മനസ്സുനിറയെ അഭിനയമോഹമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. പക്ഷേ, സിനിമയുമായി ബന്ധപ്പെട്ട ആരെയും പരിചയമുണ്ടായിരുന്നില്ല.
ഇന്നിപ്പോൾ തമിഴിലും മലയാളത്തിലും വിവിധ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി മഹിമാനമ്പ്യാർക്ക് സിനിമയിലെത്താൻ നിമിത്തമായതും സാക്ഷ്യം വഹിച്ചതും കാഞ്ഞങ്ങാട്ടുള്ള പ്രശസ്തമായ ബേക്കൽ കോട്ടയാണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല.
അതെ, വളരെ യാദൃച്ഛികമായിട്ടാണ് ബേക്കൽ ഫോർട്ടിൽ വച്ച് ഒരു തമിഴ് ഫിലിം ഡയറക്ടർ മഹിമാനമ്പ്യാരെ മീറ്റ് ചെയ്യുന്നത്. അന്ന് അദ്ദേഹത്തിന്റെ തമിഴ് സിനിമയിലേക്ക് ഒരനുജത്തി വേഷം ചെയ്യുവാൻ ക്ഷണിച്ചുവെങ്കിലും ടെൻതിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ സിനിമാഷൂട്ടിംഗിൽ പങ്കെടുക്കുവാനായില്ല.
എന്നാൽ, അവിടുന്നുതന്നെ എന്റെ ചില ഫോട്ടോകൾ കണ്ടിട്ട് കാര്യസ്ഥൻ എന്ന സിനിമയിൽ ദിലീപിന്റെ അനുജത്തിയായി അഭിനയിക്കാൻ മഹിമാനമ്പ്യാർക്ക് ക്ഷണം കിട്ടി. അങ്ങനെ'കാര്യസ്ഥൻ' സിനിമയിൽ അഭിനയിച്ചു.
പിന്നീട് മഹിമ 'സാട്ടെ' എന്ന തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചു. ഇങ്ങനെ മലയാളത്തിലും തമിഴിലും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടി മഹിമ പുതിയ സിനിമാവിശേഷങ്ങൾ 'നാന'യുമായി പങ്കുവയ്ക്കുകയാണ്.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്നതും ഉണ്ണിമുകുന്ദൻ നായകനായി അഭിനയിക്കുകയും ചെയ്യുന്ന ജയ്ഗണേഷാണ് മഹിമയുടെ പുതിയ സിനിമ അല്ലേ?
മഹിമ: 'ജയ് ഗണേഷ്' എന്ന സിനിമയിൽ വളരെ ഇന്ററസ്റ്റിംഗായിട്ടുള്ള ഒരു ക്യാരക്ടറാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. രഞ്ജിത്ത് ശങ്കറിന്റെ സിനിമകളെല്ലാം തന്നെ ഫീമെയിൽ കഥാപാത്രങ്ങൾക്ക് എപ്പോഴും വളരെ പ്രാധാന്യമുള്ളതായിരിക്കും. മാത്രവുമല്ല, നല്ല ബോൾഡായിട്ടുള്ള കഥാപാത്രവുമായിരിക്കും. എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപെട്ടിരുന്നു. നല്ല സ്‌കോപ്പുള്ള ഒരു കഥാപാത്രം തന്നെ.
സിനിമയിൽ ഏതുതരം കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമോ തീരുമാനമോ മഹിമയ്ക്കുണ്ടോ?
ഇന്നതരം വേഷങ്ങൾ ചെയ്യണം എന്നൊന്നുമില്ല. ഞാൻ എന്റെ കരിയർ സ്റ്റാർട്ട് ചെയ്തിട്ട് രണ്ടുമൂന്ന് വർഷങ്ങളേ ആയിട്ടുള്ളൂ. ഇപ്പോഴാണ് സിനിമ ഒന്ന് ഫോക്കസ് ചെയ്തിട്ടുള്ളത്. പഠിത്തവും കൂടെയുണ്ടായിരുന്നല്ലോ. എല്ലാ ടൈപ്പ് കഥാപാത്രങ്ങളും അഭിനയിക്കണം,നല്ല ബോൾഡായിട്ടുള്ള വേഷങ്ങൾ ചെയ്യാനിഷ്ടമാണ്.
'സാട്ടെ' എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു എന്നുപറഞ്ഞുവല്ലോ. എങ്ങനെയാണ് ആ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്?
'കാര്യസ്ഥൻ' സിനിമ ചെയ്തുകഴിഞ്ഞപ്പോൾ അവിടെനിന്നും എന്റെ കുറച്ച് ഫോട്ടോ പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു സുശീലൻ ആ തമിഴ് സിനിമയ്ക്കുവേണ്ടി അയച്ചുകൊടുത്തിരുന്നു. ഡയറക്ടർക്ക് ഇഷ്ടപ്പെട്ടിട്ട് എന്നെ സെലക്ട് ചെയ്തു. അങ്ങനെ ഷിബു ചേട്ടൻ വഴിയാണ് ഞാൻ തമിഴിലഭിനയിക്കുന്നത്.
മലയാളത്തിൽ ഇപ്പോൾ ഏതൊക്കെ സിനിമകളിൽ അഭിനയിച്ചു?
കാര്യസ്ഥൻ കഴിഞ്ഞ് മാസ്റ്റർ പീസ്, മധുരരാജ, വാലാട്ടി, ആർ.ഡി.എക്‌സ്. തമിഴിൽ ഞാൻ പതിനെട്ടോളം സിനിമകളിൽ അഭിനയിച്ചു. ഈ വർഷം റിലീസായ തമിഴ് സിനിമകൾ ചന്ദ്രമുഖി 2, മുത്തയ്യ മുരളീധരൻ സാറിന്റെ ബയോപിക് സിനിമ ചെയ്തു, വിജയ് ആന്റണിയ്‌ക്കൊപ്പം 'രത്തം' ചെയ്തിരുന്നു. 'നാട്' എന്നൊരു പുതിയ തമിഴ് സിനിമ ഡിസംബർ ഒന്നിന് റിലീസ് ചെയ്യുന്നു.
കാസർഗോഡാണ് വീട് അല്ലേ? അവിടെ എവിടെയാണ് ?
കാസർഗോഡ് ജില്ലയിലെ വിദ്യാനഗറാണ് വീട്. വീട്ടിൽ അച്ഛൻ, അമ്മ, ഒരു ഏട്ടനുമുണ്ട്. ഏട്ടൻ തിരുനെൽവേലിയിൽ സെറ്റിലായിരിക്കുന്നു. അച്ഛൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തു. അമ്മ ടീച്ചറാണ.് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്.
ജി. കൃഷ്ണൻ