മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മാളികപ്പുറം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് താരത്തിന്റെ തഗ് ഡയലോഗ് ഇങ്ങനെയായിരുന്നു: ‘‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’’
പടം സൂപ്പർഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ‘‘എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി.’’– ഉണ്ണി മുകുന്ദൻ പറഞ്ഞു.
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യത ചിത്രമാണ് മാളികപ്പുറം. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’.
സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ്, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ്, ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.