തിരുവനന്തപുരം: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി മാലാ പാർവതി. ഗൗരവതരമായി തന്നെ വിഷയം പോലീസും സർക്കാരും എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മനോരോഗം എന്നുപറഞ്ഞ് ഈ സംഭവത്തെ നിസ്സാരവൽക്കരിക്കാൻ പറ്റില്ലെന്നും നടി പ്രതികരിച്ചു.
മനോരോഗമാണെങ്കിൽ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്കുപോവുന്ന ആളാണ്. ഒന്നും ചെയ്യാൻ ധൈര്യമില്ലാതെയാവും. ഒരു മനുഷ്യന്റെ സ്വസ്ഥതയാണ് നഷ്ടപ്പെടുന്നത്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്നം ഗൗരവമായിത്തന്നെ കാണണമെന്നും നടി ആവശ്യപ്പെട്ടു.
"ഒരാളുടെ മാത്രം പ്രശ്നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇതെത്തുന്നു എന്ന് പറയുമ്പോൾ നമുക്ക് എല്ലാത്തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം." മാലാ പാർവതി പറഞ്ഞു.
തനിക്കും കുടുംബത്തിനും നേരെ വീണ്ടും സൈബർ ആക്രമണം നടക്കുന്നതായി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീണ വെളിപ്പെടുത്തിയത്. നടിയെയും തൻ്റെ കുടുംബത്തിനേയുംസമൂഹമാധ്യമങ്ങളിലൂടെ 3 വർഷമായി അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് നടി സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുമുൻപു വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി.
ഏതാനും വർഷം മുൻപ് നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി. തുടർന്നാണ് ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്ന് കണ്ടെടുത്തിരുന്നു.
തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെയും സഹോദരഭാര്യയുടേയും ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിക്കുന്നുണ്ട് പ്രവീണയുടെ മകളും സൈബർ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്.