തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും, ഛായാഗ്രാഹകനുമാണ് മലയാളിയായ രാജീവ് മേനോൻ. പ്രഭുദേവയും, ബോളിവുഡ് താരം കജോളും ഒന്നിച്ചഭിനയിച്ച 'മിൻസാരകനവ്', മമ്മുട്ടി, അജിത്, ഐശ്വര്യറായ് തുടങ്ങിയവർ അഭിനയിച്ച 'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ', നെടുമുടി വേണു അഭിനയിച്ച 'സർവം താളമയം' ആന്തോളജി ചിത്രമായ 'പുത്തം പുതുകാലൈ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജീവ് മേനോൻ, ചില തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ചു സിനിമകളിൽ മാത്രമേ ഇദ്ദേഹം പ്രവർത്തിച്ചിട്ടുള്ളുവെങ്കിലും പ്രശസ്തനായ സിനിമാ ടെക്‌നീഷ്യനാണ് രാജീവ് മേനോൻ. ഇതിന് കാരണം അദ്ദേഹത്തിന്റെ വർക്കുകൾ തന്നെയാണ്. അങ്ങിനെയുള്ള രാജീവ് മേനോൻ ഈയിടെ വെട്രിമാരൻ സംവിധാനം ചെയ്തു പുറത്തുവന്നു വൻ വിജയമായ 'വിടുതലൈ' എന്ന ചിത്രത്തിൽ ജില്ലാ കളക്ടറുടെ വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ സർക്കാർ ഉദ്യോഗസ്ഥനായുള്ള അദ്ദേഹത്തിന്റെ പ്രകടനം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. രാജീവ് മേനോന്റെ യഥാർത്ഥ രീതിയിലുള്ള അഭിനയം സിനിമാ ആരാധകരെ മാത്രമല്ല സിനിമാ സംവിധായകരെയും ആകർഷിച്ചു എന്ന് വേണം പറയുവാൻ.
ഇതിനെ തുടർന്ന് രാജീവ് മേനോനെ തേടി നിറയെ സിനമകളിൽ അഭിനയിക്കുവാനുള്ള അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. വസന്ത് രവി നായകനാകുന്ന 'ആയുധം' എന്ന സിനിമയിൽ രാജീവ് മേനോൻ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായും രാജീവ് മേനോൻ എത്തുമെന്നാണ് ഇപ്പോൾ കോളിവുഡിൽ പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ഈ ചിത്രങ്ങൾ കൂടാതെ മറ്റു ചില തമിഴ് സിനിമകളിലും, ചില തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കാൻ രാജീവ് മേനോന് അവസരം വന്നിട്ടുണ്ടത്രെ! അങ്ങിനെ തിരക്കേറിയ ഒരു നടനായി മാറുകയാണ് രാജീവ് മേനോൻ. ഇദ്ദേഹം ഈയിടെ മരണപ്പെട്ട പ്രശസ്ത പിന്നണി ഗായികയായ കല്യാണി മോനോന്റെ മകനാണെന്നുള്ളത് മിക്കവർക്കും അറിയാവുന്നതാണ്.