'ജയം' രവി നായകനായ 'കോമാളി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് പ്രതീപ് രംഗനാഥൻ. സൂപ്പർഹിറ്റായ ഈ ചിത്രത്തിനെ തുടർന്ന് പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്തു, അതിൽ കഥാനായകനായും അഭിനയിച്ച ചിത്രമാണ് 'ലവ് ടുഡേ'. ഈ ചിത്രവും സൂപ്പർഹിറ്റായതിനെ തുടർന്ന് പ്രതീപ് രംഗനാഥന് സിനിമയിൽ നിറയെ അവസരങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ വിഗ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കോർപറേഷൻ (LIC)', അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങൾക്ക് ശേഷം പ്രദീപ് രംഗനാഥൻ തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'മൈത്രി മൂവി മേക്കേഴ്‌സ്' നിർമ്മിക്കുന്ന ഒരു ചിത്രത്തിലും അഭിനയിക്കാനിരിക്കുകയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ പ്രശസ്ത സംവിധായികയായ സുധ കൊങ്കരയുടെ അടുക്കൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച കീർത്തിശ്വരനാണ്. ഈ ചിത്രത്തിൽ പ്രതീപ് രംഗനാഥനൊപ്പം നായികയായി അഭിനയിക്കുന്നത് 'പ്രേമലു' ഫെയിം മമിതാ ബൈജുവാണത്രേ! ഇത് സംബന്ധമായ കരാറിൽ താരം ഒപ്പിട്ടു എന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ് 'റെബൽ' എന്ന തമിഴ് ചിത്രത്തിൽ മമിതാ ബൈജു അഭിനയിച്ചിട്ടുണ്ടെങ്കിലും 'പ്രേമലു' എന്ന ചിത്രം തമിഴ്നാട്ടിലും, ആന്ധ്രയിലും, തെലുങ്കാനയിലും വൻ വിജയമത്തിനെ തുടർന്ന് താരത്തിനെ തേടി നിറയെ സിനിമാ അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.