'പ്രേമലു' എന്ന മലയാള സിനിമ തമിഴ്നാട്ടിലും, ആന്ധ്രയിലും, തെലുങ്കാനയിലും വൻ വിജയമായതോടെ ഈ ചിത്രത്തിൽ കഥാനായകിയായി അഭിനയിച്ച മമിതാ ബൈജുവിനെ തേടി നിറയെ അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് നായകനാകുന്ന 'റെബെൽ' എന്ന ചിത്രം മുഖേന തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മമിതാ ബൈജു. ഈ ചിത്രം ഈ മാസം 22-ന് റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് മമിതാ ബൈജുവിന് മറ്റൊരു തമിഴ് സിനിമയിൽ കൂടി അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. തമിഴിൽ 'മുണ്ടാസുപ്പട്ടി' 'രാക്ഷസൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രാംകുമാർ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിതാ ബൈജു നായകിയായി അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ 'രാക്ഷസൻ, ഈയിടെ പുറത്തുവന്ന 'ലാൽ സലാം' ഉൾപ്പെടെ നിറയെ സിനിമകളിൽ നായകനായി അഭിനയിച്ച വിഷ്ണു വിശാലാണ് നായകനായി അഭിനയിക്കുന്നത്. ഇത് വിഷ്ണു വിശാലിന്റെ 21-മത്തെ ചിത്രം എന്നതിനാൽ ചിത്രത്തിന് തൽക്കാലമായി VV-21 എന്നാണു പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രം കൂടാതെ മറ്റു ചില ചിത്രങ്ങളിൽ അഭിനയിക്കാനും മമിതാ ബൈജുവിന് അവസരങ്ങൾ വന്നിട്ടുണ്ടത്രെ! അത് സംബന്ധമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്.