പലരും പറയാൻ മടിച്ച, പേടിച്ച കാര്യങ്ങൾ ആറ് സ്ത്രീകളുടെ ജീവിതത്തിലൂടെ പറഞ്ഞുകൊണ്ടാണ് മിനി ഐ.ജി എന്ന സംവിധായിക മലയാളസിനിമയിൽ വരവറിയിച്ചിരിക്കുന്നത്. കേരള സംസ്ഥാന ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംവിധായകരെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഡിവോഴ്‌സ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് അവർ. തന്റെ ആദ്യസിനിമയുടെ വിശേഷങ്ങളും ഒപ്പം കടന്നുവന്ന സിനിമാവഴികളെക്കുറിച്ചും മിനി സംസാരിച്ചുതുടങ്ങി...
ആറുപെണ്ണുങ്ങളും നിലപാടും
ഡിവോഴ്‌സിലൂടെ അവതരിപ്പിച്ച ആറുപെണ്ണുങ്ങളും പറഞ്ഞത് ആറ് വ്യത്യസ്തമായ കഥകളാണ്. സമൂഹം ഒരുപാട് മാറിയെന്ന് പറയുമ്പോഴും ഡിവോഴ്‌സ് എന്നുകേട്ടാൽ, അല്ലെങ്കിൽ ഡിവോഴ്‌സ് എന്നുപറയാൻ മടിയുള്ളവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഓരോ ഡിവോഴ്‌സും നടക്കുമ്പോൾ അതിന്റെ പുറകിൽ പല മാനസിക വ്യഥകളിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങളും, ആണുങ്ങളും അവരുടെ കുഞ്ഞുങ്ങളും എത്തിപ്പെടുന്ന ട്രോമകൾ വലുതാണ്. അങ്ങനെ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ഒരുപാട് വേദനകളും അതിജീവനവും അതിനെല്ലാം പുറകിലുണ്ട്. ആറ് കുടുംബങ്ങളും ആറുജീവിത ചുറ്റുപാടുകളിൽ നിന്നുള്ളവരാണ്. പ്രായമേറിയ രണ്ടുപേർ ഡിവോഴ്‌സിന് വേണ്ടി കോടതിയിൽ കയറി ഇറങ്ങുന്നത് സിനിമയിൽ കാണിക്കുന്നുണ്ട്. ഒരു കുടുംബം എത്ര ജനാധിപത്യപരമാകണമെന്ന് മാത്രമാണ് ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഡിവോഴ്‌സിലൂടെ ഒരിക്കലും ബന്ധങ്ങൾ തകർക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. പകരം പരസ്പരം മനസ്സിലാക്കി ഒരു കുടുംബത്തിൽ പുരുഷനും സ്ത്രീക്കും തുല്യത വേണമെന്നാണ് പറഞ്ഞുവയ്ക്കുന്നത്. ഡിവോഴ്‌സ് എന്ന പ്രോസസ്സിലൂടെ കടന്നുപോകുമ്പോൾ അവിടെ അരക്ഷിതരാകുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ മാറിമറിയുന്നു.
കോടതിമുറിക്കുള്ളിൽ കണ്ടുമുട്ടിയ ആ മുഖങ്ങൾ
ആ ആറ് പെണ്ണുങ്ങളും എനിക്ക് അപചിരിതർ അല്ലായിരുന്നു. ജീവിതത്തിന്റ ഓരോ ഘട്ടങ്ങളിലും പലയിടങ്ങളിലായി എന്റെ കൺമുന്നിലൂടെ കടന്നുപോയവരാണ്. ആ നിസ്സഹായത നിറഞ്ഞ മുഖങ്ങളിൽ നിന്നാണ് എന്റെ ആറുപെണ്ണുങ്ങളും ജനിക്കുന്നത്. നമുക്ക് ചുറ്റും നിന്നുകൊണ്ട് സങ്കീർണ്ണതകളിലൂടെ അവരിലെ പലരും കടന്നുപോകുമ്പോൾ അവരുടെ പ്രശ്‌നം ഇവിടെ അഡ്രസ് ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു കഥയിലേക്കും ഇങ്ങനെയൊരു സിനിമയിലേക്കും എത്തുന്നത്. പലപ്പോഴും വ്യത്യസ്ത ചുറ്റുപാടിലുള്ള ഫാമിലികൾ ആണെങ്കിലും ഇതിലൂടെ കടന്നുപോകുമ്പോൾ അവിടെ സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്നതാണ് കൂടുതലായും നാം കാണുന്നത്. സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന ഒരു ഫാമിലിയിലെ സ്ത്രീയാണെങ്കിലും അവരെയും ഇത് ബാധിക്കുന്നത് വളറെ മോശമായാണ്. ഈ ആറുപെണ്ണുങ്ങളെ ആര് അവതരിപ്പിക്കുമെന്നത് എന്റെ മുന്നിലെ വലിയൊരു ചോദ്യമായിരുന്നു. അറിയപ്പെടുന്ന മുൻനിരയിലെ അഭിനേത്രിമാരിലേക്ക് കഥ എത്തിയെങ്കിലും, പുതിയ സംവിധായിക അതിനൊപ്പം പരിമിതികൾക്കുള്ളിൽ നിന്നെടുക്കുന്ന സിനിമ എന്നതൊക്കെ കൊണ്ട് അവരെല്ലാം വഴിമാറി. പിന്നീട് എന്റെ കഥയിലേക്ക് എത്തിയ ആറ് സ്ത്രീകളും അവരുടെ മാക്‌സിമം എഫോർട്ട് സിനിമയ്ക്കുവേണ്ടി കൊടുത്തിട്ടുണ്ട്. ചിത്രം കണ്ടവരൊക്കെ നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ സന്തോഷമുണ്ട്.
ഡിവോഴ്‌സിന് വേണ്ടി കോംപ്രമൈസ് ചെയ്തു
പരിമിതികൾക്കുള്ളിൽ നിന്നെടുത്ത ചിത്രമായതുകൊണ്ട് ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. കോവിഡ് സമയത്തായിരുന്നു ഡിവോഴ്‌സിന്റെ ഷൂട്ട് നടന്നത്. ഇരുപത്തിനാല് ദിവസത്തെ ഷൂട്ടായിരുന്നു. എപ്പോൾ സ്റ്റോപ്പ് ചെയ്യേണ്ടി വരുമെന്ന് അറിയാതെയായിരുന്നു ചിത്രം തുടങ്ങിയത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഫണ്ട് ചെയ്തു ഒരു സിനിമ ചെയ്യുമ്പോൾ സ്ത്രീകളുടെ എവിടെയും അഡ്രസ് ചെയ്യാത്ത വിഷയമായിരിക്കണം പറയുന്നതെന്ന് നിർബന്ധമുണ്ടായിരുന്നു. ഇവിടുത്തെ മാർക്കറ്റ് എന്താണെന്ന് പൂർണ്ണബോധ്യമുണ്ടായിട്ടും ഇത്തരത്തിൽ ഒരു വിഷയം സംസാരിച്ചത് അതിവിടെ സംസാരിക്കേണ്ടതാണെന്ന ഉറച്ച ബോധ്യം ഉള്ളതുകൊണ്ടാണ്.
സ്ത്രീസംവിധായിക എന്നത് വെല്ലുവിളിയായിരുന്നു
ഇവിടെ കാലങ്ങളായി പുരുഷ കേന്ദ്രീകൃതമായ ഒരിടമാണ്. പെട്ടെന്നൊന്നും അവിടെ മാറ്റം വരുത്താൻ കഴിയില്ല. കഴിഞ്ഞ അഞ്ചുവർഷങ്ങൾ എടുത്ത് നോക്കുകയാണെങ്കിൽ വലിയൊരു മാറ്റം ഇവിടെയുണ്ടായിട്ടുണ്ട്. സ്ത്രീ സംവിധായിക പറയുന്നത് അനുസരിക്കുക എന്നതെല്ലാം ഇവിടെ എന്തോ തെറ്റായ കാര്യമാണ്. പുരുഷ സംവിധായകർക്കുള്ള അവകാശങ്ങൾ സ്ത്രീകൾ ആവുമ്പോൾ രണ്ടും മൂന്നും തവണ ഇത് തങ്ങളുടെ അവകാശമെന്ന് പറഞ്ഞുവയ്‌ക്കേണ്ടി വരുന്നു. നമുക്ക് ഒരു നിർമ്മാതാവിനെ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. സ്ത്രീകൾ സ്ത്രീപക്ഷ സിനിമകൾ മാത്രം ചെയ്യുകയും അത് ഒരു പ്രത്യേക പ്രേക്ഷകരിലേക്ക് മാത്രമേ എത്തിപ്പെടുകയുള്ളുവെന്ന മുൻധാരണയുണ്ട്. അഞ്ജലിമേനോൻ ഇവിടെ ഉണ്ടാക്കിയെടുത്ത ഐഡന്റിറ്റി പിന്നീട് വന്ന സ്ത്രീ സംവിധായകർക്ക് ഗുണം ചെയ്യുന്നുണ്ട്. എല്ലാത്തരത്തിലുള്ള സിനിമകളും ഇവിടെ എല്ലാവരും ചെയ്യണം. അതിന് ലിംഗം ഒരിക്കലും തടസ്സമാവരുത്.
മലയാള സിനിമ സ്ത്രീ സൗഹൃദമാവുന്നു
പൂർണ്ണമായി മലയാളസിനിമ സ്ത്രീസൗഹൃദമായി മാറിയെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. സ്ത്രീകൾ അനുഭവിക്കുന്ന മാനസിക- ശാരീരിക വിഷയങ്ങൾ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നത് തന്നെ വലിയൊരു മാറ്റമാണ്. ഇന്ന് വരുന്ന പുതിയ തലമുറയിലെ സിനിമാക്കാർ അവർക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീകളെ സഹപ്രവർത്തകരായി കാണുന്നു. അവർ ഒന്നിച്ച് ജോലി ചെയ്യുന്നു. കൂട്ട് കൂടുന്നു. അത് നാളേക്ക് പ്രതീക്ഷയുള്ള മാറ്റത്തിന്റെ തുടക്കമാണ്.
അഭിനയവഴിയെക്കുറിച്ച്?
നാഷണൽ സ്‌ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങി കഴിഞ്ഞ ഇരുപത്തഞ്ചുവർഷമായി നാടകരംഗത്തുണ്ട്. കഥകൾ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും സജീവമായി നിന്നു. ഇതിനിടയിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനിലും ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിലും അഭിനയിച്ചു. അഭിനയം ഇഷ്ടമുള്ള പ്രോസസ്സാണ്. ലാൽജോസ് സാറിനൊപ്പവും പി. സാറിനൊപ്പവും സംവിധാനസഹായിയായി ജോലി ചെയ്തിട്ടുണ്ട്.