മൂന്ന്, നാല് വർഷങ്ങളായി സിനിമാ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് കമൽഹാസനെ നായകനാക്കി മഹേഷ് നാരായണൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ളത്. കമൽഹാസനും, മഹേഷ് നാരായണനും ഈ പ്രൊജക്റ്റ് കുറിച്ചുള്ള പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാൽ 'ഇന്ത്യൻ-2' ചിത്രത്തിന്റെ ചിത്രീകരണ സമയത്തു നടന്ന അപകട മരണങ്ങൾ, അതിനെ തുടർന്ന് ചിത്രീകരണം നിറുത്തി വെച്ചത്, പിന്നീട് കമൽഹാസന്റേതായി പുറത്തുവന്ന 'വിക്രം' എന്ന സിനിമ സൂപ്പർഹിറ്റായി അദ്ദേഹത്തിന്റെ സിനിമാ കാരിയറിൽ ഒരു മാറ്റം ഉണ്ടാക്കിയത്.. തുടങ്ങിയ കാര്യങ്ങളാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുവാൻ വൈകുകയായിരുന്നു. അതായത് 'വിക്രം' എന്ന ചിത്രത്തിന്റെ വൻ വിജയത്തിനെ തുടർന്ന് കമൽഹാസൻ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരായ മണിരത്നം, പാ.രഞ്ജിത്ത്, എച്.വിനോദ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, ഇത് സംബന്ധമായ വാർത്തകളും പുറത്തു വിട്ടിരുന്നു. എന്നാൽ ഇതിൽ കമൽഹാസനും, മണിരത്നവും ഒന്നിക്കുന്ന ചിത്രം മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന 'ഇന്ത്യൻ-2'വിന് ശേഷം കമൽഹാസൻ ആരുടെ സംവിധാനത്തിലായിരിക്കും അഭിനയിക്കുക എന്ന വിവാദങ്ങളും, സംസാരവും കോളിവുഡിൽ നടന്നു വരുന്നത്. നമ്മൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'ഇന്ത്യൻ-2'വിന്റെ ചിത്രീകരണം കഴിഞ്ഞതും കമൽഹാസൻ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ അഭിനയിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ, അതായത് 40 ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും നടത്തുവാനാണത്രെ പദ്ധതിയിട്ടിരിക്കുന്നത്. കമൽഹാസൻ ഇങ്ങിനെയൊരു തീരുമാനമെടുക്കാൻ പ്രധാന കാരണം മഹേഷ് നാരായണൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പൂർണമായും തീർന്നുവത്രെ! അതേ നേരം മണിരത്‌നം, പാ.രഞ്ജിത്ത്, എച്.വിനോദ് തുടങ്ങിയവർ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ പൂർത്തിയായിട്ടില്ലത്രെ! ഇവരിൽ പാ.രഞ്ജിത്ത് ഇപ്പോൾ വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിനാൽ 'ഇന്ത്യൻ-2'വിന്റെ ചിത്രീകരണം കഴിഞ്ഞതും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനാണത്രെ കമൽഹാസൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.