2024-ന്റെ ആദ്യത്തെ മാസങ്ങൾ തമിഴ് സിനിമയ്ക്ക് വലിയ വിജയം നൽകിയില്ല എന്ന് തന്നെ പറയാം. ധനുഷിൻ്റെ 'ക്യാപ്റ്റൻ മില്ലറും', ശിവകാർത്തികേയൻ നായകനായ 'അയലാനും' ജനുവരിയിൽ പൊങ്കൽ വിശേഷത്തിനോടനുബന്ധിച്ചു റിലീസായെങ്കിലും ഈ സിനിമകൾ ബോക്‌സ് ഓഫീസിൽ കാര്യമായ വിജയം നേടിയില്ല. പിന്നീട് പുറത്തിറങ്ങിയ അരുൺ വിജയിൻ്റെ 'മിഷൻ' നിരൂപകരുടെ പ്രശംസ നേടിയെങ്കിലും, ഈ ചിത്രത്തിന് ആവശ്യമായ പ്രൊമോഷൻ ഇല്ലാത്ത കാരണം ചിത്രം ആരാധകരുടെ ശ്രദ്ധനേടിയില്ല. ഇതിന് പിന്നാലെ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചു ആർ.ജെ.ബാലാജി നായകനായ 'സിംഗപ്പൂർ സലൂണും' പ.രഞ്ജിത്തിൻ്റെ 'ബ്ലൂ സ്റ്റാർ' എന്നീ ചിത്രങ്ങൾ റിലീസായി. ഇതിൽ 'ബ്ലൂ സ്റ്റാർ' മാത്രമാണ് പോസിറ്റീവ് റിവ്യൂ നേടുകയും, കളക്ഷനിൽ മുന്നിലെത്തുകയും ചെയ്തത്.
ഇതിനെ തുടർന്ന് ഈ മാസം (ഫെബ്രുവരി) ആദ്യവാരത്തിൽ സന്താനം നായകനായ 'വടക്ക്പട്ടി രാമസാമി' തിയേറ്ററുകളിലെത്തി. കോമഡി ചിത്രമായി പുറത്തുവന്ന ഈ ചിത്രവും ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ 'ലാൽ സലാം' പുറത്തിറങ്ങി. സൂപ്പർസ്റ്റാർ രജനികാന്ത് ഉണ്ടായിട്ടും ഈ ചിത്രം വിജയം നേടിയില്ല. മണികണ്ഠൻ നായകനായ 'ലവ്ർ' പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിച്ചില്ല. അതിന് ശേഷം 'ജയം' രവി നായകനായ 'സൈറൺ' തിയേറ്ററുകളിലെത്തുകയും ഈ ചിത്രത്തിന് മിതമായ സ്വീകരണവും ലഭിച്ചു. പിന്നീടിറങ്ങിയ ചെറിയ ബജറ്റ് ചിത്രങ്ങൾക്കൊന്നും അനുകൂല പ്രതികരണം ലഭിക്കുകയുണ്ടായില്ല. .
എന്നാൽ അതേ സമയം ചെന്നൈയിൽ റിലീസായ 'അന്വേഷിപ്പിൻ കണ്ടെത്തും' 'പ്രേമലു', 'ഭ്രമയുഗം' 'മഞ്ഞുമേൽ ബോയ്സ്' തുടങ്ങിയ മലയാള സിനിമകൾ മലയാളി ആരാധകരെ മാത്രമല്ലാതെ തമിഴ് സിനിമാ ആരാധകരുടെയും ശ്രദ്ധ നേടി ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി വരികയാണ്. അടുത്തടുത്ത് റിലീസായ ഈ നാലു ചിത്രങ്ങളും തമിഴിൽ പുതിയതായി റിലീസായ തമിഴ് സിനിമകളെ പിന്തള്ളി നല്ല കളക്ഷൻ നേടി വരുന്ന കാര്യം തമിഴ് സിനിമാ നിർമ്മാതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതോടൊപ്പം ഈ മലയാള ചിത്രങ്ങളുടെ വിജയം കോളിവുഡിൽ സംസാരവിഷയവുമായിട്ടുണ്ട്.