സിനിമ വിടുകയാണെന്ന സൂചന നല്‍കി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആഗ്രഹം. വേദവ്യാസ മഹര്‍ഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ വലിയൊരു പ്രോജക്റ്റ് ആയിരിക്കും. അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
”ആ സിനിമയ്ക്ക് ഒരുപാട് ലെയറുകളുണ്ട്, വികാരങ്ങളുണ്ട്, സ്‌കെയില്‍ ഉണ്ട്, ലോകത്ത് നിങ്ങള്‍ കാണുന്നതെല്ലാം മഹാഭാരത്തില്‍ നിങ്ങള്‍ കാണും. വര്‍ഷങ്ങളായി മനസില്‍ തങ്ങി നില്‍ക്കുന്ന കഥയാണ്. ബിഗ് സ്‌ക്രീനില്‍ ഒരുക്കണമെന്ന് എപ്പോഴും സ്വപ്‌നം കണ്ടിരുന്ന ഒന്ന്. ഒരുപക്ഷെ ഈ സിനിമ ചെയ്ത് കഴിഞ്ഞാല്‍ എനിക്ക് മറ്റൊന്നും ചെയ്യാനാകില്ല.”
‘സിതാരേ സമീന്‍ പര്‍’ ആണ് ആമിര്‍ ഖാന്‍ നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം. ജൂണ്‍ 20-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ ‘കൂലി’യിലും അദ്ദേഹമെത്തും. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന സണ്ണി ഡിയോളിന്റെ പീരിയഡ്-ഡ്രാമ ‘ലാഹോര്‍ 1947’ നിര്‍മ്മിക്കുന്നത് ആമിര്‍ ഖാനാണ്.