NEWS

ഒരു മലയാളി from India

News

എല്ലാ സിനിമകളിലും തന്‍റെ രാഷ്ട്രീയം പറഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ഡിജോ. എങ്ങനെയാണ് മലയാളി ഫ്രം ഇന്ത്യ തുടങ്ങുന്നത്?

ഡിജോ: ഈ സിനിമയുടെ കഥയിലാണ് ഇതിന്‍റെ എല്ലാമുള്ളത്. കഥ കേട്ടപ്പോള്‍തന്നെ പ്രൊഡ്യൂസര്‍ക്കും ഒരുപാട് ഇഷ്ടമായിരുന്നു. കഥ കേട്ടപാടെ തന്നെ ഞങ്ങള്‍ നിവിനെപ്പോയി കാണുകയായിരുന്നു. കഥകേട്ട് നിവിന്‍ ചിരിക്കുകയാണുണ്ടായത്.

നിവിന് എങ്ങനെയായിരുന്നു ഈ സിനിമ?

ഗോപിയുടെ ട്രാവല്‍ എനിക്ക് നല്ലോണം കണക്ടായിരുന്നു. നാട്ടില്‍ ഒരു പണിക്കും പോകാതെ അമ്മയെയും പെങ്ങളെയും ജോലിക്കയച്ച് ജീവിക്കുന്ന പുരുഷനാണല്ലോ. അയാളുടെ യാത്രയും അതില്‍ അയ്യാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവസാനം അയ്യാളെത്തി ച്ചേരുന്ന സ്ഥലവും അത് അയാളെ മാറ്റുന്നതും ഒക്കെയാണല്ലോ സിനിമ. എനിക്ക് ഇഷ്ടപ്പെട്ട കഥയാണ്.

പ്രൊഡ്യൂസര്‍ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്?

എനിക്കും കഥ നേരത്തെ തന്നെ അറിയാമായിരുന്നു. സിനിമയുടെ സെക്കന്‍ഡ് ഹാഫ് കുറച്ച് റിസ്കി ആയിട്ടാണ് എനിക്ക് തോന്നിയത്. പക്ഷേ സിനിമയ്ക്ക് ഒരു ഫ്ളോ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പിന്നെ ഡിജോയുമായി സംസാരിച്ചു. കഥ കേട്ടപ്പോള്‍ ഡിജോയ്ക്കും പൂര്‍ണ്ണസമ്മതമായിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടിയിരുന്ന് ഈ സിനിമ ചര്‍ച്ച ചെയ്ത് വികസിപ്പിച്ചു. പ്രധാനമായും ഇതിന്‍റെ സെക്കന്‍ഡ് ഹാഫ് ചെയ്യണമെങ്കില്‍ അതിന് മികച്ച ഒരു സംവിധായകന്‍ തന്നെ വേണം എന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ഡിജോയെ തെരഞ്ഞെടുക്കുന്നത്.

നിവിന്‍ പോളിയുടെ ഒരു കംബാക് തന്നെയാണ് മലയാളി ഫ്രം ഇന്ത്യ...

ലിസ്റ്റിന്‍ സ്റ്റീഫന്‍: വളരെ മടിയനായ ഒരു വ്യക്തിയാണ് ഈ സിനിമയിലെ നിവിന്‍ ചെയ്ത കഥാപാത്രം. മടിയുള്ള നിവിനെ ഞങ്ങള്‍ നേരെ പിടിച്ച് ഈ സിനിമയിലേക്ക് ഇട്ടു എന്നെ തോന്നുന്നുള്ളൂ. അതുകൊണ്ടുതന്നെ വളരെ നാച്ചുറല്‍ അഭിനയമാണ് നിവിന്‍ ഇതില്‍ കാഴ്ച വെച്ചിരിക്കുന്നത്.

എങ്ങനെയാണ് സാഹിബായി ദീപക് ജേത്തിയെ തിരഞ്ഞെടുക്കുന്നത്?

 ഡിജോ: ബോംബെയിലും ചണ്ഡീഗഢിലുമായി നിരവധി ഓഡിഷനുകള്‍ നടത്തിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. നിവിനേക്കാള്‍ ഉയരമുള്ള ഒരാള്‍ വേണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഒരുപാട് ഉയരമുള്ള ആളുകളില്‍ നിന്നാണ് ഓഡിഷന് ക്ഷണിച്ചത്. അങ്ങനെ എന്‍റെ സുഹൃത്ത് സന്തോഷ് എനിക്കൊരു വീഡിയോ അയച്ചു തന്നു. അത് ഇദ്ദേഹത്തിന്‍റെ വീഡിയോ ആയിരുന്നു. വീഡിയോ കണ്ടിട്ടാണ് ഞാന്‍ ഇദ്ദേഹത്തെ ഓഡിഷനായി ക്ഷണിക്കുന്നത്. കണ്ടതും എനിക്ക് ഓകെ ആയി.

മലയാളികളെ മലയാളിതന്നെ ട്രോളുന്ന സിനിമയാണ്. നിവിന്‍റെ കഥാപാത്രത്തിന്‍റെ ലുക്ക് കണ്ടപ്പോള്‍ ആദ്യം നിവിന് എന്താണ് തോന്നിയത്?

നിവിന്‍: എനിക്കാ വിഗ്ഗ് ആണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്. ആദ്യം ബോറാവുമെങ്കിലും അവസാനം നന്നാവും എന്നൊക്കെയാണ് ഡിജോ പറഞ്ഞത്.

ധ്യാനുമായുള്ള ഓണ്‍ സ്ക്രീന്‍ കണക്ഷന്‍...

നിവിന്‍: പരസ്പരം ഞങ്ങള്‍ക്ക് അറിയാവുന്നത് കൊണ്ടുതന്നെ അഭിനയം വളരെ എളുപ്പമായി തോന്നി.

മലയാളി ഫ്രം ഇന്ത്യ എന്ന ടൈറ്റില്‍ എപ്പോഴാണ് ഇടുന്നത്? 

ആദ്യം മനസ്സില്‍ ഉണ്ടായിരുന്നത് ആല്‍പ്പറമ്പില്‍ ഗോപി ഫ്രം ഇന്ത്യ എന്ന ടൈറ്റില്‍ ആയിരുന്നു. പിന്നീടാണ് മലയാളി എന്ന് ചേര്‍ക്കാമെന്ന് തോന്നിയത്. കാരണം സാഹിബ് അങ്ങനെ ആണല്ലോ നിവിനെ വിളിക്കുന്നത്. 

മതസൗഹാര്‍ദ്ദം വിളിച്ചു പറയുന്ന സിനിമയാണ്...

ഡിജോ: അത്  പറയേണ്ടത് പ്രേക്ഷകരാണ്. വേറൊരു സിനിമയ്ക്ക് മറുപടിയായി ഈ സിനിമ എന്ന് ഞാന്‍ പറയില്ല. ഇതൊരു മലയാളിയുടെ യാത്രയാണ്. 

ഈ വര്‍ഷം മലയാള സിനിമയ്ക്ക് നല്ലകാലമാണ്. അടുപ്പിച്ച് നല്ല രണ്ടു സിനിമകളുടെ ഭാഗമായിരിക്കുകയാണ് നിവിന്‍ പോളി. എന്ത് തോന്നുന്നു?

ഒരുപാട് സന്തോഷം. സിനിമകള്‍ നന്നായിരിക്കണം, കഥാപാത്രം എല്ലാവരുടെയും മനസ്സില്‍ നില്‍ക്കണം. ഇത് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. 

ഒരുപാട് നല്ല പാട്ടുകള്‍ ഉള്‍പ്പെടുന്ന സിനിമകളുടെ ഭാഗമാണ് നിവിന്‍ പോളി. ഈ സിനിമയിലെ പാട്ടുകളും വളരെ നല്ലതാണ്...

നിവിന്‍: എനിക്ക് പാട്ടുകള്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടിറങ്ങിയാലും നല്ല പാട്ടുകള്‍ എല്ലാക്കാലവും മനസ്സില്‍ നില്‍ക്കും. ഈ സിനിമയില്‍ ഉടനീളം സംഗീതത്തിന് അത്രയും പ്രാധാന്യമുണ്ട്. 

കൊറോണക്കാലം ഈ സിനിമയില്‍ ഉള്‍പ്പെടുത്താനുണ്ടായ കാരണം...

ഡിജോ: ആ എലമെന്‍റ് ചേര്‍ക്കാതെതന്നെ വേണമെങ്കില്‍ നമ്മള്‍ക്ക് കഥ പറയാമായിരുന്നു. പക്ഷേ മലയാളിയുടെ ലൈഫില്‍ കൊറോണ ഒരു വലിയ ഇമ്പാക്ട് കൊടുത്തിട്ടുണ്ട്. മലയാളികള്‍ അവനവനെ തിരിച്ചറിഞ്ഞത് ആ സമയത്ത് ആയിരുന്നു. കൊറോണ നമ്മളെ ഒരുപാട് കാര്യങ്ങളാണ് പഠിപ്പിച്ചത്. അതൊക്കെക്കൊണ്ട് തന്നെ ആ ഒരു ഭാഗം ഉള്‍പ്പെടുത്തണമെന്ന് ഉണ്ടായിരുന്നു.
 


LATEST VIDEOS

Interviews