'കോമാളി', 'ലവ് ടുഡേ' എന്നീ ചിത്രങ്ങൾ മുഖേന തമിഴ് സിനിമയിൽ പ്രശസ്തനായ സംവിധായകനും നടനുമാണ് പ്രതീപ് രംഗനാഥൻ. ഇദ്ദേഹത്തോടൊപ്പം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ 'പ്രേമലു' ഫെയിം മമിതാ ബൈജു കരാറിൽ ഒപ്പിട്ടതായുള്ള വാർത്ത ഇന്നലെ നൽകിയിരുന്നു. മമിതാ ബൈജു നായകിയായി അഭിനയിച്ച 'പ്രേമലു' തമിഴ്നാട്ടിലും, ആന്ധ്രയിലും, തെലുങ്കാനയിലും വൻ വിജയമായതിനെ തുടർന്ന് താരത്തിനെ തേടി നിറയെ സിനിമാ അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി താരത്തിന് തമിഴ് സിനിമയിലെ മറ്റൊരു ഹീറോയായ അഥർവക്കൊപ്പവും നായകിയായി അഭിനയിക്കാനുള്ള അവസരം വന്നിട്ടുണ്ട് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്യുന്ന 'ഡി.എൻ.എ' എന്ന ചിത്രത്തിലാണ് അഥർവ ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് അഥർവ അഭിനയിക്കാനിരിക്കുന്നത്. നവാഗതനായ ആകാശ് ഭാസ്‌കരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കഥാനായകിയാകാനാണ് മമിതാ ബൈജു കരാറിൽ ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അമേരിക്ക പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണത്രെ ചിത്രം!