ഇക്കഴിഞ്ഞ 23 ചൊവ്വാഴ്ചയിലെ പകല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണദിനമായിരുന്നു. വെളിച്ചവും തെളിച്ചവും തിളക്കവുമുള്ള പകല്‍.
മലയാളസിനിമയിലെ നടനവിസ്മയം മോഹന്‍ലാല്‍ രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ കൈകളില്‍ നിന്നും തന്‍റെ കൈകളിലേക്ക് വാങ്ങി സ്വന്തമാക്കുന്ന ധന്യമായ നിമിഷം.
മലയാള സിനിമയെ സ്നേഹിക്കുന്നവരും മോഹന്‍ലാല്‍ എന്ന അഭിനയചക്രവര്‍ത്തിയെ ആരാധിക്കുന്നവരും ആ ദൃശ്യം കണ്‍കുളിര്‍ക്കെ കണ്ടു.

അഭിനയത്തിന്‍റെ മാന്ത്രികസ്പര്‍ശം കഴിഞ്ഞ 45 വര്‍ഷത്തിലധികമായി ശിരസ്സാവഹിച്ചുകൊണ്ട് നടക്കുന്ന മോഹന്‍ലാലിന് ഈ ബഹുമതിയും പട്ടവും പുതിയ കിരീടമായി അണിയാന്‍ ഭാഗ്യം സിദ്ധിച്ചതില്‍ തെല്ലും അതിശയോക്തിയില്ല. കാലം കരുതിവച്ചിരുന്നതാണിത്.
മലയാള സിനിമയും അഭിനയവുമൊക്കെ തന്‍റെ ജീവിതസ്പന്ദനമാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഈ അംഗീകാരം തന്‍റെ മാത്രം കഴിവുകൊണ്ട് നേടിയെടുത്തതല്ലെന്നും തന്നെ സിനിമയിലേക്ക് നയിച്ചവര്‍ക്കും കൂടെനടക്കുന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം ഉള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും തന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ സുവര്‍ണ്ണമുദ്രയെന്നാണ് ഫാല്‍ക്കെ പുരസ്ക്കാരം ലഭിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. ലാളിത്യത്തിന്‍റെ ഭാഷയിലാണ് ലാല്‍ അതുപറഞ്ഞത്.
ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ കലാകാരനെക്കുറിച്ച് വളരെയധികം പ്രശംസയോടെ പുകഴ്ത്തി സംസാരിച്ചത് മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയജീവിതത്തിലും മലയാള സിനിമയുടെ ചരിത്രരേഖകളിലും ഒരു നല്ല അടയാളമായി കിടക്കും.

ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് നല്‍കുന്നതിനൊപ്പം തന്നെ ദേശീയ പുരസ്ക്കാരങ്ങളും ഇന്നലെ ഇതേ വേദിയില്‍ വച്ച് സമ്മാനിച്ചിരുന്നു.
ഹിന്ദി സിനിമാരംഗത്തെ പ്രശസ്ത നടന്‍ ഷാരൂഖ്ഖാന്‍, വിക്രാന്ത് മാസി, നടി റാണി മുഖര്‍ജി എന്നിവരും മലയാളസിനിമയിലെ പ്രശസ്ത നടന്‍ വിജയരാഘവന്‍, നടി ഉര്‍വ്വശി, സംവിധായകന്‍ ക്രിസ്റ്റോ, ടോമി, പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്, മികച്ച എഡിറ്റര്‍ മിഥുന്‍മുരളി, നോണ്‍ ഫീച്ചര്‍ സംവിധായകന്‍ എം.കെ. രാംദാസ്, മികച്ച സൗണ്ട് എഞ്ചിനീയര്‍ സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളി തുടങ്ങിയവരും മലയാള സിനിമയുടെ വക്താക്കളായി ഇന്നലെ ഇതേ വേദിയില്‍വച്ച് പുരസ്ക്കാരം ഏറ്റുവാങ്ങിയിരുന്നു.
മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരമാണ് വിജയരാഘവന്‍ ഏറ്റുവാങ്ങിയത്. മികച്ച നടിക്കുള്ള പുരസ്ക്കാരമായിരുന്നു ഉര്‍വ്വശിക്ക് ലഭിച്ചത്.
മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ഈ ബഹുമതി വാങ്ങുവാന്‍ ഡെല്‍ഹിയിലെത്തിയത്. വിജയരാഘവന്‍ ഭാര്യ സുമയോടും ഇളയമകന്‍ ദേവദേവനോടും ഒപ്പമെത്തി. ഉര്‍വശിയാകട്ടെ മകള്‍ തേജാലക്ഷ്മിയ്ക്കൊപ്പമാണ് എത്തിയത്.

'ഇതുപോലെയുള്ള അംഗീകാരങ്ങള്‍ മനസ്സിനെഏറെ സന്തോഷിപ്പിക്കുന്നതാണെന്നും നമ്മള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ കിട്ടുന്ന ബഹുമതിയാണിതെന്നും രാജ്യത്തിന്‍റെ ഇതുപോലെയുള്ള വലിയ പുരസ്ക്കാരങ്ങള്‍ വലിയ അംഗീകാരം തന്നെയാണെന്നും വിജയരാഘവന്‍ പറയുകയുണ്ടായി.
കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, എല്‍. മുരുകന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.