പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല
ആട്ടത്തിന് ജൂറി മെൻഷനിംഗ് എന്നതിനിപ്പുറം ഇത്രയധികം അവാർഡുകളോ നേട്ടങ്ങളോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയെ ദേശീയ ശ്രദ്ധയിൽ എത്തിക്കണമെന്ന് ഞങ്ങൾക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഈ വർഷം ആദ്യം തിയേറ്ററുകളിൽ എത്തിയ സിനിമ. അന്ന് കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ഒരുപാട് പേരിലേക്ക് ആട്ടം എത്തിയിരുന്നില്ല. പുന്നീട് ഒ ടി ടി യിൽ എത്തിയപ്പോഴാണ് കുറച്ചു പേർക്കിടയിലേക്ക് കൂടി സിനിമ എത്തിയത്. എന്നാൽ നാഷണൽ അവാർഡിന് ശേഷം ആട്ടം ആമസോൺ പ്രൈം പോലെയൊരു പ്ലാറ്റ്ഫോമിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമത് വന്നു.
നിഷ്കളങ്കരായ മനുഷ്യരുടെ ആട്ടം
ആട്ടത്തിന് കിട്ടിയ ഈ പുരസ്‌കാരം അതിൽ അഭിനയിച്ച ഓരോ നിഷ്കളങ്കരായ മനുഷ്യരുടെ വിജയമാണ്. അവരും ആട്ടത്തിന്റെ അണിയറയിൽ വർക്ക് ചെയ്ത ഓരോ മനുഷ്യരും ഇങ്ങനെയൊരു പുരസ്‌കാരം ആഗ്രഹിച്ചിരുന്നു. അവരുടെ നേട്ടമാണിത്. ആട്ടം തുടങ്ങുമ്പോൾ തന്നെ അതിന്റെ സിനിമോട്ടോഗ്രഫിയായാലും എഡിറ്റ് ആണെങ്കിലും അതിന്റെ സൗണ്ട് ആണെങ്കിലും അതിൽ പതിമൂന്നാമാനായി നിൽക്കണം. നാലു ചുമരുകൾക്കുള്ളിൽ നിൽക്കുന്ന ഒരു കഥയുടെ ഒഴുക്കിനൊപ്പം ഇതൊക്കെ നിന്നാൽ മാത്രമേ പ്രേക്ഷകനും കഥയ്ക്കൊപ്പം ഇഴുകി ചേരാൻ സാധിക്കുകയോള്ളൂ.. അവരും ഒരുമിച്ച് അയാളെ തിരയും. സിനിമ കണ്ട എല്ലാവരും കഥയെ കുറിച്ചും അതിൽ അഭിനയിച്ചവരെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും ആരും എഡിറ്റിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. അത് ആനന്ദിന് വലിയ വിഷമം ഉണ്ടാക്കിയിരുന്നു. എന്നോട് അതിന്റെ കാര്യങ്ങൾ തുറന്നു സംസാരിക്കാറുമുണ്ടായിരുന്നു. പക്ഷേ ഞാൻ ആനന്ദിനോട് പറയുമായിരുന്നു അങ്ങനെ എവിടന്റായി അത് കാണാൻ സാധിക്കുന്നില്ലെങ്കിൽ അതല്ലേ നമ്മുടെ വിജയമെന്ന്. ഒരു രീതിയിലും എഡിറ്റിംഗ് പോലും അവർ ശ്രദ്ധിക്കാതെ കഥയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ അത് നമ്മുടെ വിജയമല്ലേയെന്ന്...
വെല്ലുവിളികൾ നിറഞ്ഞതായിരുന്നു
ആട്ടത്തിന്റെ തിരക്കഥ എന്നിലേക്ക് എത്തിയപ്പോൾ തന്നെ ഒരുപാട് കൺഫ്യൂഷനും ഒപ്പം എക്സ് സൈറ്റ് മെന്റുമുണ്ടായിരുന്നു. ഗംഭീര ക്ലാരിറ്റിയുള്ള സ്ക്രിപ്റ്റ് ആയത് കൊണ്ട് തന്നെ ഇതിലെ ഓരോരുത്തരും ആരൊക്കെയായിരിക്കുമെന്നൊരു കൗതുകം ഉണ്ടായിരുന്നു. ആനന്ദിനോട് വിനയ് ഞങ്ങൾ നാടകക്കാർക്ക് വേണ്ടി ഒരു കഥ എഴുതണം എന്ന് പറഞ്ഞതിൽ നിന്നാണ് ആട്ടം സംഭവിക്കുന്നത്. അവരിലെ ഓരോരുത്തരുടെയും മുഖം ഓർത്തു കൊണ്ട് തന്നെയാണ് ആനന്ദ് ആട്ടത്തിന്റെ തിരക്കഥ പൂർത്തിയാക്കുന്നത്. പതിമൂന്നുപേരിൽ ഭൂരിഭാഗം നാടകക്കാർ. ഇത്രയും പെർഫോം ചെയ്യാനുള്ള കഥാപാത്രം ആദ്യമായി ഇവർ എങ്ങനെ ക്യാമറയ്ക്ക് മുന്നിൽ പെർഫോം ചെയ്യുമെന്നൊക്കെ ഞാൻ ഓർത്തിരുന്നു. ഇത്തിരികൂടെ സിനിമയിൽ എക്സ്പീരിയൻസായവരെ ആ കഥാപാത്രങ്ങൾക്കായി തിരഞ്ഞെടുക്കനായിരുന്നില്ലേ എന്ന് ചിന്തിച്ചു. ആനന്ദിനും വിനയ്ക്കും അവരുടെ കാര്യത്തിൽ പൂർണ ആത്മവിശ്വാസം ഉണ്ടയിരുന്നു. ഷൂട്ടിന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് വിഷ്വൽ വരുന്നത് വരെ എനിക്ക് ടെൻഷനായിരുന്നു. സാധാരണ നാടകങ്ങളിൽ ഇത്തിരികൂടെ ലൗഡയാണല്ലോ അഭിനയിക്കാറുള്ളത്.
സിനിമ മുഴുവൻ സീൻ ബൈ സീൻ ഇവർക്ക് നേരത്തെ റിഹേഴ്‌സൽ കിട്ടിയിരുന്നെങ്കിലും എങ്ങനെയാവും ഇവർ കാമറയ്ക്ക് മുന്നിൽ അഭിനയിക്കുക എന്ന എക്സ് സൈറ്റ്മെന്റ് ഉണ്ടയായിരുന്നു. ആദ്യ റഷ്സ് എഡിറ്റിംഗ് ടേബിളിൽ എത്തിയപ്പോൾ ശരിക്കും എന്നെ അവർ ഓരോരുത്തരും ഞെട്ടിച്ചു.. പിന്നെ അങ്ങോട്ട് ഭയങ്കര ത്രില്ലായിരുന്നു. നേരിട്ട വെല്ലുവിളികളും വലുതായിരുന്നു. എഡിറ്റിന് ഇരിക്കുമ്പോൾ പതിമൂന്ന് പേരിൽ ഓരോരുത്തരുടെയും ഓരോ എക്സ്പ്രഷൻ പിക്ക് ചെയ്ത് ഇടുമ്പോൾ അത്രയധികം ശ്രദ്ധിച്ചു വേണമായിരുന്നു. കാരണം മിക്ക ഫ്രെയിമിലും എല്ലാവരുമുണ്ട്. ഓരോ സമയത്ത് ഓരോരുത്തരുടെ ഐ കോൺടാക്ട് കൊണ്ട് പോലും പ്രേക്ഷകർക്ക് ഒരു സംശയത്തിനുള്ള വഴി ഉണ്ടാക്കി കൊടുക്കരുതെന്ന് നിർബന്ധമായിരുന്നു. അതുകൊണ്ട് തന്നെ എഡിറ്റിംഗ് ടേബിളിൽ ഞാനും ആനന്ദും ഇരിക്കുമ്പോൾ അത്രയും സുക്ഷമമയാണ് ഓരോന്നും നോക്കി കണ്ടിരുന്നത്. നമ്മൾ അറിയാതെ പോലും ഒരാളെയും പ്രേക്ഷകർക്ക് ഇട്ടു കൊടുക്കരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. നാലു ചുമരുകൾക്കുള്ളിൽ ഇങ്ങനെയൊരു ത്രില്ലർ സ്വഭാവമുള്ള കഥ കൺവീൻസിങ്ങായി എഡിറ്റ് ചെയ്യപ്പെടുക.. അതൊരു ഒഴുക്ക് പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
സിനിമ വഴി
പത്തു വർഷത്തോളം ടെലിവിഷൻ ഇൻഡസ്ടറിയിൽ ജോലി ചെയ്യുമ്പോഴും സിനിമ മാത്രമായിരുന്നു സ്വപ്നം. വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് സിനിമ എത്തിപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഡയറക്ഷൻ പഠിക്കാൻ പോയെങ്കിലും അവിടെ എനിക്ക് ഏറ്റവും താൽപ്പര്യമായി തോന്നിയത് എഡിറ്റിംഗ് ആയിരുന്നു. ടെലിവിഷൻ രംഗത്തു ജോലി ചെയ്യുമ്പോളായിരുന്നു സംവിധായകൻ അഹമ്മദ് കബീറിനെ കണ്ടുമുട്ടുന്നതും. അന്ന് അവൻ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ അന്ന് സിനിമ ചർച്ചകൾ മാത്രമായിരുന്നു.
അന്ന് എന്റെ സുഹൃത്തുക്കൾ വിവേക് ഹർഷനും ദിലീപ് ഡെന്നിസും നിഷാദ് യൂസഫുമെല്ലാം അന്ന് ഇൻഡിപെൻഡന്റായിരുന്നു. എന്റെ ടെലിവിഷൻ ചാനലിന് ജോലിയ്ക്ക് ശേഷം അവരുടെ വർക്ക് അസ്സിസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. അത് സിനിമ വഴിയിലേക്ക് കുറച്ചുകൂടെ എളുപ്പമാക്കി. ജോലി രാജി വച്ച് പാഷന് വേണ്ടി കംപ്ലീറ്റ് നിൽക്കുക എന്നത് എന്നെ സംബന്ധിച്ച് അന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ലൈഫ് എന്താകുമെന്ന കാര്യത്തിൽ ഒരു ഐഡിയ ഉണ്ടായിരുന്നില്ല. അഹമ്മദ് ജൂൺ ചെയ്തു. പിന്നീട് ഒരു സിനിമ അനൗൺസ് ചെയ്തിരുന്നു. അതായിരുന്നു എന്റെ ഇൻഡിപെൻഡന്റ് വർക്ക് ആയി ആദ്യം വരേണ്ടിരുന്നത്. എന്നാൽ ആ വർക്ക് തുടങ്ങിയെങ്കിലും കോവിഡ് സമയത്ത് സിനിമ മേഖല പ്രതിസന്ധിയിലായ കൂട്ടത്തിൽ ആ പ്രോജക്റ്റും നിന്നുപോയി അല്ലായിരുന്നെങ്കിൽ അതായിരിക്കുമായിരുന്നു എന്റെ ആദ്യ പ്രോജക്ട്. പിന്നീട് കോവിഡ് സമയത്ത് അഹമ്മദ് കബീർ മധുരം ചെയ്യുന്നു. അതിലൂടെ ഞാൻ ഇൻഡിപെൻഡന്റ് ആവുകയായിരുന്നു.