ദുൽഖർ സൽമാന്റെ 'പട്ടം പോലെ' എന്ന ചിത്രം മുഖേന സിനിമയിൽ അരങ്ങേറ്റം കുറിച്ച മലയാളി താരമാണ് മാളവികാ മോഹനൻ. തുടർന്ന് തമിഴിൽ രജിനിക്കൊപ്പം 'പേട്ട', വിജയിന്റെ കൂടെ 'മാസ്റ്റർ', ധനുഷിനൊപ്പം 'മാരൻ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മാളവികാ മോഹനൻ ഇപ്പോൾ വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. മലയാളം, തമിഴ് കൂടാതെ ചില ഹിന്ദി ചിത്രങ്ങളിലും, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള മാളവികാ മോഹനൻ അടുത്ത് തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിക്കുവാൻ പോകുകയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്.തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ മാരുതി അടുത്ത് പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാളവികാ മോഹനൻ അഭിനയിക്കാനിരിക്കുന്നത്. മാളവികാ മോഹനൻ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
മാളവികാ മോഹനൻ തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരു ചിത്രത്തിനായി മുമ്പ് കരാറിൽ ഒപ്പു വച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ആ ചിത്രം മുടങ്ങിപോയി. അതിനു ശേഷം ഇപ്പോഴാണ് മാളവിക മോഹനൻ ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങിക്കഴിഞ്ഞു. അടുത്തുതന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ദുൽഖർ സൽമാൻ, രജനികാന്ത്, വിജയ്, ധനുഷ്, വിക്രം തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച മാളവികാ മോഹനന്റെ തെലുങ്ക് പ്രവേശം പ്രഭാസിനൊപ്പമാണെന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്.