തെന്നിന്ത്യൻ സിനിമയിൽ ബാലതാരമായും, നായികയായും ഒരേപോലെ തിളങ്ങിയ രണ്ട് സഹോദരി താരങ്ങളാണ് ശാലിനിയും ശാമിലിയും. ശാലിനി മലയാളത്തിലൂടെയാണ് ബാലതാരമായി അരങ്ങേറിയതെങ്കില്‍ ശാമിലി തമിഴിലൂടെയാണ് ബാലതാരമായി അരങ്ങേറിയത്. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്ക്കുകയാണ് ശാലിനി. എങ്കിലും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ശാലിനി. എന്നാൽ ശാലിനിയുടെ അനിയത്തി ശാമിലിക്ക് ബാലതാരമായി തിളങ്ങിയതുപോലെ സിനിമയിൽ നായികയായി തിളങ്ങുവാനുള്ള അവസരങ്ങൾ ലഭിക്കുകയുണ്ടായില്ല. അതിനാൽ സിനിമയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ് ശാമിലി. എന്നാൽ ശാമിലിക്ക് ചിത്രകലയിലും, നൃത്തത്തിലും വളരെയധികം താല്പര്യം ഉണ്ട്. അതിനാൽ ശാമിലിയുടെ താൽപര്യത്തെ കണ്ടെത്തിയ ശാമിലിയുടെ കുടുംബ അംഗങ്ങൾ ചിത്രകലയും, നൃത്തവും പഠിക്കാൻ പ്രോത്സാഹനം നൽകിയിരുന്നു. അങ്ങിനെയാണ് ചെന്നൈയിലുള്ള ചിത്രകലാ പ്രതിഭയായ എ.വി. ഇളങ്കോയുടെ നേതൃത്വത്തിൽ ശാമിലി ചിത്രകലയിൽ പ്രാവീണ്യം നേടുന്നതും, തുടർന്ന് ചിത്രങ്ങൾ ഒരുക്കുവാനും തുടങ്ങിയിരിക്കുന്നത്. ഇതിനെ തുടർന്ന് 2019-ൽ ശാമിലിയുടെ സൃഷ്ടികൾ ബെംഗളൂരുവിലെ ചിത്രകലാ പരിഷത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 2022-ൽ ചെന്നൈയിലെ വെൻഭ ഗാലറിയിലും പ്രദർശിപ്പിക്കുകയുണ്ടായി. അതുപോലെ അടുത്തിടെ ദുബായിലെ അന്താരാഷ്ട്ര ആർട്ട് ഗാലറിയായ വേൾഡ് ആർട്ടിലും ശാമിലിയുടെ ചിത്രങ്ങൾ കാണികൾക്കായി പ്രദർശിപ്പിച്ചുവത്രെ!
ഈ പരിപാടിയിൽ മുന്നൂറിലധികം ചിത്രകാരന്മാർ പങ്കെടുത്തിരുന്നുവത്രെ!ഇതേ തുടർന്നാണ് ശാമിലി ചെന്നൈയിൽ പൊതുജനങ്ങൾക്ക് തന്റെ ചിത്രങ്ങൾ കാണുവാനും, വാങ്ങുവാനും കഴിയുന്ന തരത്തിൽ 'ഷീ' എന്ന പേരിൽ ആർട്ട് ഗാലറി തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഉൽഘാടന ചടങ്ങിൽ ശാലിനിയും മകൻ ആദ്വിക്കും മകൾ അനോഷ്‌കയുമെല്ലാം പങ്കെടുത്തു. ഇവരെ കൂടാതെ സംഗീത സംവിധായകൻ എ.ആർ.റഹ്‌മാൻ, സംവിധായകൻ മണിരത്നം, സുഹാസിനി മണിരത്നം, ആക്ഷൻ കിംഗ് അർജുൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ ഇപ്പോൾ പുറത്ത് വന്നു വൈറലായി കൊണ്ടിരിക്കുകയാണ്.