറായ ഷാജി കൈലാസ് മനസ്സിലാണ് കഥയ്ക്കനുസരിച്ചുള്ള സംഘട്ടനത്തിന് രൂപം നൽകുന്നത്. അതിനനുസരിച്ചാണ് ഫൈറ്റ് സീൻ ചെയ്യാറുള്ളത്. ഹിന്ദി, തമിഴ്, കന്നഡ സിനിമകളിലൊക്കെ വളരെ നോർമലായ രീതിയിലാണ്. തെലുങ്കിലാണെങ്കിൽ ഓവർ ഫൈറ്റ് വേണം. സംവിധായകൻ കഥ പറയുമ്പോൾ തന്നെ ഫൈറ്റ് ആവശ്യമായി വരുന്ന സീനുകൾ പ്രത്യേകം പറഞ്ഞുതരുമായിരുന്നു.

താങ്കൾക്ക് സംഘട്ടനത്തിൽ ദേശീയ അവാർഡ് നേടിത്തന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സ്റ്റണ്ട്‌രംഗം ഡിസൈൻ ചെയ്യുമ്പോൾ പ്രത്യേക തയ്യാറെടുപ്പുകൾ വേണ്ടി വന്നോ...?

ഏത് സിനിമയാണെങ്കിലും പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സംവിധായകൻ സച്ചി കഥയുടെയും സംഘട്ടനത്തിന്റെയും പ്രത്യേകത പറഞ്ഞുതന്നിരുന്നു. മാത്രമല്ല സച്ചി  ഫൈറ്റ് സീൻ കൃത്യമായി കമ്പോസ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രത്തിലെ ഫൈറ്റ് സീൻ സംവിധായകന്റെ മനസ്സറിഞ്ഞ് ചെയ്യാൻ എനിക്ക് കഴിഞ്ഞു. ദേശീയ അവാർഡ് ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. അകാലത്തിൽ പൊലിഞ്ഞ സംവിധായകൻ സച്ചിയോട് കടപ്പാടുണ്ട്.

സൂപ്പർതാരങ്ങളോടൊപ്പം സ്റ്റണ്ട് രംഗങ്ങളിൽ പങ്കെടുക്കുമ്പോൾ...?

യഥാർത്ഥത്തിൽ അതൊരു വല്ലാത്ത അനുഭവം തന്നെയാണ്. തമിഴിലും, തെലുങ്കിലും സൂപ്പർ താരങ്ങൾ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുമ്പോൾ എതിർചേരിയിൽ നിന്ന് ഫൈറ്റ് ചെയ്യുന്നവർ സ്‌ട്രോംഗായിരിക്കണമെന്ന് നിർബന്ധമാണ്. നല്ലവനുക്ക് നല്ലവൻ എന്ന ചിത്രത്തിൽ രജനികാന്തിന്റെ ഓപ്പോസിറ്റ് ഞാനായിരുന്നു. പിന്നീട് രജനി സാറിന്റെ ഒരുപാട് ചിത്രങ്ങളിൽ എതിർചേരിയിൽ നിന്ന് ഫൈറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. തെലുങ്കിൽ വിജയശാന്തിയാണ് മറ്റൊരാൾ. എതിർചേരിയിൽ ഫൈറ്റ് ചെയ്യാൻ വിജയശാന്തി എന്നെയാണ് സ്ഥിരമായി വിളിക്കാറുള്ളത്. ഇപ്പോഴും വിജയശാന്തി വിളിക്കാറുണ്ട്.

ഫൈറ്റ് സീൻ ഡിസൈൻ ചെയ്യുമ്പോൾ സ്ഥിരം ആക്ഷൻ വിരസതയുണ്ടാക്കില്ലെ...?

തീർച്ചയായും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ ആക്ഷനുകൾ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ഇതിനായി ധാരാളം സിനിമകൾ കാണാറുണ്ട്. ഹോളിവുഡ് സിനിമകൾ കാണുമ്പോഴാണ് പുതിയ ആക്ഷന് രീതികൾ മനസ്സിലാക്കാൻ കഴിയുന്നത്. ശരിക്കും പറഞ്ഞാൽ ഇംഗ്ലീഷ് സിനിമകളിൽ ഫൈറ്റ് സീനുകളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട്.

പ്രായം കൂടുന്തോറും ശാരീരികമായി മെയ്‌വഴക്കം കുറയുന്നത് ബുദ്ധിമുട്ടാവുന്നുണ്ടോ..?

ഇപ്പോൾ 62 വയസ്സായി. മനസ്സിനനുസരിച്ച് ശരീരം വഴങ്ങാതിരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വർഷങ്ങളായി എന്റെ കൂടെയുള്ള അനിൽ എന്ന അസിസ്റ്റന്റുണ്ട്. കഥയ്ക്കനുസരിച്ച് ഞാൻ ഡിസൈൻ ചെയ്യുന്ന ആക്ഷനുകൾ അനിലിന് പെട്ടെന്ന് മനസ്സിലാവും. അതുകൊണ്ടുതന്നെ ഫൈറ്റ് സീനുകൾ ഞാൻ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് ഭംഗിയായി ചെയ്യാൻ കഴിയുന്നുണ്ട്.

സംഘട്ടനസംവിധാനത്തിനിടയിൽ അപകടമുണ്ടായിട്ടുണ്ടോ...?

അത് സ്വാഭാവികമാണല്ലോ. പലപ്പോഴും ജീവൻ കയ്യിൽ വച്ചുള്ള കളിയാണ്. ത്യാഗരാജൻ സാറിന്റെ അസിസ്റ്റന്റായിരിക്കുമ്പോൾ ശങ്കരൻനായരുടെ ഒരു പടത്തിന്റെ സെറ്റിൽ വച്ച് റോപ്പ് പൊട്ടി ഇരുപതടി താഴ്ചയിലേക്ക് വീണ എനിക്ക് മാരകമായി പരിക്കേറ്റു. വിനയന്റെ അതിശയൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിൽ കാൽമുട്ടുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ സംഘടനശക്തമാണോ...?

ചെന്നൈയിൽ ഫൈറ്റേഴ്‌സ് യൂണിയൻ വളരെ ശക്തമാണ്. ആയിരത്തിലധികം സ്റ്റണ്ട് ആർട്ടിസ്റ്റുകൾ സംഘടനയിലുണ്ട്. സംഘടനശക്തിപ്പെടുത്താൻ ഒരുപാട് പ്രയാസപ്പെട്ടിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

താങ്കളുടെ കുടുംബത്തെക്കുറിച്ച്...?

ചെന്നൈയിലാണ് താമസിക്കുന്നത്. ഭാര്യ ശ്രീദേവി. മകൻ സന്ദീപ് ക്യാമറ വിഷ്വൽ എഡിറ്റിംഗ് പഠിച്ചതാണ്. പക്ഷേ, സിനിമാഭിനയത്തിലേക്ക് വന്നു. ഇതിനകം നൂറിലധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. മലയാളത്തിൽ ഗുണ്ടയെന്ന ചിത്രത്തിൽ നാല് നായകന്മാരിൽ ഒരാളായിരുന്നു. വള്ളിക്കെട്ട് എന്ന ചിത്രത്തിൽ വില്ലനായിരുന്നു. ഒഴിവുണ്ടാവുമ്പോൾ എന്റെ കൂടെ അസിസ്റ്റന്റായി വരാറുണ്ട്. മകൾ അഞ്ജലി ഭർത്താവിനോടൊപ്പം ദുബായിലാണ്.

എം.എസ്.ദാസ്

മാട്ടുമന്ത

ഫോട്ടോ:സുരേഷ് കുനിശ്ശേരി


LATEST VIDEOS

Top News